ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ ഇരട്ട വെള്ളി മെഡൽ നേടിയ മലയാളി താരം വിദർശ കെ. വിനോദിന് സംസ്ഥാന കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടറായി സർക്കാർ നിയമനം.

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ ഇരട്ട വെള്ളി മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമുയർത്തിയ മലയാളി ഷൂട്ടിംഗ് താരം വിദർശ കെ. വിനോദിന് സർക്കാർ ജോലി. സംസ്ഥാന കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടറായാണ് വിദർശയെ നിയമിച്ചത്. മുഖ്യമന്ത്രി വി.ഡി. സതീശൻ നാളെ നിയമന ഉത്തരവ് വിദർശയ്ക്ക് കൈമാറും.

ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലും 50 മീറ്റർ റൈഫിൾ 3 പൊസിഷനിലുമാണ് വിദർശ ഇന്ത്യക്കായി വെള്ളി മെഡലുകൾ നേടിയത്. ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ മലയാളി വനിതാ താരം എന്ന ചരിത്രനേട്ടവും വിദർശ സ്വന്തമാക്കിയിരുന്നു.

നേരത്തെ ഏഷ്യൻ ഗെയിംസ് നേട്ടത്തിന് ശേഷം നാട്ടിലെത്തിയപ്പോൾ, കേരളത്തിൽ നിന്ന് ജോലി വാഗ്ദാനം ലഭിച്ചാൽ സ്വീകരിക്കുമെന്ന് വിദർശ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ താരത്തിന് സർക്കാർ സർവീസിൽ അനുയോജ്യമായ തസ്തികയിൽ നിയമനം നൽകാൻ കായിക മന്ത്രി ഒ.ജെ. ജനീഷ് നിർദ്ദേശം നൽകുകയായിരുന്നു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന ആദ്യ മലയാളി വനിത എന്നതിൽ തനിക്ക് വലിയ അഭിമാനമുണ്ടെന്നും, വരും കാലങ്ങളിൽ കേരളത്തിൽ നിന്ന് ഇനിയും മികച്ച ഷൂട്ടിംഗ് താരങ്ങൾ ഉയർന്നുവരണമെന്നുമാണ് തന്റെ ആഗ്രഹമെന്നും വിദർശ നേരത്തെ പ്രതികരിച്ചിരുന്നു.

YouTube video player