Tom Joseph : പ്രൊഫഷണൽ വോളിയിൽ ഉടന്‍ വിരമിക്കല്‍, പ്രൈം വോളി ലീഗിന് ആര്‍ക്കും തുരങ്കം വയ്ക്കാനാകില്ല: ടോം ജോസഫ്

Published : Jan 04, 2022, 10:32 AM ISTUpdated : Jan 04, 2022, 10:43 AM IST
Tom Joseph : പ്രൊഫഷണൽ വോളിയിൽ ഉടന്‍ വിരമിക്കല്‍, പ്രൈം വോളി ലീഗിന് ആര്‍ക്കും തുരങ്കം വയ്ക്കാനാകില്ല: ടോം ജോസഫ്

Synopsis

ഒന്നരപതിറ്റാണ്ടിലധികമായി വോളിബോള്‍ കോര്‍ട്ടുകളില്‍ ഇടിമുഴക്കമാണ് ഇന്ത്യന്‍ മുന്‍ നായകന്‍ ടോം ജോസഫ്

കൊച്ചി: പരിശീലക പദവിയിലേക്കുള്ള ചുവടുമാറ്റത്തിന് ഒരുങ്ങി വോളിബോള്‍ താരം ടോം ജോസഫ് (Tom Joseph). പ്രൊഫഷണൽ വോളിയിൽ (Professional volleyball) നിന്ന് ഉടന്‍ വിരമിക്കുമെന്നും ടോം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിടവാങ്ങള്‍ മത്സരം കളിക്കാനുള്ള ആഗ്രഹം ഇന്ത്യന്‍ വോളിയിലെ സൂപ്പര്‍താരം മറച്ചുവെച്ചില്ല. പ്രൈം വോളി ലീഗിന് (Prime Volleyball League) തുരങ്കം വയ്ക്കാനുള്ള വോളിബോള്‍ ഫെഡറേഷന്‍ (Volleyball Federation of India) നീക്കങ്ങള്‍ വിജയിക്കില്ലെന്നും ടോം കൂട്ടിച്ചേര്‍ത്തു. 

ഒന്നരപതിറ്റാണ്ടിലധികമായി വോളിബോള്‍ കോര്‍ട്ടുകളില്‍ ഇടിമുഴക്കമാണ് ടോം ജോസഫ്. ഇന്ത്യന്‍ മുന്‍ നായകന്‍ കൂടിയായ ടോം നിരവധി ചാമ്പ്യന്‍ഷിപ്പുകളില്‍ രാജ്യത്തെയും സംസ്ഥാനത്തേയും പ്രതിനിധീകരിച്ചു. അര്‍ജുന അവാര്‍ഡിലൂടെ രാജ്യത്തിന്‍റെ ആദരമേറ്റു വാങ്ങിയ അഭിമാനതാരം പരിശീലകന്‍റെ റോളിലേക്ക് മാറുകയാണ്. അടുത്തമാസം തുടങ്ങുന്ന പ്രൈം വോളിബോള്‍ ലീഗിലെ ഹൈദരാബാദ് ബ്ലാക്ക് ഹോക്സ് ടീമിൽ സഹപരിശീലകനാണ് ടോം. വിടവാങ്ങൽ മത്സരത്തിലൂടെ കളിക്കാരന്‍റെ വേഷം അഴിച്ചുവയ്ക്കണമെന്നാണ് ആഗ്രഹമെന്ന് ടോം പറയുന്നു.  

ഇടിമുഴക്കമാകാന്‍ പ്രൈം വോളിബോള്‍ ലീഗ് 

പ്രൈം വോളിബോള്‍ ലീഗില്‍ ആകെ ഏഴ് ടീമുകളാകും മാറ്റുരക്കുക. കേരളത്തില്‍ നിന്നുള്ള രണ്ട് ടീമുകളായ കാലിക്കറ്റ് ഹീറോസ്, കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് എന്നിവയ്ക്ക് പുറമെ അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്സ്, ചെന്നൈ ബ്ലിറ്റ്സ്, ബെംഗളൂരു ടോര്‍പിഡോസ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട് എന്നിവയാണ് മറ്റു ടീമുകള്‍. ആകെ 24 മത്സരങ്ങളാകും ടൂര്‍ണമെന്‍റിലുണ്ടാകുക. പ്രാഥമിക ഘട്ടത്തില്‍ ടീമുകള്‍ പരസ്പരം രണ്ടുതവണ ഏറ്റുമുട്ടും. മികച്ച നാലു ടീമുകള്‍ സെമിയിലേക്ക് മുന്നേറും. സോണി പിക്ചേഴ്സ് നെറ്റ്‌വര്‍ക്കില്‍ മത്സരങ്ങളുടെ തത്സമയ സംപ്രേഷണമുണ്ടാകും.

പ്രൈം വോളിബോൾ ലീഗിൽ ടോം ജോസഫിന് പുറമെ അ‍ഞ്ച് മലയാളികള്‍ കൂടി പരിശീലകരാകുന്നുണ്ട്. മുൻ ഇന്ത്യൻ താരം കിഷോർ കുമാറാണ് കാലിക്കറ്റ് ഹീറോസിന്‍റെ മുഖ്യ പരിശീലകൻ‌. മുൻ ദേശീയ താരം സി.വി.നജീബ് സഹ പരിശീലകനാണ്. മുൻ ഇന്ത്യൻ പരിശീലകൻ സണ്ണി ജോസഫ് കൊൽക്കത്ത തണ്ടർബോൾട്ട് ടീമിന്‍റെ മുഖ്യ പരിശീലകനും മുൻ സർ‌വീസസ് താരം സിജു ജോസഫ് സഹ പരിശീലകനുമാണ്. കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന്‍റെ സഹപരിശീലകൻ എസ്.ടി.ഹരിലാലാണ്.

Prime Volleyball League : പ്രൈം വോളിബോള്‍ ലീഗില്‍ ടോം ജോസഫ് ഹൈദരാബ് ടീമിന്‍റെ സഹ പരിശീലകന്‍

PREV
click me!

Recommended Stories

രാജ്യാന്തര എന്‍ഫോഴ്‌സ്‌മെന്റ് എക്‌സ്‌ചേഞ്ച്: ഇന്ത്യന്‍ സംഘത്തില്‍ റോയ് വര്‍ഗീസും
വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി