വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി

Published : Nov 27, 2025, 12:25 PM IST
Age Fraud

Synopsis

സംസ്ഥാന സ്കൂൾ ഒളിംപിക്‌സിൽ വ്യാജരേഖയുണ്ടാക്കി പ്രായത്തട്ടിപ്പ് നടത്തിയ കൂടുതൽ പേരെ കണ്ടെത്തി. തിരുനാവായ നാവാമുകുന്ദ സ്കൂളിലെ രണ്ട് കുട്ടികളെ കൂടി ദേശീയ മീറ്റിനുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി. സ്കൂളുകളെ വിലക്കിയേക്കും

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ ഒളിംപിക്‌സിൽ കൂടുതൽ പേർ പ്രായത്തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തൽ. തിരുനാവായ നാവാമുകുന്ദ സ്കൂളിലെ ഇതരസംസ്ഥാനക്കാരായ രണ്ട് കുട്ടികളെ കൂടി ദേശീയ മീറ്റിനുളള ക്യാമ്പിൽ നിന്ന് ഒഴിവാക്കി. ഇതുവരെ അഞ്ച് പേർ വ്യാജരേഖയിൽ മത്സരിച്ചെന്നാണ് കണ്ടെത്തിയത്. പ്രായത്തട്ടിപ്പ് നടത്തിയ സ്കൂളുകളെ മൂന്ന് വർഷത്തേക്ക് വിലക്കുന്നതടക്കം നടപടിയിലേക്ക് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് കടക്കുമെന്നാണ് വിവരം.

വ്യാജ ആധാർ രേഖയുണ്ടാക്കി, പ്രായത്തട്ടിപ്പ് നടത്തി സ്കൂൾ ഒളിംപിക്‌സിൽ മത്സരിച്ചവരുടെ എണ്ണം ചെറുതല്ലെന്നാണ് ഇതിലൂടെ തെളിയുന്നത്. മെഡൽ നേടിയ 21കാരി വ്യാജ ആധാർ രേഖയുണ്ടാക്കിയാണ് പുല്ലൂരാംപാറ സെന്‍റ് ജോസഫ്സ് സ്കൂളിൽ പ്രവേശനം നേടിയതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. അവിടെ തുടങ്ങിയ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിലാണ് പ്രായത്തട്ടിപ്പിന്‍റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. 

സബ് ജൂനിയർ വിഭാഗത്തിൽ ട്രാക്ക്, ത്രോ ഇനങ്ങളിൽ മെഡൽ നേടിയ രണ്ട് താരങ്ങളുടെ പ്രായം കൃത്യമല്ലെന്നാണ് ഒടുവിലെ കണ്ടെത്തൽ. മലപ്പുറം തിരുനാവായ നാവാമുകുന്ദ സ്കൂളിലെ നീരജ്, അഭയ് പ്രതാപ് എന്നിവരെ ദേശീയ മീറ്റിനുളള കേരള ക്യാമ്പിൽ നിന്ന് ഒഴിവാക്കി. ഇതേ സ്കൂളിലെ സീനിയർ വിഭാഗത്തിലെ പ്രേം ഓജയും പ്രായത്തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയിരുന്നു. 

സ്കൂൾ ഒളിംപിക്‌സിൽ മെഡൽ നേടിയ അഞ്ച് പേരാണ് പ്രായം തെറ്റായി കാണിച്ച് മത്സരിച്ചെന്ന് തെളിഞ്ഞതിലൂടെ ക്യാമ്പിൽ നിന്ന് പുറത്തായത്. ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ പരിശോധന പൂർത്തിയായാൽ എണ്ണം കൂടിയേക്കും. സ്കൂളുകളുടെ പോയിന്‍റ് വെട്ടിക്കുറയ്ക്കും. സമ്മാനത്തുക തിരിച്ചു വാങ്ങും. തട്ടിപ്പ് നടത്തിയ സ്കൂളുകളെ മൂന്ന് വർഷത്തേക്ക് വിലക്കുന്നതിനും വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നുണ്ട്.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രാജ്യാന്തര എന്‍ഫോഴ്‌സ്‌മെന്റ് എക്‌സ്‌ചേഞ്ച്: ഇന്ത്യന്‍ സംഘത്തില്‍ റോയ് വര്‍ഗീസും
ബാസ്കറ്റ് ബോള്‍ പരിശീലനത്തിനിടെ പോള്‍ ഒടിഞ്ഞുവീണ് ദേശീയ താരത്തിന് ദാരുണാന്ത്യം