ലോവ്ലിന ബോര്‍ഗോഹെയ്‌നിന്റെ പ്രതിഷേധം ഫലം കണ്ടു; വിശദീരണവുമായി ബോക്‌സിംഗ് ഫെഡറേഷന്‍

By Web TeamFirst Published Jul 26, 2022, 1:39 PM IST
Highlights

ഇതിന് വിശദീകരണം നല്‍കിയിരിക്കുകയാണിപ്പോള്‍ ബോക്‌സിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ. പരിശീലകയ്ക്ക് ഡെലിഗേറ്റ് യാത്രയും ഹോട്ടലില്‍ താമസവും ഒരുക്കിയതായി അറിയിച്ച് ബിഎഫ്ഐ രംഗത്തെത്തി.

മുംബൈ: ബോക്‌സിംഗ് ഫെഡറേഷനെതിരെ (BFI) കടുത്ത ആരോപണങ്ങളുന്നയിച്ച ടോക്കിയോ ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവ് ലോവ്ലിന ബോര്‍ഗോഹെയ്‌ന് (Lovlina Borgohain) ഫെഡറേഷന്റെ മറുപടി. ബോക്‌സിംഗ് ഫെഡറേഷന്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് അസമില്‍ നിന്ന് ഒളിംപിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യ വനിതാ താരമായ ബോര്‍ഗോഹെയ്ന്‍ പറഞ്ഞിരുന്നു. താനിപ്പോള്‍ കടുത്ത ദു:ഖത്തിലാണെന്നും ബോക്‌സിംഗ് ഫെഡറേഷന്‍ തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും ബോര്‍ഗോഹെയ്ന്‍ ട്വിറ്ററില്‍ കുറിച്ചിട്ടിരുന്നു.

ഇതിന് വിശദീകരണം നല്‍കിയിരിക്കുകയാണിപ്പോള്‍ ബോക്‌സിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ. പരിശീലകയ്ക്ക് ഡെലിഗേറ്റ് യാത്രയും ഹോട്ടലില്‍ താമസവും ഒരുക്കിയതായി അറിയിച്ച് ബിഎഫ്ഐ രംഗത്തെത്തി. ലോവ്ലിനയുടെ കോച്ച് സന്ധ്യ ഗുരുങ് പരിശീലക ക്യാംപില്‍ ഉണ്ടായിരുന്നുവെന്ന് ഉറപ്പുവരുത്തിയതായി ബിഎഫ്‌ഐ വ്യക്തമാക്കി. ''ഇക്കാര്യം ഇന്ത്യന്‍ ഒളിപിംക് അസോസിയേഷനുമായി ചര്‍ച്ച ചെയ്തിരുന്നു. അതുകൊണ്ടുതന്നെ അവര്‍ക്ക് ഇന്ത്യന്‍ സംഘത്തിന്റെ ഭാഗമാകാന്‍ സാധിക്കും.'' ബിഎഫ്ഐ പ്രസ്താവനയില്‍ വ്യക്തമാക്കി.

കോമണ്‍വെല്‍ത്ത് ഗെയിംസ്, ഇന്ത്യക്ക് കനത്ത തിരിച്ചടി, നീരജ് ചോപ്ര മത്സരിക്കില്ല

ടീമിന്റെ 33 ശതമാനം സപ്പോര്‍ട്ട് സ്റ്റാഫിനെ ഉള്‍പ്പെടുത്താനേ അനുവാദമുള്ളൂവെന്നും ബിഎഫ്‌ഐ വിശദീകരണത്തില്‍ പറയുന്നുണ്ട്. ഫെഡറേഷന്റെ നടപടികള്‍ മൂലം എനിക്ക് പരിശീലന ക്യാംപില്‍ ഇപ്പോള്‍ നിരവധി പ്രശ്‌നങ്ങളാണ് നേരിടേണ്ടിവരുന്നുണ്ടന്നും ലോവ്‌ലിന ആരോപിച്ചിരുന്നു. ''അതുവഴി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് ഞാന്‍. ഇപ്പോള്‍ എന്റെ പരിശീലകനായ സന്ധ്യാ ഗുരുങ്ജിയെ കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജിന് പുറത്താണ് താമസിപ്പിച്ചിരിക്കുന്നത്. അവരെ വില്ലേജില്‍ താമസിപ്പിക്കാന്‍ ഫെഡറേഷന്‍ അനുമതി നല്‍കുന്നില്ല. ഇതോടെ ഗെയിംസിന് മുന്നോടിയായുള്ള എന്റെ പരിശീലനം എട്ടു ദിവസമായി മുടങ്ങിയിരിക്കുകയാണ്.'' അവരുടെ ട്വീറ്റില്‍ പറയുന്നു.

''എന്റെ രണ്ടാം പരിശീലകനെ ആകട്ടെ ഫെഡറേഷന്‍ ഇടപ്പെട്ട് ഇന്ത്യയിലേക്ക് തിരിച്ചയച്ചു. ഒരുപാട് തവണ അഭ്യര്‍ത്ഥിച്ചിട്ടും ഫെഡറേഷന്റെ ഭാഗത്തുനിന്ന് അവഗണ തുടരുകയാണ്. ഇത്തരം സാഹചര്യത്തില്‍ എങ്ങനെയാണ് മത്സരങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുക എന്ന് എനിക്കറിയില്ല. ലോക ചാമ്പ്യന്‍ഷിപ്പിലും ഇതേ കാരണങ്ങള്‍കൊണ്ട എനിക്ക് മികച്ച പ്രകടനം നടത്താനായില്ല. എന്നാല്‍ ഫെഡറേഷന്റെ ഇത്തരം രാഷ്ട്രീയകളികള്‍ കാരണം കോമണ്‍വെല്‍ത്ത് ഗെയിംസ് കൂടി നശിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഈ രാഷ്ട്രിക്കളികളെയെല്ലാം അഥിജീവിച്ച് രാജ്യത്തിനായി മെഡല്‍ നേടാാനവുമെന്നാണ് എന്റെ വിശ്വാസം.'' ബോര്‍ഗോഹെയ്ന്‍ ട്വിറ്ററില്‍ കുറിച്ചു. 

പുതിയ താരങ്ങളുടെ വരവ്; മാഞ്ചസ്റ്റര്‍ സിറ്റിയുടെ ശൈലിയില്‍ മാറ്റം വരുത്തേണ്ടി വരുമെന്ന് റോഡ്രി

ടോക്കിയോ ഒളിംപിക്‌സില്‍ വനിതാ വിഭാഗം വെല്‍റ്റര്‍ വെയ്റ്റ് ബോക്‌സിംഗില്‍ സെമിയിലെത്തിയാണ് ലോവ്ലിന വെങ്കലം നേടിയത്. 2018ലും 2019ലും തുടര്‍ച്ചയായി രണ്ടു തവണ ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയും ലോവ്ലിന രാജ്യത്തിന്റെ അഭിമാനമായിരുന്നു.
 

click me!