നീരജിനെ അഭിനന്ദിച്ച് പാരാലിംപിക്സ് താരം ജജാരിയ, ഈ നേട്ടം കാണാന്‍ പിതാവുണ്ടായിരുന്നെങ്കിലെന്ന് ജീവ് മില്‍ഖ

By Web TeamFirst Published Aug 7, 2021, 7:24 PM IST
Highlights

ഈ മാസം അവസാനം ടോക്യോയില്‍ നടക്കുന്ന പാരാലിംപിക്സില്‍ ജാവലിന്‍ ത്രോയില്‍ ഇന്ത്യക്കായി മത്സരിക്കാനിറങ്ങനൊരുങ്ങുകയാണ് ജജാരിയ. ടോക്യോയില്‍ തന്‍റെ കഴിവിന്‍റെ പരമാവധി ശ്രമിച്ച് ജാവലിന്‍ സ്വര്‍ണവുമായി മടങ്ങിവരുമെന്നും ജജാരിയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ദില്ലി: ടോക്യോ ഒളിംപിക്സില്‍ ജാവലിന്‍ ത്രോയില്‍ സുവര്‍ണനേട്ടം കരസ്ഥമാക്കിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് ജാവലിന്‍ ത്രോയില്‍ ലോ റെക്കോര്‍ഡിന് ഉടമയായ ഇന്ത്യയുടെ പാരാലിംപിക്സ് താരം ദേവേന്ദ്ര ജജാരിയ. നീരജിന്‍റെ നേട്ടത്തിലുള്ള സന്തോഷവും ആവേശവും പറഞ്ഞറിയിക്കാനാവില്ലെന്ന് ജജാരിയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രാജ്യത്തെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണിത്. ഒളിംപിക്സിലെയും പാരാലിംപിക്സിലെയും ഒളിംപിക് സ്വര്‍ണം ഇന്ത്യയുടെതാണെന്ന് പറയുന്നതില്‍ അഭിമാനമുണ്ടെന്നും ജജാരിയ വ്യക്തമാക്കി.

ഈ മാസം അവസാനം ടോക്യോയില്‍ നടക്കുന്ന പാരാലിംപിക്സില്‍ ജാവലിന്‍ ത്രോയില്‍ ഇന്ത്യക്കായി മത്സരിക്കാനിറങ്ങനൊരുങ്ങുകയാണ് ജജാരിയ. ടോക്യോയില്‍ തന്‍റെ കഴിവിന്‍റെ പരമാവധി ശ്രമിച്ച് ജാവലിന്‍ സ്വര്‍ണവുമായി മടങ്ങിവരുമെന്നും ജജാരിയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

നീരജ് ചോപ്ര ടോക്യോയില്‍ സ്വര്‍ണം എറിഞ്ഞിടുമ്പോള്‍ ആ നേട്ടം കാണാന്‍ പിതാവുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നുവെന്ന് ഇതിഹാസ അത്‌ലറ്റ് മില്‍ഖാ സിംഗിന്‍റെ മകനും ഗോള്‍ഫ് താരവുമായ ജീവ് മില്‍ഖാ സിംഗ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മരിക്കുന്നതിന് മുമ്പ് ഒളിംപിക്സ് അത്‌ലറ്റിക്സില്‍ ഒരു മെഡല്‍ നേടുന്നത് കാണണമെന്ന് പിതാവ് എപ്പോഴും പറയാറുണ്ടായിരുന്നു. അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ എത്രമാത്രം സന്തുഷ്ടനാവുമായിരുന്നുവെന്ന് എനിക്ക് സങ്കല്‍പ്പിക്കാനാകും. പക്ഷെ ആനന്ദാശ്രുപൊഴിച്ച് പരലോകത്തിരുന്ന് അദ്ദേഹം ഇത് കാണുന്നുണ്ടാവുമെന്ന് ഞാന്‍ കരുതുന്നു-ജീവ് മില്‍ഖാ സിംഗ് പറഞ്ഞു.

ആരാണ് ദേവേന്ദ്ര ജജാരിയ

ജാവലിൻ ത്രോയിൽ ലോക റെക്കോിനുടമയാണ് പാരാലിംപിക് താരമായ ദേവേന്ദ്ര ജജാരിയ. 2004ലെ ഏതൻസ് പാരാലിംപിക്സിലും 2016ലെ റിയോ പാരാലിംപിക്സിലും ജാവലിന്‍ ത്രോയില്‍ ഇന്ത്യക്കായി സ്വർണം നേടിയ താരമാണ് ജജാരിയ. ഇത്തവണ ഹാട്രിക്ക് സ്വർണം ലക്ഷ്യമിട്ടാണ് ടോക്യോയിൽ ഇറങ്ങുന്നത്.

2008ലും 2012ലും എഫ്-46 ജാവലിൻ വിഭാ​ഗത്തിൽ മത്സരമുണ്ടാകാതിരുന്നതിനാൽ ജജാരിയക്ക് മത്സരിക്കാനായിരുന്നില്ല. പാരാലിംപിക്സിൽ രണ്ട് സ്വർണം നേടിയിട്ടുള്ള ഏക ഇന്ത്യൻ താരവും ജജാരിയയാണ്.

എട്ടാം വയസിൽ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റതോടെയാണ് ദേവേന്ദ്ര ജജാരിയയുടെ ജീവിതം വഴി മാറിയത്. അപകടത്തിൽ ജജാരിയയുടെ ഇടതുകൈ മുറിച്ചുമാറ്റേണ്ടിവന്നു. പിന്നീട് ഒരു സ്കൂൾ കായികമേളയിൽവെച്ച് ദ്രോണാചാര്യ പുരസ്കാരം നേടിയിട്ടുള്ള പരിശീലകൻ ആർ ഡി സിം​ഗിന്റെ കണ്ണിൽപ്പെട്ടതോടെയാണ് ജജാരിയയുടെ ജീവതത്തിലെ രണ്ടാമത്തെ ട്വിസ്റ്റ് സംഭവിക്കുന്നത്.തുടർന്ന് ആർ ഡി സിം​ഗിന്റെ ശിക്ഷണത്തിലായിരുന്നു ജജാരിയയുടെ വളർച്ച.

click me!