Australian Open 2022 : ഓസ്ട്രേലിയന്‍ ഓപ്പൺ പുരുഷ ഫൈനല്‍ ഇന്ന്; മെദ്‍‍വദേവിനെ വീഴ്‌ത്തി ചരിത്രമെഴുതാന്‍ നദാല്‍

Published : Jan 30, 2022, 10:13 AM ISTUpdated : Jan 30, 2022, 10:18 AM IST
Australian Open 2022 : ഓസ്ട്രേലിയന്‍ ഓപ്പൺ പുരുഷ ഫൈനല്‍ ഇന്ന്; മെദ്‍‍വദേവിനെ വീഴ്‌ത്തി ചരിത്രമെഴുതാന്‍ നദാല്‍

Synopsis

21-ാം ഗ്രാന്‍ഡ്സ്ലാമില്‍ മുത്തമിടാന്‍ സ്‌പാനിഷ് ഇതിഹാസം റാഫേല്‍ നദാല്‍. ദാനില്‍ മെദ്‍‍വദേവിന് മുന്നില്‍ വ്യക്തിഗത നേട്ടം. 

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പൺ (Australian Open 2022) ടെന്നിസ് പുരുഷ ചാമ്പ്യനെ ഇന്നറിയാം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2 മണിക്ക് തുടങ്ങുന്ന ഫൈനലില്‍ റഷ്യന്‍ താരം ദാനില്‍ മെദ്‍‍വദേവും (Daniil Medvedev) സ്‌പാനിഷ് ഇതിഹാസം റാഫേല്‍ നദാലും (Rafael Nadal) ഏറ്റുമുട്ടും. മെദ്‍‍വദേവ് രണ്ടാം സീഡും നദാല്‍ ആറാം സീഡുമാണ്. 21-ാം ഗ്രാന്‍ഡ്സ്ലാം (21st Grand Slam) കിരീടത്തിലൂടെ ചരിത്രനേട്ടത്തിലെത്താനാണ് നദാലിന്‍റെ ശ്രമം. ഇരുവരും ഇതിന് മുന്‍പ് ഏറ്റുമുട്ടിയ നാല് മത്സരങ്ങളില്‍ മൂന്നിലും നദാല്‍ ആണ് ജയിച്ചത്. 

മെദ്‍‍വദേവിന് തീപ്പോര്

ഫൈനലിലേക്ക് വരുമ്പോള്‍ ഇരുതാരങ്ങളുടെയും മുന്നിലെ ലക്ഷ്യങ്ങള്‍ എന്താണെന്ന് വിശദമായി നോക്കാം. തുടര്‍ച്ചയായി രണ്ട് ഗ്രാന്‍ഡ്‌സ്ലാമുകളില്‍ നിന്ന് കരിയറിലെ ആദ്യ രണ്ട് മേജര്‍ ട്രോഫി നേടുകയാണ് മെദ്‍‍വദേവിന്‍റെ ലക്ഷ്യം. കഴിഞ്ഞ വര്‍ഷത്തെ അവസാന സ്ലാമായ യുഎസ് ഓപ്പണിൽ മെദ്‍‍വദേവ് ചാമ്പ്യനായിരുന്നു. അന്ന് കലണ്ടര്‍‌സ്ലാം ലക്ഷ്യമിട്ടിറങ്ങിയ നൊവാക് ജോക്കോവിച്ചിനെ തടയാന്‍ മെദ്‍‍വദേവിന് കഴിഞ്ഞു.

നദാലിനെതിരെ അവസാനം കളിച്ച എടിപി ഫൈനല്‍സ് മത്സരത്തിൽ 2020ല്‍ ഹാര്‍ഡ് കോര്‍ട്ടിൽ ജയിച്ചതും മെദ്‍‍വദേവിന് ആത്മവിശ്വാസം നൽകും. അവസാന മൂന്ന് മത്സരങ്ങളിലായി 13 സെറ്റ് കളിച്ചു, ക്വാര്‍ട്ടറില്‍ രണ്ട് സെറ്റ് പിന്നിട്ടുനിന്ന ശേഷം തിരിച്ചുവന്നു. 

ചരിത്രമെഴുതാന്‍ നദാല്‍

ഏറ്റവും കൂടുതൽ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയ പുരുഷ ടെന്നിസ് താരമാകാന്‍ ആണ് റാഫേല്‍ നദാല്‍ ഇന്നിറങ്ങുന്നത്. നിലവില്‍ റോജര്‍ ഫെഡറര്‍, നൊവാക് ജോക്കോവിച്ച് എന്നിവര്‍ക്കൊപ്പം 20 കിരീടങ്ങളുമായി റെക്കോര്‍ഡ് പങ്കിടുകയാണ് നദാല്‍. നദാലിന്‍റെ സ്ട്രൈക്ക് റേറ്റ് നോക്കിയാൽ താരതമ്യേന മോശമായ കണക്ക് ഓസ്ട്രേലിയന്‍ ഓപ്പണിൽ ആണെന്ന് പറയേണ്ടിവരും. ഓസ്ട്രേലിയന്‍ ഓപ്പണിലെ ആറാം ഫൈനല്‍ ആണ് നദാല്‍ കളിക്കുന്നത്. ഇതിൽ ഒന്നിൽ മാത്രമാണ് നദാല്‍ ജയിച്ചത്. 2009ലെ ഫൈനലില്‍ റോജര്‍ ഫെഡററെ തോൽപ്പിച്ച് കിരീടം നേടി. 

നാല് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളും രണ്ട് തവണയെങ്കിലും സ്വന്തമാക്കിയ രണ്ടാമത്തെ പുരുഷ താരമാവുക എന്ന നേട്ടവും നദാല്‍ ലക്ഷ്യമിടുന്നു. നിലവില്‍ നൊവാക് ജോക്കോവിച്ച് മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ഫ്രഞ്ച് ഓപ്പണില്‍ പതിമൂന്നും യുഎസ് ഓപ്പണിൽ നാലും വിംബിള്‍ഡണിൽ രണ്ടും കിരീടം വീതം നദാല്‍ ഇതുവരെ നേടിയിട്ടുണ്ട്. 

Ash Barty wins Australian Open 2022 : ചരിത്രം കുറിച്ച് ആഷ്‍‍ലി ബാര്‍ട്ടി; ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കിരീടം
 

PREV
click me!

Recommended Stories

വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി
ബാസ്കറ്റ് ബോള്‍ പരിശീലനത്തിനിടെ പോള്‍ ഒടിഞ്ഞുവീണ് ദേശീയ താരത്തിന് ദാരുണാന്ത്യം