തോക്കിന്‍ മുനമ്പില്‍ നിന്നും പരാജയഭാരവുമായി ഓടി രക്ഷപ്പെട്ട കഥ- മുന്‍ വോളിബോള്‍ താരം കിഷോര്‍ കുമാര്‍ പറയുന്നു

By Web TeamFirst Published Apr 20, 2020, 5:31 PM IST
Highlights

ഓര്‍ത്തു വരുമ്പോള്‍ വമ്പന്‍ വിജയങ്ങള്‍ വാങ്ങി നമ്മള്‍ കളിച്ചു തിളങ്ങിയ മത്സരങ്ങള്‍ മാത്രമല്ല മനം കേട്ട തോല്‍വികളുമുണ്ടായിട്ടുണ്ട്.അത് എത്ര വലിയ താരങ്ങള്‍ക്കുമുണ്ടായിട്ടുണ്ട്.അങ്ങിനെ ഒരു ഓര്‍മ്മക്കുറിപ്പ് ആദ്യമായി പങ്കു വെക്കുകയാണ് നിങ്ങള്‍ക്കൊപ്പം.

വിജയിച്ച് കഥകള്‍ കേള്‍ക്കാനാണ് പലര്‍ക്കും. അത് ഏത് രംഗമായാലും അങ്ങനെതന്നെ. വിജയകഥകള്‍ മാത്രമാണ് പലപ്പോഴും രസിപ്പിച്ചിട്ടുള്ളത്. എന്നാല്‍ മലയാളിയാ മുന്‍ ഇന്ത്യന്‍ വോളിബോള്‍ താരം കിഷോര്‍ കുമാറിന് പറയാനുള്ളത് തോല്‍വിയുടെ കഥയാണ്. കിഷോറിനെ നിങ്ങള്‍ മറക്കാനിടയില്ല ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോര്‍ട്ടിലേക്ക് തിരിച്ചെത്തി കേരളത്തിനോടൊപ്പം ദേശീയ വോളിബോള്‍ കിരീടം നേടിയ കിഷോര്‍ കുമാര്‍. വോളിബോള്‍ ടൂര്‍ണമെന്റിന് പോയി തോക്കിന്‍ തുമ്പില്‍ നില്‍ക്കേണ്ടി യഥാര്‍ത്ഥ സംഭവമാണ് കിഷോര്‍ കുമാര്‍ പറയുന്നത്. ഫസ്റ്റ് പാസ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഓര്‍മകള്‍ പങ്കുവച്ചത്. 'ഇരമ്പുന്ന വോളി ഓര്‍മകള്‍- വിരാജ്‌പേട്ട' എന്ന പേരിലായിരുന്നു കിഷോര്‍ കുമാറിന്റെ ലേഖനം. പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ...

ഓര്‍ത്തു വരുമ്പോള്‍ വമ്പന്‍ വിജയങ്ങള്‍ വാങ്ങി നമ്മള്‍ കളിച്ചു തിളങ്ങിയ മത്സരങ്ങള്‍ മാത്രമല്ല മനം കേട്ട തോല്‍വികളുമുണടായിട്ടുണ്ട്.അത് എത്ര വലിയ താരങ്ങള്‍ക്കുമുണ്ടായിട്ടുണ്ട്. അങ്ങിനെ ഒരു ഓര്‍മ്മക്കുറിപ്പ് ആദ്യമായി പങ്കു വെക്കുകയാണ്നിങ്ങള്‍ക്കൊപ്പം. ഓര്‍മ്മയിലെ കളികള്‍ എന്ന് വെച്ചാല്‍ ജയിച്ചു സ്റ്റാര്‍ ആയ കളികള്‍ മാത്രമല്ല തൊട്ടു തൊപ്പിയിട്ടവയും കൂടി പറയണം. എന്നാലേ അതിനൊരു രസമായുണ്ടാകൂ.

