ബഹ്റൈനിൽ നടന്ന സ്വകാര്യ കബഡി ടൂർണമെന്റിൽ ഇന്ത്യൻ ഫ്രാഞ്ചൈസിക്കായി കളിച്ച പാകിസ്ഥാൻ താരം ഉബൈദുള്ള രജ്പുതിന് പാകിസ്ഥാൻ കബഡി ഫെഡറേഷൻ അനിശ്ചിതകാല വിലക്കേർപ്പെടുത്തി. മ
ഇസ്ലാമാബാദ്: ഈ മാസം ആദ്യം ബഹ്റൈനില്‍ സ്വകാര്യ കബഡി ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ഫ്രാഞ്ചൈസിയെ പ്രതിനിധീകരിച്ചിതിന് പാകിസ്ഥാന്‍ ഉബൈദുള്ള രജ്പുതിന് അനിശ്ചിതകാല വിലക്ക് ഏര്‍പ്പെടുത്തി. പാകിസ്ഥാന്‍ കബഡി ഫെഡറേഷനാണ് (പികെഎഫ്) തീരുമാനമെടുത്തത്. നോ-ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) പ്രോട്ടോക്കോളുകള്‍ ലംഘിച്ചതായി ശനിയാഴ്ച നടന്ന അടിയന്തര യോഗത്തിലാണ് ഫെഡറേഷന്‍ വിലയിരുത്തി. പിന്നാലെയായിരുന്നു നടപടി. മത്സര വിജയത്തിന് ശേഷം ഉബൈദുള്ള ഇന്ത്യന്‍ പതാക വീശുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് സംഭവം ലോകമറിഞ്ഞത്.
ഫെഡറേഷനില്‍ നിന്നോ അധികാരികളില്‍ നിന്നോ ആവശ്യമായ എന്‍ഒസി തേടാതെയാണ് ഉബൈദുള്ള ടൂര്‍ണമെന്റില്‍ പങ്കെടുത്തതെന്ന് പികെഎഫ് അറിയിച്ചു. ടീമിനെ പ്രതിനിധീകരിക്കുന്നതിനിടെ ഉബൈദുള്ള പ്രവര്‍ത്തനങ്ങള്‍ നിയമലംഘനത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിച്ചതായി പികെഎഫ് സെക്രട്ടറി റാണ സര്‍വാര്‍ വിശദീകരിച്ചു.
റാണ സര്‍വാറുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു... ''ഉബൈദുള്ള ഞങ്ങളോട് ക്ഷമാപണം നടത്തിയിരുന്നു. തെറ്റിദ്ധാരണയുടെ പുറത്ത് സംഭവിച്ചതാണെന്നാണ് അദ്ദേഹം പറയുന്നത്. ഉബൈദുള്ള പ്രതിനിധീകരിക്കുന്നത് ഒരു ഇന്ത്യന്‍ ടീമിനെയാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. പക്ഷേ എന്‍ഒസി നിയമങ്ങള്‍ ലംഘിച്ചതിന് അദ്ദേഹം ഇപ്പോഴും കുറ്റക്കാരനാണ്.'' സര്‍വര്‍ പറഞ്ഞു. അച്ചടക്ക സമിതിക്ക് മുമ്പാകെ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കാന്‍ ഉബൈദുള്ളയ്ക്ക് അവകാശമുണ്ടെന്ന് സര്‍വര്‍ സ്ഥിരീകരിച്ചു.
ഉബൈദുള്ള തോളില്‍ ഇന്ത്യന്‍ പതാക ചുറ്റിപ്പിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് സംഭവം പെട്ടെന്ന് പുറത്തുവന്നതെന്ന് ഫെഡറേഷന്‍ ചൂണ്ടിക്കാട്ടി. എന്‍ഒസി ഇല്ലാതെ മത്സരത്തില്‍ പങ്കെടുത്ത മറ്റ് കളിക്കാരെയും വിലക്കുകളും പിഴകളും ഏല്‍പ്പിച്ചിട്ടുണ്ടെന്ന് സര്‍വാര്‍ കൂട്ടിച്ചേര്‍ത്തു.

