
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍(French Open)ക്വാര്‍ട്ടറില്‍ നൊവാക് ജോക്കോവിച്ചിനെതിരായ(Novak Djokovic) റാഫേല്‍ നദാലിന്‍റെ(Rafael Nadal) ക്വാര്‍ട്ടര്‍ പോരാട്ടം നാളെ രാത്രി നടക്കും. ആദ്യ ക്വാര്‍ട്ടറില്‍ കാര്‍ലോസ് അല്‍ക്കാറസും അലക്സാണ്ടര്‍ സ്വരേവും തമ്മിലുള്ളു പോരാട്ടം വൈകിട്ട് നടക്കും. ഇതിനുശേഷമാകും നദാല്‍-ജോക്കോ ക്ലാസിക് പോരാട്ടം.
മത്സരം പകല്‍ നടത്തണമെന്ന് നദാല്‍ സംഘാടകരോട് ആവശ്യപ്പെട്ടിരുന്നു. കളിമണ്‍ കോര്‍ട്ടില്‍ രാത്രി കളിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്ന് നദാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. രാത്രി അന്തരീക്ഷ ആര്‍ദ്രത കൂടുതലായിരിക്കുമെന്നതും പന്തിന് വേഗം കുറവായിരിക്കുമെന്നതും തണുപ്പ് കൂടുതലാണെങ്കില്‍ കളിക്കുക വലിയ വെല്ലുവിളിയാണെന്നും നദാല്‍ പറഞ്ഞിരുന്നു. കളിമണ്‍ കോര്‍ട്ടില്‍ രാത്രി കളിക്കുന്നതും പകല്‍ കളിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും നദാല്‍ പറഞ്ഞു.
എന്നാല്‍ നദാലുമായുള്ള പോരാട്ടം രാത്രി എത്ര വൈകാമോ അത്രയും വൈകി കളിക്കുന്നതാണ് തനിക്ക് ഇഷ്ടമെന്ന് ജോക്കോവിച്ച് വ്യക്തമാക്കി. കളിമണ്‍ കോര്‍ട്ടിലെ രാത്രി പോരാട്ടം കനത്ത വെല്ലുവിളിയാണെന്ന് അലക്സാണ്ടര്‍ സ്വരേവും നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ടൂര്‍ണമെന്‍റിന്‍റെ ഔദ്യോഗിക ബ്രോഡ്‌കാസ്റ്റര്‍മാരുമായുള്ള കരാര്‍ അനുസരിച്ച് പ്രൈം ടൈമില്‍ 10 രാത്രി മത്സരങ്ങളാണ് ഉറപ്പ് നല്‍കിയിരിക്കുന്നത് എന്നതിനാല്‍ മത്സരം മാറ്റാനാവില്ലെന്നാണ് സംഘാടകരുടം നിലപാട്.
അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ ഓഗര്‍ അലിയാസ്മെയെ തോല്‍പ്പിച്ചാണ് നദാല്‍ ക്വാര്‍ട്ടറിലെത്തിയത്. ഷ്വാര്‍ട്സ്‌മാനെ നേരിട്ട സെറ്റുകളില്‍ തകര്‍ത്താണ് ജോക്കോവിച്ച് ക്വാര്‍ട്ടറിലെത്തിയത്. പ്രാദേശിക സമയം നാളെ രാത്രി 8.45 മുക്കാലിനാണ് നദാല്‍-ജോക്കോവിച്ച് ക്വാര്‍ട്ടര്‍ പോരാട്ടം.