കര്‍ണാടകം വിരാജ്‌പേട്ടയില്‍ നിന്നും ഒരു കാള്‍.ആര് വന്നാലും തല്ലി ഓടിക്കാനൊരു ടീം വേണം.എങ്കില്‍ പിന്നെ ആകട്ടെ എന്ന് ഞാനും.അങ്ങിനെ ഈച്ച പോലും കടക്കണമെങ്കില്‍ സമ്മതം ചോദിക്കാതെ നടക്കാത്ത കാര്യമാകുമ്പോ ബോള്‍ ഒരെണ്ണം പോലും ഇപ്പുറത്തേക്കു വിടാത്ത പ്രതിരോധത്തിന്റെ അവസാന വാക്ക് റോയ് ജോസഫ്.ഏതു കാലാവസ്ഥയിലും പാസും ഡിഫന്‍സും കോമ്പിനേഷന്‍ അറ്റാക്കുകളുമായി എതിരാളികളെ നശിപ്പിക്കുന്ന നരിക്കുനി സുനി,കൂടാതെ ബി പി സി എല്ലിന്റെ പറക്കും അറ്റാക്കര്‍ ജയപ്രകാശ്.ഓരോ അടിയും പാറമടയിലെ വെടിമരുന്നിനു തീ കൊടുത്തപോലെ ബോംബ് വര്‍ഷിക്കുന്ന ടോം ജോസഫ്.പാട്രിയാട്ടു മിസൈലിന്റെ വേഗതയില്‍ പോലും സര്‍വീസ് വന്നാല്‍ ഷാര്‍ജ ഷേക്ക് കുടിക്കുന്ന ലാഘവത്തോടെ അത് സ്റ്റെറിന്റെ മൂക്കിന് പിടിക്കുന്ന മൂലടു ഇസ്മായില്‍.എതിര്‍ കോര്‍ട്ടിലെ പ്രതിരോധ ഭടന്മാരെ മുച്ചീട്ടു കളിച്ചു പറ്റിക്കുന്ന രീതിയില്‍ കളിപ്പിക്കുന്ന സാക്ഷാല്‍ അനിയപ്പന്‍.പിന്നെ പ്രോപ്പറേറ്റര്‍ ഈ ഞാനും. 

ഈ ലോക്കല്‍ കളിയെന്നും നമുക്കൊരു ഹരം തന്നെയാണ്

അങ്ങിനെ ഞങ്ങള്‍ ഒരുപാടു യാത്ര ചെയ്തു വിരാജ്‌പേട്ടയിലെത്തി. എന്തോ കേസിനു അകത്തു പോയി ജയിലില്‍ നിന്നും പരോളിലിറങ്ങിയ ആളാണ് അത് നടത്തുന്നതെന്നാ ആരോ പറഞ്ഞത്.ആ ടീമിനാണ് നമ്മള്‍ കളിയ്ക്കാന്‍ പോയതും.വന്‍ പ്രതീക്ഷയിലിറങ്ങിയ നമ്മുടെ ടീം ഭയങ്കര കാറ്റും അതുപോലെ ക്ഷീണവും കാരണം സ്‌ട്രൈറ് സെറ്റുകള്‍ക്ക് തോറ്റുപോയി.സാരമില്ല അടുത്ത ദിവസം ജയിച്ചു വീണ്ടും കപ്പ് കരസ്ഥമാക്കാമെന്നു കമ്മിറ്റിക്കാര്‍. പിറ്റേ ദിവസം വീണ്ടും കളിക്കളത്തിലേക്കു.പേര് പറയാന്‍ ഒരു കളിക്കാര്‍ പോലുമില്ലാത്ത ഒരു ലോക്കല്‍ ടീം.

