ഒളിംപിക്സിലെ ഇരട്ട മെഡല്‍, മനു ഭാക്കറിന് പുറകെ പ്രമുഖ ബ്രാന്‍ഡുകള്‍, പ്രതിഫലം ലക്ഷത്തില്‍ നിന്ന് കോടികളിലേക്ക്

Published : Aug 02, 2024, 02:56 PM ISTUpdated : Aug 02, 2024, 02:58 PM IST
ഒളിംപിക്സിലെ ഇരട്ട മെഡല്‍, മനു ഭാക്കറിന് പുറകെ പ്രമുഖ ബ്രാന്‍ഡുകള്‍, പ്രതിഫലം ലക്ഷത്തില്‍ നിന്ന് കോടികളിലേക്ക്

Synopsis

അതിനിടെ മനുവിന്‍റെ ഏജൻസി ഇപ്പോള്‍ തന്നെ കോടികളുടെ പരസ്യ കരാറുകള്‍ സ്വന്തമാക്കി കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

പാരീസ്: പാരീസ് ഒളിംപിക്സ് ഷൂട്ടിംഗില്‍ രണ്ട് വെങ്കലം നേടിയ ഇന്ത്യൻ യുവ ഷൂട്ടര്‍ മനു ഭാക്കറെ ബ്രാന്‍ഡ് അംബാസഡറാക്കാനായി  പ്രമുഖ സ്ഥാപനങ്ങള്‍. 10 മീറ്റര്‍ എയര്‍ പിസ്റ്റൾ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും വെങ്കലം നേടിയ മനു ഒരു ഒളിംപിക്സില്‍ രണ്ട് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യൻ താരമായി ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മനുവിനെ തങ്ങളുടെ ബ്രാന്‍ഡ് അംബാസഡറാക്കാനായി പ്രമുഖ‍ കമ്പനികള്‍ എത്തിയിരിക്കുന്നത്.

ഒളിംപിക് മെഡല്‍ നേട്ടത്തോടെ പരസ്യങ്ങള്‍ക്ക് ഈടാക്കുന്ന നിരക്കും മനു ഭാക്കര്‍ കുത്തനെ ഉയര്‍ത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഒളിംപിക്സ് മെഡല്‍ നേട്ടത്തിന് മുമ്പ് 20-25 ലക്ഷം രൂപയായിരുന്നു ഒരു ബ്രാന്‍ഡിന്‍റെ അംബാസഡറാവാന്‍ മനു ഭാക്കര്‍ പ്രതിഫലം ഈടാക്കിയിരുന്നത്. എന്നാല്‍ ഒളിംപിക് മെഡല്‍ നേട്ടത്തോടെ ഇത് കോടികളായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. മനു ഒളിംപിക്സില്‍ മൂന്നാം മെഡലിനായുള്ള പരിശ്രമത്തിലാണിപ്പോള്‍.

ഒളിംപിക്സ് ഷൂട്ടിംഗില്‍ വെള്ളിമെഡല്‍ വെടിവെച്ചിട്ട 'ജെയിംസ് ബോണ്ട്', ആരാണ് യൂസഫ് ഡിക്കെച്ച്

അതിനിടെ മനുവിന്‍റെ ഏജൻസി ഇപ്പോള്‍ തന്നെ കോടികളുടെ പരസ്യ കരാറുകള്‍ സ്വന്തമാക്കി കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. മനുവിനെ തങ്ങളുടെ ബ്രാന്‍ഡ് അംബാസഡറാക്കണമെന്ന ആവശ്യവുമായി ഏകദേശം നാല്‍പതോളം ബ്രാന്‍ഡുകളാണ് തങ്ങളെ സമീപിച്ചതെന്ന് മനുവിന്‍റെ ഏജന്‍റായ ഐഒഎസ് സ്പോര്‍ട്സ് ആന്‍ഡ് എന്‍റര്‍ടെയിന്‍മെന്‍റ് സിഇഒ നീരവ് ടൊമാര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഒളിംപിക് മെഡല്‍ നേട്ടത്തിത്തിനുശേഷം മനു ഭാക്കറുടെ ബ്രാന്‍ഡ് മൂല്യം അഞ്ചോ ആറോ ഇരട്ടിയായി ഉയര്‍ന്നുവെന്നും മുമ്പ് 20-25 ലക്ഷം രൂപ പരസ്യ കരാറുകള്‍ക്ക് മനുവിന് ലഭിച്ച സ്ഥാനത്ത് ഒരുവര്‍ഷത്തേക്ക് ഇപ്പോള്‍ 1-1.5 കോടി രൂപയാണ് ഈടാക്കുന്നതെന്നും ടൊമാര്‍ പ്രതികരിച്ചു.

ദീര്‍ഘകാല പരസ്യകരാറുകള്‍ക്കാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെങ്കിലും ഒരുവര്‍ഷ കരാറുള്ള ഏതാനും ഹൃസ്വകാല പരസ്യ കരാറുകളിലും ഏര്‍പ്പെടുമെന്നും ടൊമാര്‍ പറഞ്ഞു. ഒന്ന് മുതല്‍ മൂന്ന് മാസം വരെ കരാറുള്ള ഡിജിറ്റൽ പരസ്യ കരാറുകളും മനുവിനെ തേടിയെത്തുന്നുണ്ട്. എന്നാല്‍ ദീര്‍ഘകാല കരാറില്‍ ആണ് തങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതെന്നും ടൊമാര്‍ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് വിനേഷ് ഫോഗട്ട് വീണ്ടും ഗോദയിലേക്ക്, ലക്ഷ്യം 2028 ലോസാഞ്ചൽസ് ഒളിംപിക്സ്
രാജ്യാന്തര എന്‍ഫോഴ്‌സ്‌മെന്റ് എക്‌സ്‌ചേഞ്ച്: ഇന്ത്യന്‍ സംഘത്തില്‍ റോയ് വര്‍ഗീസും