ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഒതുങ്ങുന്നില്ല; ജോക്കോവിച്ചിനെ തേടി മറ്റൊരു നേട്ടം കൂടി

By Web TeamFirst Published Feb 3, 2020, 12:07 PM IST
Highlights

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേട്ടത്തിന് പിന്നാലെ ഒന്നാം റാങ്ക് തിരിച്ചുപിടിച്ചു. സ്പാനിഷ് താരം റാഫേല്‍ നദാലിനെ പിന്തള്ളിയാണ് ജോക്കോവിച്ച് ഒന്നാമതെത്തിയത്. 9720 പോയിന്റാണ് ജോക്കോവിച്ചിനുള്ളത്.

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേട്ടത്തിന് പിന്നാലെ ഒന്നാം റാങ്ക് തിരിച്ചുപിടിച്ചു. സ്പാനിഷ് താരം റാഫേല്‍ നദാലിനെ പിന്തള്ളിയാണ് ജോക്കോവിച്ച് ഒന്നാമതെത്തിയത്. 9720 പോയിന്റാണ് ജോക്കോവിച്ചിനുള്ളത്. ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ക്വാര്‍ട്ടറില്‍ പുറത്തായ നാദിലിന് 9395 പോയിന്റാണുള്ളത്. സെമിയില്‍ ജോക്കോവിച്ചിനോട് തോറ്റ് പുറത്തായ മുന്‍ ചാംപ്യന്‍ റോജര്‍ ഫെഡറര്‍ 7130 പോയിന്റുമായി മൂന്നാമതാണ്. ഫൈനലില്‍ പരാജയപ്പെട്ട ഡൊമിനിക് തീം ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തെത്തി. റഷ്യന്‍ താരം ഡാനില്‍ മെദ്‌വദേവിനെയാണ് പിന്തള്ളിയത്. 

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കിരീടം നിലനിര്‍ത്തിയതോടെയാണ് ജോക്കോവിച്ച് ഒന്നാം റാങ്ക് ഉറപ്പിച്ചത്. കഴിഞ്ഞ വര്‍ഷത്തെ 2000 റാങ്കിംഗ് പോയിന്റ് നിലനിര്‍ത്താന്‍ ജോക്കോവിച്ചിന് കഴിഞ്ഞപ്പോള്‍ കഴിഞ്ഞയാഴ്ച വരെ ഒന്നാം റാങ്കിലായിരുന്ന നദാലിന് ക്വാര്‍ട്ടറിലെ തോല്‍വി തിരിച്ചടിയായി. ലോക ഒന്നാം നമ്പര്‍ പദവിയില്‍ ജോക്കോവിച്ചിന്റെ 276ആം ആഴ്ചയാണിത്. 310 ആഴ്ച ലോക ഒന്നാം നമ്പര്‍ പദവിയില്‍ നിന്ന റോജര്‍ ഫെഡററിന്റെ റെക്കോര്‍ഡാണ് സെര്‍ബിയന്‍ താരം ലക്ഷ്യമിടുന്നത്. 

കഴിഞ്ഞ നവംബറിലാണ് ജോക്കോവിച്ചിനെ പിന്തള്ളി നദാല്‍ ഒന്നാം റാങ്കിലെത്തിയത്. മാര്‍ച്ചിലെ രണ്ട് എടിപി ടൂര്‍ണമെന്റിലും അധികം പോയിന്റുകള്‍ പ്രതിരോധിക്കാനില്ലാത്തത് ജോക്കോവിച്ചിന് നേട്ടമായേക്കും. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജയിച്ച വനിത താരം സോഫിയ കെനിന്‍ എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഏഴാമതെത്തി. അഷ്‌ലി ബാര്‍ട്ടിയാണ് ഒന്നാം സ്ഥാനത്ത്.

click me!