എതിര്‍ടീമില്‍.ഇന്ന് കൂടി ജയിച്ചില്ലേല്‍ പുറത്തുപോകും. കളി തുടങ്ങി. ഫാസ്റ്റ്പാസ് തെക്കും വടക്കും പോകുന്നു. ഹൈബോള് അടിക്കുന്നവരുടെ ബോളുകള്‍ കാറ്റ് കൊണ്ട് പോകുന്നു.അനോണ്‍സ്മെന്റ്കാരന്‍ തകര്‍ക്കുകയാണ്..ഇന്നലത്തെ യാത്ര ക്ഷീണം കാരണമെന്ന് തോറ്റുപോയതു. എന്നാല്‍ ഇന്ന് ബോള്‍ മാത്രമല്ല എതിരാളികളുടെ കയ്യും തല്ലിയൊടിക്കുമെന്നു.

സുനിലിനും ഇസ്മായിലിനുമെല്ലാം പാസ് പൊട്ടുന്നത് ആദ്യമായിട്ടാണ് കാണുന്നത്.ഷോര്‍ട് ബോള്‍ അത്യാവശ്യം കളിച്ചു.അതിനു പാസ് വേണം.ഹൈബോള് വെച്ചാല്‍ കാറ്റ് കൊണ്ടുപോകുന്നു.എന്ത് ചെയ്യും.ടോമിന് ബോളുകളടിക്കാന്‍ പറ്റുന്നില്ല.ഞാനും റോയിയേട്ടനും പാസ് വരാതെ വെറുതെ ചാടിക്കൊടുക്കാന്‍ പോലും പറ്റാത്ത തരത്തിലെ പാസ് വരുന്നുള്ളു.കുട്ടികള്‍ ആദ്യസെറ്റ് കൊണ്ടുപോയി.ദൈവമേ നാറുമോ?അങ്ങിനെ രണ്ടാം സെറ്റും പോയി.മനം കപ്പല് കേറുമോ?എല്ലാം തരികിട മറയുകയാണല്ലോ.എല്ലാവരും കൂടി ആഞ്ഞു പിടിച്ചു.വിടരുത് പൈതങ്ങളെ.നമ്മുടെ എക്സ്സ്പീരിയന്‍സിനു മുന്‍പില്‍ കീഴടങ്ങും എന്ന പ്രതീക്ഷ.നമ്മളെ അവര്‍ക്കു മനസ്സിലായില്ലെന്ന് തോന്നുന്നു.ഒരുമയവും ഇല്ല.അവര്‍ക്കു ആ കാറ്റത്തു കളിച്ചു നല്ല ശീലം.അവസാനം പവനായി ശവമായി.അങ്ങിനെ മൂന്നാം സെറ്റും തോറ്റു

കുനിഞ്ഞ ശിരസ്സുമായി അപമാന ഭാരത്താല്‍ ഗ്രൗണ്ടില്‍ നിന്നും പുറത്തേക്കു. അവസാനം നമ്മുടെ എല്ലാം ജേഷ്ടന്റെ സ്ഥാനത്തുള്ള സീനിയര്‍ ഇന്ത്യന്‍ താരം ബി എസ എഫിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ കൂടിയായ റോയി ചേട്ടനോട് ചോദിച്ചു. എന്ത് ചെയ്യണമെന്ന്. വേഗം വണ്ടിക്കൂലി വാങ്ങി വരാന്‍ പറഞ്ഞു. എന്നിട്ടു തിരിച്ചു പോകാമെന്നും. അതുമായി വിളിച്ച ആളുടെ അടുത്തേക്ക് ചെന്നു. അപ്പോള്‍ പകുതി മലയാളത്തില്‍ അദ്ദേഹം പറയുകയാ നിന്നെയും ടോമിനെയും എല്ലാം എനക്കറിയാം പയ്യന്നൂരിലെല്ലാം നാണു കളി കണ്ടിട്ടുണ്ട്. നിങ്ങള്‍ ഇവിടെ എന്നെ പറ്റിച്ചതാണ്. നിങ്ങള്ക്ക് ഭക്ഷണവുമില്ല വണ്ടിക്കൂലിയുമില്ല. വയറിന്റെ അടിയില്‍ ഭാഗത്തു എന്തോ ഒന്ന് തടയുന്നതായി തോന്നി. താഴെ നോക്കിയപ്പോള്‍ ഒരു തോക്കുപോലെ തോന്നി. എന്നിട്ടൊരു ചോദ്യം. നിനക്ക് ജീവന്‍ വേണോ അതോ വേറെന്തെങ്കിലും വേണോ? എനിക്ക് ഒന്നും വേണ്ട ജീവന്‍ മതിയെന്ന് ഞാന്‍. പക്ഷെ എല്ലാവരോടും ഞാന്‍ ഒന്ന് ചോദിക്കട്ടെ എന്ന് പറഞ്ഞു നമ്മുടെ സുഹൃത്തുക്കളുടെ അടുത്തേക്ക് ഞാന്‍ വന്നു. എല്ലാവര്ക്കും എന്റെ അതെ ഉത്തരമായിരുന്നു. അപ്പോള്‍ ഒരു കാറില്‍ കയറി പോകാന്‍ നോക്കിയപ്പോള്‍ കാറുകാരനെയും അയാള്‍ ഭീഷണിപ്പെടുത്തി. ഇവിടെ നിന്നും നടന്നു പോയാല്‍ മതി എല്ലാവരും. പിന്നെ വൈകിയില്ല നടത്തം ആരംഭിച്ചു. അയാള്‍ പോയിക്കഴിഞ്ഞപ്പോള്‍ കാറുകാരന്‍ വന്നു ബസ്സ്റ്റാന്‍ഡില്‍ ആക്കി തന്നു. അവിടെ നിന്നും വയനാട് വഴി കെഎസ്ആര്‍ടിസിയില്‍ നാട്ടിലേക്ക്. ജീവന്‍ തിരിച്ചു കിട്ടിയതില്‍ എല്ലാവരും ഹാപ്പിയായിരുന്നു.

അങ്ങനെ റോയിയേട്ടനും അനിലേട്ടനും എല്ലാവരെയും സമാധാനിപ്പിച്ചു വിട്ടു
 
ഏഴു വര്‍ഷങ്ങള്ക്കു ശേഷം വീണ്ടും വിരാജ്‌പേട്ടയില്‍ നിന്നുമൊരു കാള്‍. ഒരു അറ്റാക്കറും ഒരു സെറ്റെരെയും കൊണ്ട് എന്നോട് കളിയ്ക്കാന്‍ ചെല്ലാന്‍. ഇത് പഴയ ആളല്ല. ഒരു നാസര്‍ക്കാ. ഞാനും വിബിനും വിമലും തലശ്ശേരിയിലെത്തി. അവിടെ നിന്നും ഓമ്‌നി വാനില്‍ വിരാജ്‌പേട്ടയിലേക്കു. അവിടെ എത്തിയപ്പോള്‍ റൂമിലല്ല ഒരു വീട്ടിലാണ് താമസം കിട്ടിയത്. ഉച്ച കഴിഞ്ഞ ഞങ്ങള്‍ അവിടുത്തെ റൂമില്‍ കിടന്നുറങ്ങി. വൈകുന്നേരം ആര് മണിക്ക് ആരോ വാതിലില്‍ തട്ടുന്ന ശബ്ദം കേട്ട് തുറന്നു നോക്കിയപ്പോള്‍ നാസര്‍ക്കായുടെ ഭാര്യയും മകളും ചായയും പഴംപൊരിയുമായി നില്‍ക്കുന്നു. അങ്ങിനെ വലിയ സല്‍ക്കാരം.ഞങ്ങള്‍ക്കും ആ കുടുംബത്തോട് വലിയ ഇഷ്ട്ടമായി. കളിക്കളത്തിലെത്തിയപ്പോഴാണ് മനസിലാകുന്നത് നമ്മുടെ ടീം മാത്രമേ കേരളത്തില്‍ നിന്നും പ്ലയേഴ്സിനെ വിളിച്ചിട്ടുള്ളൂ. ഔട്ട് ഓഫ് സ്റ്റേറ്റ് മൂന്ന് പ്ലയെര്‌സ് മാത്രമേ പറ്റൂ. ബാക്കിയുള്ളവരെല്ലാം നാടന്‍സ് ആന്‍ഡ് കിളവന്‍സ്. ഓപ്പോസിറ്റ് ടീം കര്‍ണാടകയുടെ ഫുള്‍ ടീം ഉണ്ട്. അങ്ങിനെ ഫൈനലിലെത്തി.

കര്‍ണാടകയുടെ ക്യാപ്റ്റന്‍ രവിയും സംഘവും. ഞങ്ങള്‍ക്കുള്ളത് ഒരു ബ്ലോക്കറും ഒരു കൗണ്ടറും ഒരു സെറ്ററും. പിന്നെ ഒരു മാര്‍ഗ്ഗമേയുള്ളോ വിബിനോടും വിമലിനോടും മിസ് ആയാലും കുഴപ്പമില്ല കനത്ത ജമ്പിങ് സര്‍വീസ് അടിക്കാന്‍ പറഞ്ഞു. തീമഴ പോലത്തെ ജമ്പിങ് സെര്‍വീസുകള്‍. അല്‍പ്പം ലൈറ്റ് കുറവുള്ളത് കൊണ്ട് സെര്‍വില്‍ തുടര്‍ച്ചയായി വിമലും വിബിനും പോയിന്റ് എടുക്കുന്നു. പക്ഷെ കുപ്പി രവി അവിടുന്ന് തകര്‍ത്ത കളി. എന്തായാലും അഞ്ചാം സെറ്റിലേക്ക് മത്സരം നീളുന്നു. അഞ്ചാം സെറ്റില്‍ വ്യക്തമായ പോയിന്റ് ലീഡ് കിട്ടി.

12 -8 നു ലീഡ് ചെയ്യുമ്പോള്‍ കളി എന്തായാലും ആ ടീം തോല്‍ക്കും എന്നെറെക്കുറെ ഉറപ്പായപ്പോള്‍ അവസാനം അവരുടെ സ്‌പോണ്‍സര്‍ ഒന്ന് ചുമ്മാ ഇറങ്ങി. സെര്‍വ് കഴിഞ്ഞു 2 സോണില്‍ ഡിഫന്‍സ് കളിയ്ക്കാന്‍ ഓടി വന്നാല്‍പോഴാണ് നമ്മുടെ വിമല്‍ ടി ജേക്കബിന്റെ വക തല വളച്ചു ഒരു കൊക്കി ബോള്‍. കൊടുത്തു മുഴുവന്‍ ശക്തിയുമെടുത്തു. അടി കൊണ്ടത് അയാളുടെ അടിവയറിനു തന്നെയായിരുന്നു. അതായതു എന്നെ തോക്കു കാണിച്ചു പേടിപ്പിച്ചവന്‍ തന്നെ. കളി അവര്‍ തോറ്റു. മുന്‍പ് ഭീഷണി പെടുത്തിയാവന്റെ അടിവയറിനു അടികൊടുത്തപ്പോള്‍ കിട്ടിയ സന്തോഷവും നാസര്‍ക്കായുടെയും കുടുംബത്തിന്റെയും അവരുടെ ക്ലബ് മെമ്പര്‍മാരുടെയും സ്‌നേഹാദരങ്ങള്‍ ഏറ്റു വാങ്ങിക്കൊണ്ടു അദ്ദേഹത്തിന്റെ വണ്ടിയില്‍ തന്നെ നാട്ടിലേക്കു. പിന്നീട് ഒരുപാടു വിളിച്ചെങ്കിലും അങ്ങോട്ട് പോയിട്ടില്ല.

click me!