'ബ്രിജ് ഭൂഷനെതിരായ അന്വേഷണം അട്ടിമറിക്കാൻ ശ്രമം'; കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറിനെതിരെ ഗുസ്തി താരങ്ങൾ

By Web TeamFirst Published May 3, 2023, 9:48 AM IST
Highlights

പരാതിയെ കുറിച്ചന്വേഷിക്കാൻ സമിതി രൂപീകരിച്ചത് ഗൂഢോദ്ദേശ്യത്തോടെയെന്നും ഗുസ്തി താരങ്ങൾ ആരോപിച്ചു. 

ദില്ലി : കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറിനെതിരെ ഗുസ്തി താരങ്ങൾ. ബ്രിജ് ഭൂഷനെതിരെ നൽകിയ പരാതിയിന്മേലുള്ള അന്വേഷണം അട്ടിമറിക്കാൻ മന്ത്രി ശ്രമിക്കുന്നുവെന്നാണ് ആരോപണം. പരാതിയെ കുറിച്ചന്വേഷിക്കാൻ സമിതി രൂപീകരിച്ചത് ഗൂഢോദ്ദേശ്യത്തോടെയെന്നും ഗുസ്തി താരങ്ങൾ ആരോപിച്ചു. 

അതേസമയം ബ്രിജ് ഭൂഷണെതിരായ കേസിൽ ദില്ലി പൊലീസ് ഇതുവരെയും പരാതിക്കാരുടെ മൊഴി എടുത്തിട്ടില്ല. ഭൂഷൺ പരസ്യമായി വെല്ലുവിളിയും ഭീഷണിയും മുഴക്കുന്നുവെന്നാണ് താരങ്ങൾ പറയുന്നത്. ലൈംഗിക പീഡന പരാതി ആദ്യമെന്ന ഭൂഷന്റെ വാദവും താരങ്ങൾ തള്ളി. 2012 ൽ ലക്നൗ ക്യാമ്പിലെ അതിക്രമ പരാതി പൊലീസ്  അവഗണിച്ചെന്നും പ്രതിഷേധിക്കുന്ന താരങ്ങൾ പറഞ്ഞു. 

ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ്ഭൂഷണിനെതിരെ ഗുസ്തി താരങ്ങൾ നടത്തുന്ന രാപ്പകൽ സമരം പതിനൊന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ വനിതാ ഗുസ്തി താരങ്ങൾ നൽകിയ പരാതിയിൽ  ദില്ലി പോലീസ് കേസെടുത്തെങ്കിലും ഇതുവരെ ബ്രിജ് ഭൂഷണെ ചോദ്യം ചെയ്തിട്ടില്ല. ഇയാളെ അറസ്റ്റ് ചെയ്യാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് താരങ്ങൾ. താരങ്ങൾക്ക് പിന്തുണ അറിയിച്ച് കർഷക നേതാവ് രാകേഷ് ടിക്കായത്ത് ജന്തർ മന്തറിൽ   എത്തിയിരുന്നു. സംയുക്ത കിസാൻ മോർച്ച താരങ്ങൾക്ക് ഐക്യദാർഢ്യം അറിയിച്ചു രാജ്യവ്യാപക പ്രതിഷേധം നടത്തും. അതേസമയം  സമരം ചെയ്യുന്ന താരങ്ങൾക്ക് പണം ലഭിക്കുന്നുണ്ടെന്ന് ഉൾപ്പെടെയുള്ള വാദങ്ങൾ ഉന്നയിച്ച്  ആരോപണങ്ങളെ പ്രതിരോധിക്കാനാണ്  ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷന്റെ ശ്രമം.

Read More : ആതിരയുടെ മരണം: അരുണിന്റെ ഫോൺ ഓഫായത് കോയമ്പത്തൂരിൽ വെച്ച്, സുഹൃത്തുക്കളുടെയടക്കം വീടുകളിൽ തിരച്ചിൽ

click me!