അമേരിക്കയിൽ പരിശീലനം നടത്താനുള്ള തീരുമാനം മെഡൽനേട്ടത്തിൽ നിർണായകമായി മീരാബായ് ചാനു

By Web TeamFirst Published Jul 26, 2021, 10:48 PM IST
Highlights

ടാർ​ഗറ്റ് ഒളിംപിക് പോഡിയം പദ്ധതിക്ക് കീഴിൽ മികച്ച പരിശീലന സൗകര്യങ്ങളാണ് രാജ്യത്ത് ലഭിച്ചത്. മത്സരദിവസം തനിക്ക് കടുത്ത ആശങ്കയുണ്ടായിരുന്നുവെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാനാവുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു

ടോക്യോ: ഒളിംപിക്സിന് മുന്നോടിയായി അമേരിക്കയിൽ പരിശീലനം നടത്താനുള്ള തീരുമാനമാണ് ഒളിംപിക്സിൽ വെള്ളി മെഡൽ നേടാൻ സഹായിച്ചതെന്ന് ടോക്യോ ഒളിംപിക്സിൽ ഭാരദ്വോഹനത്തിൽ ഇന്ത്യക്കായി വെള്ളി മെഡൽ നേടി മീരാബായ് ചാനു. ഒളിംപിക്സ് മെഡൽ നേട്ടത്തിനുശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ ചാനു മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

അമേരിക്കയിൽ പരിശീലനം നടത്താനുള്ള തീരുമാനത്തിന് ടോക്യോയിലെ മെഡൽ നേട്ടത്തിൽ വലിയ പങ്കുണ്ട്. കൊവിഡ് മഹാമാരിയെ തുടർന്ന് വിമാന സർവീസുകളെല്ലാം നിർത്തിവെച്ചപ്പോൾ സായ്(സ്പോർസ് അതോറിറ്റി ഓഫ് ഇന്ത്യ)യുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഇടപെടലാണ് അമേരിക്കയിൽ പോയി പരിശീലനം നടത്താൻ സഹായിച്ചത്. ഞാൻ ആ​ഗ്രഹിച്ച രീതിയിലുള്ള എല്ലാ പിന്തുണയും എനിക്ക് കിട്ടി. എന്നെ പിന്തുണച്ചവർ‌ക്കെല്ലാം നന്ദി പറയുന്നു.

ടാർ​ഗറ്റ് ഒളിംപിക് പോഡിയം പദ്ധതിക്ക് കീഴിൽ മികച്ച പരിശീലന സൗകര്യങ്ങളാണ് രാജ്യത്ത് ലഭിച്ചത്. മത്സരദിവസം തനിക്ക് കടുത്ത ആശങ്കയുണ്ടായിരുന്നുവെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാനാവുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. മത്സരദിവസവും തലേദവിസവും നല്ല ടെൻഷനിലായിരുന്നു. ഞാനൊരു മെഡൽ കൊണ്ടുവരുമെന്ന് രാജ്യം മുഴുവൻ പ്രതീക്ഷിച്ചിരുന്നു. ടെൻഷനൊപ്പം ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാവുമെന്ന ആത്മവിശ്വസവും എനിക്കുണ്ടായിരുന്നു.

സ്നാച്ചിൽ നല്ല പരിശീലനം നടത്തിയിരുന്നതിനാൽ ആ വിഭാ​ഗത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. ചൈന ആ വിഭാ​ഗത്തിൽ കരുത്തരാണ്. പക്ഷെ ചൈനീസ് താരത്തിന് കടുത്ത വെല്ലുവിളി ഉയർത്താൻ എനിക്കായി. രസകരമായ അനുഭവമായിരുന്നു അത്. ഒടുവിൽ മെഡലിന്റെ രൂപത്തിൽ സ്വപ്നനേട്ടവും സ്വന്തമായി. കഴിഞ്ഞ അഞ്ചു വർഷത്തെ തഠിനാധ്വാനത്തിന്റെ ഫലമാണിത്-ചാനു പറഞ്ഞു. ടോക്യോയിലെ വെള്ളി മെഡൽ നേട്ടത്തിനുശേഷം വൈകിട്ടോടെ ദില്ലി വിമാനത്താവളത്തിലെത്തിയ ചാനുവിന് ആവേശോജ്വല സ്വീകരണമാണ് ലഭിച്ചത്.

2016ലെ റിയോ ഒളിംപിക്സിലെ മോശം പ്രകടനത്തിനുശേഷം തുടങ്ങിയ കഠിന പരിശീലനമാണ്. ഒളിംപിക് മെഡൽ എന്ന ലക്ഷ്യത്തിനായി എന്ത് ത്യാ​ഗവും സഹിക്കാൻ ഞാൻ തയാറായിരുന്നു.ആ ത്യാ​ഗത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് ഈ മെഡൽ-ചാനു പറഞ്ഞു.

click me!