ഇന്ത്യക്ക് സന്തോഷ വാര്‍ത്ത! ലോകകപ്പ് വേദിയൊരുക്കാന്‍ അവസരമൊരുങ്ങി; വെടിവെച്ച് വീഴ്ത്തേണ്ടത് മെഡലുകള്‍

By Web TeamFirst Published Sep 7, 2022, 8:33 PM IST
Highlights

നഗരം സൃഷ്ടിച്ച ലോകോത്തര ഷൂട്ടിംഗ് റേഞ്ച് ഉൾപ്പെടെയുള്ള കായിക അടിസ്ഥാന സൗകര്യങ്ങൾ പ്രദർശിപ്പിക്കാനുള്ള അവസരമാണ് ഇതെന്ന് മധ്യപ്രദേശ് കായിക മന്ത്രി യശോദര സിന്ധ്യ പറഞ്ഞു. 2022ലെ ഐഎസ്എസ്എഫ് ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യയാണ് കിരീടം നേടിയിരുന്നത്.

ദില്ലി: അടുത്ത വര്‍ഷത്തെ ഷൂട്ടിംഗ് ലോകകപ്പിന് ഭോപ്പാല്‍ വേദിയാകും. ഇന്ത്യന്‍ താരങ്ങള്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോക പോരാട്ടത്തിന് വേദിയാകുന്നതിന്‍റെ സന്തോഷത്തിലാണ് ഭോപ്പാല്‍. നഗരം സൃഷ്ടിച്ച ലോകോത്തര ഷൂട്ടിംഗ് റേഞ്ച് ഉൾപ്പെടെയുള്ള കായിക അടിസ്ഥാന സൗകര്യങ്ങൾ പ്രദർശിപ്പിക്കാനുള്ള അവസരമാണ് ഇതെന്ന് മധ്യപ്രദേശ് കായിക മന്ത്രി യശോദര സിന്ധ്യ പറഞ്ഞു. 2022ലെ ഐഎസ്എസ്എഫ് ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യയാണ് കിരീടം നേടിയിരുന്നത്.

15 മെഡലുകള്‍ നേടിക്കൊണ്ടാണ് ഇന്ത്യ ഒന്നാമത്തെത്തിയത്. ഷൂട്ടിങ് ലോകകപ്പില്‍ സ്‌കീറ്റ് വിഭാഗത്തില്‍ ഇന്ത്യ ആദ്യമായി സ്വര്‍ണം നേടിയ ലോകകപ്പായിരുന്നു 2022ലേത്. വെറ്ററന്‍ ഇന്ത്യന്‍ ഷൂട്ടര്‍ മായിരാജ് അഹമ്മദ് ഖാന്‍ ആയിരുന്നു മിന്നുന്ന നേട്ടം പേരിലെഴുതിയത്. അഞ്ച് സ്വര്‍ണവും ആറ് വെള്ളിയും നാല് വെങ്കലവുമാണ് ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്. നാല് സ്വര്‍ണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 12 മെഡലുകള്‍ നേടിയ ആതിഥേയരായ കൊറിയ രണ്ടാമതും നാല് സ്വര്‍ണവും രണ്ട് വെങ്കലവുമടക്കം ആറുമെഡലുകള്‍ നേടിയ ചെക്ക് റിപ്പബ്ലിക്ക് മൂന്നാമതുമെത്തിയിരുന്നു.

ചൈന, സെര്‍ബിയ എന്നീ രാജ്യങ്ങളാണ് നാല്, അഞ്ച് സ്ഥാനങ്ങളില്‍. ഷൂട്ടിംഗില്‍ വലിയ പ്രതീക്ഷകള്‍ ഉള്ള ഇന്ത്യക്ക് ലോകകപ്പിന് വേദിയൊരുക്കാന്‍ സാധിക്കുന്നത് വലിയ നേട്ടമാണ്. നേരത്തെ, 2020ല്‍ കൊറോണ വൈറസ് ഭീതിയെത്തുടര്‍ന്ന് ദില്ലിയില്‍ നടക്കേണ്ട ഷൂട്ടിംഗ് ലോകകപ്പ് റദ്ദാക്കിയിരുന്നു.

റൈഫിള്‍, പിസ്റ്റള്‍, ഹാന്‍ഡ് ഗണ്‍ വിഭാഗങ്ങളില്‍ 2020 മാര്‍ച്ച് 15ന്  തുടങ്ങേണ്ടിയിരുന്ന ടൂര്‍ണമെന്റ് കൊവിഡ് ഭീതിയെത്തുടര്‍ന്ന് മെയ് മാസത്തില്‍ രണ്ട് ഘട്ടമായി നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ ടൂര്‍ണമെന്റ് പൂര്‍ണമായും റദ്ദാക്കുകയാണെന്ന് ഇന്റര്‍നാഷണല്‍ ഷൂട്ടിംഗ് സ്പോര്‍ട്സ് ഫെഡറേഷന്‍ (ഐഎസ്എസ്എഫ്) അറിയിക്കുകയായിരുന്നു. 

click me!