ജോക്കോവിച്ചും ഫെഡററുമില്ല; ഷാങ്ഹായ് മാസ്റ്റേഴ്‌സിന്റെ സെമി ഫൈനല്‍ ലൈനപ്പായി

By Web TeamFirst Published Oct 11, 2019, 9:38 PM IST
Highlights

ഷാങ്ഹായ് മാസ്റ്റേഴ്‌സ് ടെന്നിസിന്റെ സെമി ഫൈനല്‍ ലൈനപ്പായി. ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസ് റഷ്യയുടെ ഡാനില്‍ മെദ്‌വെദിനേയും ജര്‍മന്‍ താരം അലക്‌സാണ്ടര്‍ സ്വരേവ് ഇറ്റലിയുടെ മറ്റിയോ ബെരേറ്റിനിയേയും നേരിടും.

ബെയ്ജിങ്: ഷാങ്ഹായ് മാസ്റ്റേഴ്‌സ് ടെന്നിസിന്റെ സെമി ഫൈനല്‍ ലൈനപ്പായി. ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസ് റഷ്യയുടെ ഡാനില്‍ മെദ്‌വെദിനേയും ജര്‍മന്‍ താരം അലക്‌സാണ്ടര്‍ സ്വരേവ് ഇറ്റലിയുടെ മറ്റിയോ ബെരേറ്റിനിയേയും നേരിടും. ക്വാര്‍ട്ടറിന്‍ വമ്പന്‍ അട്ടിമറികള്‍ നടത്തിയാണ് യുവതാരങ്ങള്‍ സെമിയിലെത്തിയത്. 

അവസാനം നടന്ന ക്വാര്‍ട്ടറില്‍ ബെരേറ്റിനി നേരിട്ടുള്ള സെറ്റുകള്‍ക്ക്  ഓസ്ട്രിയയുടെ ഡൊമിനിക് തീമിനെ തോല്‍പ്പിച്ചു. 7-6, 6-4 എന്ന സ്‌കോറിനായിരുന്നു ബെരേറ്റിനിയുടെ ജയം. ടൂര്‍ണമെന്റിലെ നാലാം സീഡായിരുന്നു തീം. 

ഫെഡററെ അട്ടിമറിച്ചാണ് സ്വരേവ് സെമിയിലെത്തിയത്. 6-3, 6-7, 6-3 എന്ന സ്‌കോറിനായിരുന്നു സ്വരേവിന്റെ ജയം. രണ്ടാം സെറ്റില്‍ തന്നെ മത്സരം അവസാനിക്കേണ്ടതായിരുന്നു എന്നാല്‍ ഫെഡററുടെ പരിചയസമ്പത്ത് തുണയായി. മത്സരം മൂന്നാം സെറ്റിലേക്ക് നീണ്ടെങ്കിലും സ്വരേവ് വിട്ടുകൊടുത്തില്ല. രണ്ടാം സീഡായ ഫെഡറര്‍ക്ക് സെമി കാണാതെ പുറത്താവേണ്ടി വന്നു. 

സിറ്റ്‌സിപാസ് ആവട്ടെ ലോക ഒന്നാം നമ്പര്‍ നോവാക് ജോക്കോവിച്ചിനെ പറഞ്ഞയച്ചു. സിറ്റ്‌സിപാസിനെതിരെ ആദ്യ സെറ്റ് നേടിയ ശേഷം ജോക്കോ തോല്‍വി സമ്മതിക്കുകയായിരുന്നു. 6-3, 5-7, 3-6 എന്ന സ്‌കോറിനായിരുന്നു ഈ വര്‍ഷത്തെ വിംബിള്‍ഡണ്‍ ചാംപ്യന്റെ തോല്‍വി. മൂന്നാം സീഡ് മെദ്‌വദേവ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ഫാബിയോ ഫോഗ്നിനിയെ തോല്‍പ്പിച്ചു. സ്‌കോര്‍ 6-3, 7-6.

click me!