Asianet News MalayalamAsianet News Malayalam

കോമണ്‍വെല്‍ത്ത് ഗെയിംസ്, ഇന്ത്യക്ക് കനത്ത തിരിച്ചടി, നീരജ് ചോപ്ര മത്സരിക്കില്ല

നീരജ് കോമണ്‍വെല്‍ത്ത് ഗെയിംസിനുണ്ടാവില്ലെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും ഔദ്യോഗികമായി സ്ഥിരീകരിച്ചു. കായികക്ഷമതയില്ലാത്തതിനാല്‍ നീരജ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പിന്‍മാറുകയാണെന്നും അദ്ദേഹം അതിവേഗം സുഖം പ്രാപിക്കട്ടെയെന്നും അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

 

Huge set back for India, Olympic Champion Neeraj Chopra to miss Commonwealth Games
Author
Delhi, First Published Jul 26, 2022, 12:56 PM IST

ബര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയും ജാവലിന്‍ ത്രോയില്‍ നിലവിലെ ചാമ്പ്യനുമായ നീരജ് ചോപ്ര 28ന് തുടങ്ങുന്ന ഗെയിംസില്‍ മത്സരിക്കില്ല. അമേരിക്കയിലെ യൂജീനില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനിടെ പരിക്കേറ്റതാണ് നീരജ് പിന്‍മാറാനുള്ള കാരണം. നാഭിയുടെ താഴ് ഭാഗത്തേറ്റ പരിക്ക് കൂടുതല്‍ ഗുരുതരമാകാതിരിക്കാനാണ് മുന്‍കരുതലെന്ന നിലയില്‍ നീരജ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പിന്‍മാറുന്നത്.

നീരജ് കോമണ്‍വെല്‍ത്ത് ഗെയിംസിനുണ്ടാവില്ലെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും ഔദ്യോഗികമായി സ്ഥിരീകരിച്ചു. കായികക്ഷമതയില്ലാത്തതിനാല്‍ നീരജ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പിന്‍മാറുകയാണെന്നും അദ്ദേഹം അതിവേഗം സുഖം പ്രാപിക്കട്ടെയെന്നും അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

പരിക്കേറ്റ നീരജിന് ഒരു മാസത്തെ വിശ്രമമാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതോടെ ഓഗസ്റ്റ് 26ന് ആരംഭിക്കുന്ന ഡയമണ്ട് ലീഗില്‍ നീരജിന്‍റെ പങ്കാളിത്തവും അനിശ്ചിതത്വത്തിലായി. കോമണ്‍വെല്‍ത്ത് ഗെയിംസിനായി നീരജ് ചോപ്ര ബുധനാഴ്ച ബര്‍മിംഗ്ഹാമില്‍ എത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. ലോക അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരത്തിനിടേയേറ്റ പരിക്ക് അവസാന റൗണ്ടുകളില്‍ നീരജിന്‍റെ പ്രകടനത്തെ ബാധിച്ചിരുന്നു. പരിക്കിനിടയിലും ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടി നീരജ് ചരിത്ര നേട്ടം സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആരാധകരെ നിരാശരാക്കുന്ന പ്രഖ്യാപനം എത്തിയിരിക്കുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യയുടെ പതാക വഹിക്കേണ്ടതും ഒളിംപിക് ചാമ്പ്യനായ നീരജായിരുന്നു.  

മെഡല്‍ നേടാന്‍ കഴിഞ്ഞത് സംതൃപ്‌തി; നീരജ് ചോപ്രയുടെ ആദ്യ പ്രതികരണം

ലോക അത്‌ലറ്റിക്‌സ് ചംപ്യന്‍ഷില്‍ ഗ്രാനഡയുടെ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ് ആണ് നീരജിനെ പിന്നിലാക്കി സ്വര്‍ണം നേടിയത്. കോമണ്‍വെല്‍ത്ത് ഗെയിംസിലും നീരജ് ചോപ്ര-ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ് പോരാട്ടത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനലില്‍ പീറ്റേഴ്‌സിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് നീരജ് പൊന്നണിഞ്ഞത്.

ഈ വര്‍ഷം പലതവണ 90 മീറ്റര്‍ മറികടന്ന പീറ്റേഴ്‌സ് മിന്നും ഫോമിലാണ്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഓഗസ്റ്റ് ഏഴിനാണ് ജാവലിന്‍ ത്രോ ഫൈനല്‍ നടക്കുക. കഴിഞ്ഞ വര്‍ഷം ഇതേ ദിനത്തിലായിരുന്നു നീരജ് ടോക്കിയോയില്‍ ഒളിംപിക്‌സ് സ്വര്‍ണം നേടിയത്.

Follow Us:
Download App:
  • android
  • ios