കൊറോണ ഭീതി: ഒളിംപിക്സ് ദീപശിഖാ കൈമാറ്റച്ചടങ്ങില്‍ നിന്ന് കുട്ടികളെ ഒഴിവാക്കി

By Web TeamFirst Published Mar 6, 2020, 5:46 PM IST
Highlights

ഈ മാസം 12ന് ഗ്രീസില്‍ തിരി തെളിയുന്ന ഒളിംപിക്സ് ദീപശിഖ ഏഴ് ദിവസത്തെ പ്രയാണത്തിനുശേഷം മാര്‍ച്ച് 20നാണ് ജപ്പാനിലെത്തുക. ചടങ്ങില്‍ 140 കുട്ടികള്‍ പങ്കെടുക്കുമെന്നും ഇരുന്നൂറോളം കുട്ടികള്‍ കാഴ്ചക്കാരായി എത്തുമെന്നും സംഘാടകസമിതി നേരത്തെ വ്യക്തമാക്കിയിരുന്നു.

ടോക്കിയോ: കൊറോണ വൈറസ് ഭീതിയെത്തുടര്‍ന്ന് ഒളിംപിക്സ് ദീപശിഖാ കൈമാറ്റച്ചടങ്ങില്‍ നിന്ന് കുട്ടികളെ ഒഴിവാക്കി.  ഗ്രീസില്‍ നിന്ന് ജപ്പാനിലെത്തുന്ന ഒളിംപിക്സ് ദീപശിഖ സ്വീകരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കേണ്ട 340 ജപ്പാനീസ് കുട്ടികളെയാണ് കൊറോണ ഭീതിയെത്തുടര്‍ന്ന് ഒഴിവാക്കിയത്.

അതേസമയം, ഒളിംപിക്സ് റദ്ദാക്കുമെന്ന വാര്‍ത്തകള്‍ സംഘാടകസമിതി അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ യോഷിറോ മോറി തള്ളിക്കളഞ്ഞു. ഒളിംപിക്സ് റദ്ദാക്കുന്ന പ്രശ്നം ഉദിക്കുന്നില്ലെന്ന് മോറി പറഞ്ഞു. അതേസമയം, വൈറസ് ബാധ നിയന്ത്രണവിധേയമായില്ലെങ്കില്‍ ഒളിംപിക്സ് നീട്ടിവെക്കാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ മോറി നിഷേധിച്ചില്ല.

ഈ മാസം 12ന് ഗ്രീസില്‍ തിരി തെളിയുന്ന ഒളിംപിക്സ് ദീപശിഖ ഏഴ് ദിവസത്തെ പ്രയാണത്തിനുശേഷം മാര്‍ച്ച് 20നാണ് ജപ്പാനിലെത്തുക. ചടങ്ങില്‍ 140 കുട്ടികള്‍ പങ്കെടുക്കുമെന്നും ഇരുന്നൂറോളം കുട്ടികള്‍ കാഴ്ചക്കാരായി എത്തുമെന്നും സംഘാടകസമിതി നേരത്തെ വ്യക്തമാക്കിയിരുന്നു.

ദീപശിഖാ പ്രയാണത്തില്‍ പങ്കെടുക്കുന്നവരുടെ ആരോഗ്യനില സസൂഷ്മം നിരീക്ഷിക്കുമെന്നും സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.ജപ്പാനില്‍ ഇതുവരെ 1057 പേര്‍ക്കാണ് കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരികരിച്ചത്. 12 പേര്‍ ഇതുവരെ മരിച്ചിട്ടുണ്ട്.

click me!