
ഐച്ചി-നാഗോയ: ജപ്പാനിൽ നടക്കുന്ന ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യക്ക് വൻ നാണക്കേട്. ലൈംഗികതിക്രമ പരാതിയെ തുടർന്ന് ഇന്ത്യൻ പാരാ നീന്തൽ താരം മുഹമ്മദ് ഷംസ് ആലം ഷെയ്ഖിനെ ജപ്പാനിൽ നിന്ന് തിരിച്ചയച്ചു. സംഭവത്തിൽ താരത്തിനെതിരെ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള കടുത്ത അച്ചടക്ക നടപടികൾക്ക് ഒരുങ്ങുകയാണ് പാരാലിംപിക് കമ്മിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി.
താരങ്ങൾ താമസിച്ചിരുന്ന ഫൂർ പോയിന്‍റ്സ് ബൈ ഷെറാട്ടൺ ഹോട്ടലിലെ നേപ്പാൾ വംശജയായ ഹൗസ് കീപ്പിംഗ് ജീവനക്കാരിയോട് മോശമായി പെരുമാറുകയും ലൈംഗികതിക്രമത്തിന് ശ്രമിക്കുകയും ചെയ്തു എന്നാണ് പരാതി. മുറിയിൽ നിന്ന് രക്ഷപ്പെട്ട ജീവനക്കാരി ഉടൻ തന്നെ ഹോട്ടൽ മാനേജരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ജാപ്പനീസ് പോലീസെത്തി ഷംസ് ആലത്തെയും ഇന്ത്യൻ പ്രതിനിധികളെയും ചോദ്യം ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് തൊട്ടുമുമ്പാണ് താരത്തെ ഗെയിംസിൽ നിന്ന് പുറത്താക്കി ഇന്ത്യയിലേക്ക് തിരിച്ചയച്ചത്.
ഇന്ത്യയിൽ തിരിച്ചെത്തുന്ന ഷംസ് ആലത്തെ നേരിട്ട് കേട്ടതിനു ശേഷം ഔദ്യോഗികമായി ആജീവനാന്ത വിലക്ക് പ്രഖ്യാപിക്കുമെന്ന് പാരാലിമ്പിക് കമ്മിറ്റി ഓഫ് ഇന്ത്യ (പിസിഐ) വ്യക്തമാക്കി. ഇത്തരം സംഭവങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നയമാണ് സംഘടന സ്വീകരിക്കുന്നതെന്നും, സ്പോർട്സ്മാൻഷിപ്പും അച്ചടക്കവും കാത്തുസൂക്ഷിക്കാൻ എല്ലാ കായികതാരങ്ങൾക്കും കർശന നിർദ്ദേശം നൽകിയിരുന്നതായും ഇന്ത്യൻ സംഘത്തിന്‍റെ ചീഫ് ഡി മിഷൻ അറിയിച്ചു.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
പുരുഷന്മാരുടെ 100 മീറ്റർ ബട്ടർഫ്ലൈ (എസ് 5), 50 മീറ്റർ ബ്രസ്റ്റ്സ്ട്രോക്ക് (എസ് ബി 4) വിഭാഗങ്ങളിൽ മുൻ ലോക ഒന്നാം നമ്പർ താരമാണ് മുഹമ്മദ് ഷംസ് ആലം ഷെയ്ഖ്. ഏതാനും ആഴ്ചകൾക്ക് മുമ്പ് ഏഷ്യൻ ഗെയിംസിനിടെ ഇന്ത്യൻ ഹോക്കി ഫെഡറേഷൻ ജീവനക്കാരനെ സമാനമായ പെരുമാറ്റദൂഷ്യത്തിന് തിരിച്ചയച്ചിരുന്നു. ഇതിനു പിന്നാലെയുണ്ടായ ഈ സംഭവം രാജ്യാന്തര തലത്തിൽ ഇന്ത്യൻ കായിക രംഗത്തിന് വലിയ തിരിച്ചടിയായിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക