കനല്‍ വഴികള്‍ താണ്ടി അമന്‍; പാരീസില്‍ കുറിച്ചത് മറ്റൊരു ഇന്ത്യൻ താരത്തിനുമില്ലാത്ത അപൂര്‍വ നേട്ടം

Published : Aug 10, 2024, 11:07 AM ISTUpdated : Aug 10, 2024, 11:08 AM IST
കനല്‍ വഴികള്‍ താണ്ടി അമന്‍; പാരീസില്‍ കുറിച്ചത് മറ്റൊരു ഇന്ത്യൻ താരത്തിനുമില്ലാത്ത അപൂര്‍വ നേട്ടം

Synopsis

പത്താം വയസിൽ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടതാണ് അമന്. പിന്നീട് മുത്തച്ഛന്‍റെ കൈപിടിച്ച് ദില്ലിയിലേക്ക്.

ദില്ലി:കനൽവഴികൾ താണ്ടിയാണ് അമൻ സെഹ്റാവത്ത് ഒളിംപിക് മെഡലണിഞ്ഞത്. ഇതോടെ തുടർച്ചയായ അഞ്ചാം ഒളിംപിക്സിലും ഗോദയിൽ ഇന്ത്യക്ക് മെഡൽ തുടർച്ച നൽകാനും അമന് കഴിഞ്ഞു. അമൻ സെഹ്റാവത്ത്,  ഈ പേര് ഇനി എഴുതി വയ്ക്കാം, ഒളിംപിക് പുസ്തകങ്ങളിൽ മാത്രമല്ല. ഇന്ത്യയുടെ ഗുസ്തി ഇതിഹാസങ്ങളുടെ പട്ടികയിലും. ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ഒളിംപിക് മെഡൽ ജേതാവാണിപ്പോള്‍ ഈ 21കാരൻ. ഗോദയിൽ നിന്ന് മെഡലില്ലാതെ കടന്നു പോകുമായിരുന്ന ഒളിംപിക്സിൽ ഇന്ത്യയുടെ പ്രതീക്ഷ കാത്തവൻ. പാരിസിൽ ഗുസ്തിയിലിറങ്ങിയ ഏക ഇന്ത്യൻ ആണ്‍തരി.

പത്താം വയസിൽ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടതാണ് അമന്. പിന്നീട് മുത്തച്ഛന്‍റെ കൈപിടിച്ച് ദില്ലിയിലേക്ക്. ഇന്ത്യൻ ഗുസ്തിയുടെ കളിതൊട്ടിലായ ഛത്രസാലിൽ തുടക്കം. സുശീൽ കുമാറും, രവി ദഹിയയും, ബജ്രങ് പൂനിയയും വളർന്ന അതേ ഗോദയിൽ. പടി പടിയായുളള വളർച്ച. അണ്ട‍ർ 23 ലോക ചാമ്പ്യനായി വരവറിയിച്ചു. മുൻപേ നടന്നവർക്കൊന്നും എത്താനാകാത്ത ഉയരമായിരുന്നത്. ഏഷ്യൻ ഗെയിംസ് വെങ്കലത്തോടെ സീനിയർ തലത്തിലേക്കുളള ചുവടുവയ്പ്പ്, ഒടുവിലിതാ പാരീസില്‍ ഇന്ത്യയുടെ അഭിമാനമായി ഒളിംപിക്സ് വെങ്കലവും. കഴിഞ്ഞ മാസം 16നാണ് അമന്‍ തന്‍റെ 21-ാം ജന്‍മദിനം ആഘോഷിച്ചത്. 21 വയസും ഒരു മാസവും 14 ദിവസവും പ്രായമുള്ളപ്പോള്‍ 2016ലെ റിയോ ഒളിംപിക്സില്‍ ബാഡ്മിന്‍റണ്‍ വെങ്കലം നേടിയ പി വി സിന്ധുവിന്‍റെ പേരിലുള്ള ഇന്ത്യയുടെ പ്രായം കുറഞ്ഞ ഒളിംപിക് ചാമ്പ്യനെന്ന റെക്കോര്‍ഡാണ് അമാന്‍ ഇന്നലെ സ്വന്തമാക്കിയത്.

ബ്രേക്ക് ഡാന്‍സിൽ ആദ്യ ജയം സ്വന്തമാക്കി ചരിത്രം കുറിച്ച് നെതർലന്‍ഡ്സിന്‍റെ 'ഇന്ത്യ'; മടക്കം നാലാം സ്ഥാനവുമായി

ഛത്രസാലിലെ മുറിയിൽ അമൻ സെഹ്റാവത്ത് ഇങ്ങനെ കുറിച്ചിരുന്നു, അത്രമേല്‍ എളുപ്പമായിരുന്നെങ്കില്‍ അതെല്ലാവരും നേടുമായിരുന്നല്ലോ എന്ന്. ഒളിംപിക്സ് സ്വർണം നേടുക അത്ര എളുപ്പമെങ്കിൽ അത് എല്ലാവരും നേടിയെനെയെന്ന് അമന്‍റെ മനസ് പറയുന്നുണ്ട്. പാരിസിൽ മെഡലണിയുമ്പോൾ ആ നിർവികാരതയായിരുന്നു അമന്‍റെ മുഖത്ത്. അയാളുടെ ലക്ഷ്യം ഇവിടെ അവസാനിക്കുന്നില്ലെന്ന പ്രഖ്യാപനം കൂടി ആ മുഖത്തു നിന്ന് വായിച്ചെടുക്കാം. 2028ല്‍ ലൊസാഞ്ചല്‍സില്‍ സ്വര്‍ണത്തിനായി ശ്രമിക്കുമെന്നും 2032ലും മെഡല്‍ നേടി സുശീല്‍ കുമാറിന്‍റെ റെക്കോര്‍ഡ് തകര്‍ക്കുമെന്നും അമന്‍ പറയുന്നു. നാലു വര്‍ഷങ്ങള്‍ക്കുശേഷം ലോസാഞ്ചല്‍സില്‍ ഇന്ത്യയുട ഉറച്ച സ്വര്‍ണപ്രതീക്ഷയായി അമനുമുണ്ടാകുമെന്ന് നമുക്ക് ആ വാക്കുകളില്‍ പ്രതീക്ഷ വെക്കാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

രാജ്യാന്തര എന്‍ഫോഴ്‌സ്‌മെന്റ് എക്‌സ്‌ചേഞ്ച്: ഇന്ത്യന്‍ സംഘത്തില്‍ റോയ് വര്‍ഗീസും
വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി