കൊറോണ വൈറസ് ആശങ്കയിൽ കായികലോകവും, ഒളിംപിക് യോഗ്യതാ മത്സരങ്ങള്‍ മാറ്റി

By Web TeamFirst Published Jan 23, 2020, 6:37 PM IST
Highlights

യോഗ്യതാ മത്സരങ്ങള്‍ ഡല്‍ഹിയിലേക്ക് മാറ്റിയാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഒളിംപിക് യോഗ്യത നേടുന്നതില്‍ അനുകൂലഘടകമാവും.

ബീജിംഗ്: കൊറോണ വൈറസ് ആശങ്കയിൽ കായികലോകവും. ഒളിംപിക് വനിതാ ഫുട്ബോള്‍ യോഗ്യതാ മത്സരങ്ങള്‍ ചൈനയിലെ വുഹാനിൽ നിന്ന് മാറ്റി.കിഴക്കന്‍ ചൈനയിലെ നാന്‍ജിംഗിലേക്കാണ് മത്സരങ്ങള്‍ മാറ്റിയത്. അടുത്ത മാസം മൂന്നു മുതല്‍ ഒമ്പത് വരെയാണ് മത്സരങ്ങള്‍. അടുത്ത മാസം മൂന്നിന് തുടങ്ങേണ്ട ഏഷ്യ, ഓഷ്യാനിയ ബോക്സിംഗ് യോഗ്യതാ മത്സരങ്ങളും മാറ്റിയിട്ടുണ്ട്.  എന്നാല്‍ പുതിയ വേദി പ്രഖ്യാപിച്ചിട്ടില്ല.

മേരി കോം അടക്കം ഇന്ത്യന്‍ താരങ്ങള്‍ മത്സരിക്കേണ്ട ചാംപ്യന്‍ഷിപ്പാണിത്. മത്സരങ്ങള്‍ നടത്താന്‍ സന്നദ്ധത അറിയിച്ച് ഇന്ത്യന്‍ ബോക്സിംഗ് ഫെഡറേഷന്‍ രംഗത്തെത്തിയിട്ടുണ്ട്. ചൈനയില്‍ മത്സരം നടത്താനാവുന്നില്ലെങ്കില്‍ ഡല്‍ഹിയില്‍ മത്സരം നടത്താന്‍ തയാറാണെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയെ അറിയിച്ചിട്ടുണ്ടെന്ന് ബോക്സിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍ കെ സചേതി പറഞ്ഞു.

എന്നാല്‍ ഫിലിപ്പീന്‍സും സന്നദ്ധത അറിയിച്ചതിനാല്‍ ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. യോഗ്യതാ മത്സരങ്ങള്‍ ഡല്‍ഹിയിലേക്ക് മാറ്റിയാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഒളിംപിക് യോഗ്യത നേടുന്നതില്‍ അനുകൂലഘടകമാവും. ചൈനയിൽ രോഗം ബാധിച്ച് 17 പേര്‍ മരിച്ചതിന് പിന്നാലെയാണ് കായികലോകത്തും ആശങ്ക പരന്നത്. ഇതുവരെ അഞ്ഞൂറിലേറെ പേരിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

click me!