119 കിരീടങ്ങള്‍, അതില്‍ 16 ഗ്രാന്‍ഡ്സ്ലാം; ബ്രയാന്‍ സഹോദരങ്ങല്‍ ടെന്നിസ് കോര്‍ട്ട് ഒഴിഞ്ഞു

By Web TeamFirst Published Aug 28, 2020, 10:58 AM IST
Highlights

ടെന്നീസ് പുരുഷ ഡബിള്‍സില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയ ജോഡി കൂടിയാണ് ഇവര്‍
.

ന്യൂയോര്‍ക്ക്: ടെന്നിസ് കോര്‍ട്ടിനോട് വിടപറഞ്ഞ് ബ്രയാന്‍ സഹോദരങ്ങള്‍. ടെന്നിസ് ചരിത്രത്തിലെ ഏറ്റവും മികച്ച സഖ്യമാണ് ഇവരുടേത്. 42ാം വയസിലാണ് മൈക്ക് ബ്രയാനും ബോബ് ബ്രയാനും ടെന്നിസില്‍ നിന്ന് വിരമിക്കുന്നത്. 22 വര്‍ഷങ്ങള്‍ ഇരുവരും കോര്‍ട്ടിലുണ്ടായിരുന്നു. 119 കിരീട വിജയങ്ങളിലാണ് പങ്കാളികളായിട്ടുള്ളത്. ഇതില്‍ 16 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളും 39 എ.ടി.പി മാസ്റ്റേഴ്‌സ് 1000 ജയങ്ങളും നാല് എ.ടി.പി ഫൈനല്‍സ് കിരീടങ്ങളും ഉള്‍പ്പെടുന്നു. ടെന്നീസ് പുരുഷ ഡബിള്‍സില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയ ജോഡി കൂടിയാണ്.

438 ആഴ്ചകളോളം ടെന്നീസ് ഡബിള്‍സ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്നതിന്റെ റെക്കോഡും ബ്രയാന്‍ സഹോദരങ്ങള്‍ക്കാണ്. 2014-ല്‍ ഷാങ്ഹായ് ഓപ്പണ്‍ വിജയത്തോടെ കരിയറില്‍ ഗോള്‍ഡന്‍ മാസ്റ്റേഴ്‌സ് നേട്ടവും സ്വന്തമാക്കി. ഒമ്പത് എടിപി വേള്‍ഡ് ടൂര്‍ മാസ്റ്റേഴ്‌സ് 1000 കിരീടങ്ങളും സ്വന്തമാക്കിയ ജോഡി 2012 ലണ്ടന്‍ ഒളിംപിക്‌സില്‍ സ്വര്‍ണ മെഡലും നേടി. 2008 ഒളിംപിക്‌സില്‍ വെങ്കലമെഡലും ഇവര്‍ക്കായിരുന്നു. 2007-ല്‍ ഡേവിസ് കപ്പി നേടിയ യുഎസ് ടീമിലും ബ്രയാന്‍ സഹോദരങ്ങളുണ്ടായിരുന്നു. 

2003-ല്‍ ഫ്രഞ്ച് ഓപ്പണ്‍ നേടിക്കൊണ്ട് തങ്ങളുടെ ആദ്യ ഗ്രാന്‍ഡ്സ്ലാം നേട്ടം ആഘോഷിച്ച ഈ ജോഡി 2006-ല്‍ വിംബിള്‍ഡണ്‍ നേടി കരിയര്‍ ഗ്രാന്‍ഡ്സ്ലാം എന്ന നേട്ടവും പൂര്‍ത്തിയാക്കി. ആറു തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടി. അഞ്ച് തവണ യുഎസ് ഓപ്പണിലും മൂന്ന് തവണ വിംബിള്‍ഡണിലും കിരീടം നേടി. രണ്ട് തവണ ഫ്രഞ്ച് ഓപ്പണ്‍. 
 
''വിരമിക്കാന്‍ ഇതാണ് ശരിയായ സമയമെന്ന് ഞങ്ങള്‍ക്ക് തോന്നി. 20 വര്‍ഷത്തിലേറെ കാലം ഞങ്ങള്‍ ടെന്നീസിനായി സമര്‍പ്പിച്ചു. ഇപ്പോള്‍ ജീവിതത്തിന്റെ അടുത്ത അധ്യായത്തിനായി കാത്തിരിക്കുകയാണ്. ഇത്രയേറെ കാലം ഡബിള്‍സ് കളിക്കാന്‍ സാധിച്ചതില്‍ തന്നെ ഞങ്ങള്‍ ഭാഗ്യവാന്മാരാണ്.'' - മൈക്ക് ബ്രയാന്‍ പറഞ്ഞു.
 

click me!