
ധാക്ക: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്‍റിലെ(Asian Champions Trophy Hockey) നിര്‍ണായക പോരാട്ടത്തില്‍ പാക്കിസ്ഥാനെ(India vs Pakistan) ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ സെമി ഉറപ്പിച്ചു. രണ്ട് ഗോള്‍ നേടിയ ഹര്‍മപ്‍പ്രീത് സിംഗിന്‍റെ(Harmanpreet Singh) മികവിലാണ് ഇന്ത്യയുടെ മുന്നേറ്റം. ആകാശ് ദീപ് സിംഗാണ്(Akashdeep Singh) ഇന്ത്യയുടെ മൂന്നാം ഗോള്‍ നേടിയത്. ജുനൈദ് മന്‍സൂര്‍(Junaid Manzoor) പാക്കിസ്ഥാന്‍റെ ആശ്വാസ ഗോള്‍ നേടി. ഞായറാഴ്ച നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ ജപ്പാനോട് തോറ്റാലും ഇന്ത്യക്ക് സെമി കളിക്കാനാവും.
ആദ്യ ക്വാര്‍ട്ടറിന്‍റെ എട്ടാം മിനിറ്റില്‍ തന്നെ ഇന്ത്യ മുന്നിലെത്തി. പെനല്‍റ്റി കോര്‍ണറില്‍ നിന്നായിരുന്നു ഇന്ത്യയുടെ ഗോള്‍ പിറന്നത്. തുടര്‍ന്ന് ആദ്യ ക്വാര്‍ട്ടറില്‍ ഏത് നിമിഷവും ഇന്ത്യ ഗോള്‍ നേടുമെന്ന് തോന്നിച്ചു. പന്ത്രണ്ടാം മിനിറ്റില്‍ ഇന്ത്യ രണ്ടാം ഗോളിന് അടുത്തെത്തിയെങ്കിലും പാക് ഗോള്‍ കീപ്പര്‍ രക്ഷകനായി.
രണ്ടാം ക്വാര്‍ട്ടറില്‍ പാക്കിസ്ഥാന്‍ ചെറിയ ആക്രമണങ്ങളിലൂടെ ഇന്ത്യന്‍ പ്രതിരോധത്തിന് തലവേദനയുണ്ടാക്കിയെങ്കിലും അതൊന്നും ഗോളായി മാറിയില്ല. 23-ാം മിനിറ്റില്‍ ഇന്ത്യയുടെ നീലമിനും സഞ്ജീവിനും രണ്ട് മിനിറ്റ് സസ്പെന്‍ഷന്‍ കിട്ടിയതും പാക്കിസ്ഥാന് മുതലെടുക്കാനായില്ല. രണ്ടാം ക്വാര്‍ട്ടറില്‍ ഇരു ടീമുകളും ഗോളടിക്കാതിരുന്നതോടെ സ്കോര്‍ നില 1-0ല്‍ തുടര്‍ന്നു.
മൂന്നാം ക്വാര്‍ട്ടറിലും കൂടുതല്‍ ആക്രമണങ്ങള്‍ നടത്തിയത് ഇന്ത്യയായിരുന്നു. 41-ാം മിനിറ്റില്‍ ഹമാദ്ദുദ്ദീന് ഗ്രീന്‍ കാര്‍ഡ് കിട്ടിയതോടെ പാക്കിസ്ഥാന്‍ 10 പേരായി ചുരുങ്ങി. അവസരം മുതലെടുത്ത ഇന്ത്യ ലക്രയുടെ മികച്ച പാസില്‍ നിന്ന് ആകാശ് ദീപ് സിംഗിലൂടെ ഗോള്‍ നേടി 2-0ന്‍റെ ലീഡെടുത്തു. എന്നാല്‍ മൂന്നാം ക്വാര്‍ട്ടറിന്‍റെ അവസാന നിമിഷം പാക്കിസ്ഥാന്‍ ഒരു ഗോള്‍ തിരിച്ചടിടച്ചതോടെ മത്സരം ആവേശകരമായി. 45-ാം മിനിറ്റില്‍ ജുനൈദ് മന്‍സൂറായിരുന്നു പാക്കിസ്ഥാന് പ്രതീക്ഷ നല്‍കി ഒരു ഗോള്‍ മടക്കിത്.
അവസാന ക്വാര്‍ട്ടറില്‍ സമനില ഗോളിനായി പാക്കിസ്ഥാന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ഇന്ത്യന്‍ പ്രതിരോധം വഴങ്ങിയില്ല. 47-ാം മിനിറ്റല്‍ പാക്കിസ്ഥാന് അനുകൂലമായി ലഭിച്ച പെനല്‍റ്റി കോര്‍ണര്‍ റഫറലിലൂടെ ഇന്ത്യ ഒഴിവാക്കി. രണ്ട് മിനിറ്റിനകം ആകാശ്ദീപ് സിംഗിന് സുവര്‍ണാസരം ലഭിച്ചെങ്കിലും നഷ്ടമായി. 52-ാം മിനിറ്റില്‍ ഇന്ത്യ പെനല്‍റ്റി കോര്‍ണര്‍ വഴങ്ങിയെങ്കിലും ഗോള്‍ വഴങ്ങാതെ പിടിച്ചു നിന്നു.
സമനില ഗോളിനായി പാക്കിസ്ഥാന്‍ കിണഞ്ഞു ശ്രമിക്കുന്നതിനിടെ 53-ാം മിനിറ്റില്‍ പെനല്‍റ്റി കോര്‍ണറില്‍ നിന്ന് ഹര്‍മന്‍പ്രീത് ഇന്ത്യയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി മൂന്നാം ഗോള്‍ നേടിയതോടെ വിജയവും ഇന്ത്യക്കൊപ്പം പോന്നു.
ജയത്തോടെ മൂന്ന് കളികളില്‍ ഏഴ് പോയന്‍റുമായി ഇന്ത്യ ഗ്രൂപ്പില്‍ ഒന്നാം സ്ഛഥാനത്താണ്. ആദ്യ മത്സരത്തില്‍ ദക്ഷിണ കൊറിയയോട് സമനില വഴങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ 9-0ന് തകര്‍ത്തിരുന്നു. റൗണ്ട് റോബിന്‍ ലീഗില്‍ ഞായറാഴ്ച നടക്കുന്ന അവസാന മത്സരത്തില്‍ ജപ്പാനാണ് ഇന്ത്യയുടെ എതിരാളികള്‍. തോല്‍വിയോടെ പാക്കിസ്ഥാന്‍ ഗ്രൂപ്പില്‍ നാലാം സ്ഥാനത്തായി.
2018ല്‍ മസ്കറ്റില്‍ വെച്ചു നടന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയും പാക്കിസ്ഥാനുമായിരുന്നു ഏറ്റുമുട്ടേണ്ടിയിരുന്നത്. എന്നാല്‍ മോശം കാലാവസ്ഥമൂലം മത്സരം ഉപേക്ഷിച്ചപ്പോള്‍ ഇന്ത്യയെയും പാക്കിസ്ഥാനെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു.