ഡെന്‍മാര്‍ക്ക് ഓപ്പണ്‍; 17കാരിക്ക് മുമ്പില്‍ അടിയറവ് പറഞ്ഞ് സിന്ധു

By Web TeamFirst Published Oct 17, 2019, 7:16 PM IST
Highlights

ഓഗസ്റ്റില്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയശേഷം തുടര്‍ച്ചയായ മൂന്നാം ടൂര്‍ണമെന്റിലാണ് സിന്ധു ക്വാര്‍ട്ടറിലെത്താതെ പുറത്താവുന്നത്.

കോപ്പന്‍ഹേഗന്‍: ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണില്‍ നിന്ന് ഇന്ത്യയുടെ പി വി സിന്ധു പുറത്ത്. സീഡ് ചെയ്യപ്പെടാത്ത കൊറിയന്‍ താരം ആന്‍ സെ യംഗാണ് ലോക ചാമ്പ്യനായ സിന്ധുവിന് പ്രീ ക്വാര്‍ട്ടറില്‍ അട്ടിമറിച്ചത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു അഞ്ചാം സീഡായ സിന്ധുവിന്റെ  തോല്‍വി. സ്കോര്‍ 14-21, 17-21.

പതിനേഴുകാരിയായ കൊറിയന്‍ താരത്തിന് മുന്നില്‍ സിന്ധു തീര്‍ത്തും നിറം മങ്ങിയ പ്രകടനമാണ് പുറത്തെടുത്തത്. ഓഗസ്റ്റില്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയശേഷം തുടര്‍ച്ചയായ മൂന്നാം ടൂര്‍ണമെന്റിലാണ് സിന്ധു ക്വാര്‍ട്ടറിലെത്താതെ പുറത്താവുന്നത്. നേരത്തെ ചൈന ഓപ്പണിലും കൊറിയന്‍ ഓപ്പണിലും സിന്ധു ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായിരുന്നു.

അതേസമയം, പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന സായ് പ്രണീതും രണ്ടാം റൗണ്ടില്‍ പുറത്തായി. ലോക ഒന്നാം നമ്പര്‍ താരം കെന്റോ മൊമോട്ടയാണ് പ്രണീതിനെ നേരിട്ടുള്ള ഗെയിമുകളില്‍ മറികടന്നത്. സ്കോര്‍  6-21, 14-21.

ഒളിമ്പിക് ചാമ്പ്യന്‍ ചെന്‍ ലോംഗിനോട് തോറ്റ് ഇന്ത്യയുടെ സമീര്‍ വര്‍മയും ഇന്ന് പുറത്തായിരുന്നു. സ്കോര്‍ 12-21, 10-21.

click me!