8.96 സെക്കന്‍ഡില്‍ 100 മീറ്റര്‍! കമ്പളയോട്ടത്തില്‍ വീണ്ടും റെക്കോര്‍ഡിട്ട് ഇന്ത്യന്‍ ബോള്‍ട്ട്

By Web TeamFirst Published Mar 23, 2021, 12:46 PM IST
Highlights

മംഗളൂരുവില്‍ നടന്ന മത്സരത്തില്‍ പുതിയ റെക്കോഡിട്ടതായി സംഘാടകര്‍. 125 മീറ്റർ ട്രാക്ക് പിന്നിട്ടത് 11.21 സെക്കന്‍ഡില്‍. 

മംഗളൂരു: കമ്പളയോട്ട മത്സരത്തില്‍ വീണ്ടും റെക്കോഡിട്ട് 'ഇന്ത്യന്‍ ബോൾട്ട്' ശ്രീനിവാസ ഗൗഡ. മംഗളൂരുവില്‍ നടന്ന മത്സരത്തില്‍ 125 മീറ്റ‌ർ നീളമുള്ള ട്രാക്ക് 11.21 സെക്കന്‍ഡില്‍ പിന്നിട്ടാണ് ശ്രീനിവാസ ഗൗഡ റെക്കോഡ് തിരുത്തിയത്. 

മംഗളൂരു ബല്‍ത്തങ്ങാടിയില്‍ നടന്ന സൂര്യ ചന്ദ്ര ജോതുകെരെ കമ്പളയോട്ട മത്സരത്തിലാണ് ശ്രീനിവാസ ഗൗഡയുടെ നേട്ടം. 125 മീറ്റർ നീളമുളള കമ്പള ട്രാക്ക് ഇത്തവണ 11.21 സെക്കന്‍ഡില്‍ ശ്രീനിവാസ ഗൗഡ ഓടിത്തീര്‍ത്തെന്ന് സംഘാടകർ അറിയിച്ചു. 100 മീറ്റർ പിന്നിടാന്‍ 8.96 സെക്കന്‍ഡ് മാത്രമാണെടുത്തതെന്നും സംഘാടകർ വ്യക്തമാക്കി. ലോക റെക്കോര്‍ഡിനുടമായ ഉസൈന്‍ ബോള്‍ട്ട് 9.58 സെക്കന്‍ഡിലാണ് 100 മീറ്റര്‍ പൂര്‍ത്തിയാക്കിയത്. ഇതോടെ ഗൗഡ സമൂഹമാധ്യമങ്ങളില്‍ വീണ്ടും ചർച്ചയാവുകയാണ്. 

കെട്ടിടനിർമാണ തൊഴിലാളിയായ ശ്രീനിവാസ ഗൗഡയുടെ വേഗം വാർത്തകളില്‍ നിറ‌ഞ്ഞതിനെ തുടർന്ന് കേന്ദ്ര കായികമന്ത്രി കിരൺ റിജിജു കഴിഞ്ഞ വർഷം സ്‌പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ട്രയല്‍സിന് ക്ഷണിച്ചിരുന്നു. എന്നാല്‍ ക്ഷണം നിരസിച്ച ശ്രീനിവാസ ഗൗഡ കമ്പളയോട്ടത്തില്‍തന്നെ ശ്രദ്ധ തുടരുമെന്ന് അറിയിക്കുകയായിരുന്നു. 

'ഞാന്‍ നിര്‍മ്മാണത്തൊഴിലാളിയാണ്, എന്റെ സിക്‌സ് പാക്കിന്റെ രഹസ്യവും അതാണ്'

click me!