ഏകാഗ്രതയ്ക്ക് സ്‍മാര്‍ട്ട് റിംഗുകള്‍; 'ധ്യാന'യുമായി സഹകരിച്ച് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍

By Web TeamFirst Published Jul 12, 2021, 7:41 PM IST
Highlights

ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഇതിഹാസം പുല്ലേല ഗോപിചന്ദും ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥിയും ബയോമെഡിക്കല്‍ ടെക്‌നോളജി സംരംഭകനുമായ ഭൈരവ് ശങ്കറുമാണ് റിംഗ് വികസിപ്പിച്ചത്.

ദില്ലി: ഒളിംപിക്‌സ് പോലെ വലിയ കായികമേളയുടെ ഭാഗമാവുന്ന താരങ്ങള്‍ക്ക് ഏകാഗ്രത അനിവാര്യമാണ്. നേരിയ അശ്രദ്ധ പോലും വലിയ നഷ്ടങ്ങള്‍ക്ക് കാരണമാവും. ടോക്കിയോ ഒളിംപിക്‌സ് അടുത്തിരിക്കെ അത്തരമൊരു സാഹചര്യം ഇന്ത്യന്‍ താരങ്ങള്‍ക്ക് ഉണ്ടാവരുതെന്ന നിര്‍ബന്ധത്തിലാണ് ഒളിംപിക് അസോസിയേഷന്‍. ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കാന്‍ 'ധ്യാന'യെന്ന സ്റ്റാര്‍ട്ടപ്പുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുയാണ് അസോസിയേഷന്‍. മഹാമാരിയുടെ കാലത്തും താരങ്ങളുടെ മാനസികാരോഗ്യം നിയന്ത്രിക്കാനും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനും കഴിയുന്ന പ്രത്യേകതരം സ്മാര്‍ട്ട് റിംഗുകളാണ് ധ്യാന വികസിപ്പിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഇതിഹാസം പുല്ലേല ഗോപിചന്ദും ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥിയും ബയോമെഡിക്കല്‍ ടെക്‌നോളജി സംരംഭകനുമായ ഭൈരവ് ശങ്കറുമാണ് റിംഗ് വികസിപ്പിച്ചത്. ഒരു ധ്യാന സെഷനില്‍  യഥാര്‍ത്ഥത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമയം, ഹൃദയമിടിപ്പ് വ്യത്യാസം (എച്ച്ആര്‍വി), അല്ലെങ്കില്‍ തുടര്‍ച്ചയായ രണ്ട് ഹൃദയമിടിപ്പുകള്‍ക്കിടയിലുള്ള വിടവ് എന്നിവ കൃത്യമായി അളക്കാന്‍ ഇതിലൂടെ സഹായിക്കും. ഇതിലൂടെ ഓരോ ധ്യാന സെഷനും ശ്വസന നിലവാരം, ലക്ഷ്യം, വിശ്രമം എന്നിങ്ങനെ മൂന്ന് അടിസ്ഥാന ഘടകങ്ങളായി ക്രമീകരിക്കാനും കഴിയും. തന്റെ വിദ്യാര്‍ത്ഥികളുടെ ഫോക്കസ് മെച്ചപ്പെടുത്താനും മാനസികാരോഗ്യം നേടാനും ഗോപിചന്ദ് ഈ സ്മാര്‍ട്ട് റിംഗുകള്‍ ഉപയോഗിച്ചിരുന്നു.

2018ല്‍ ലോസാനില്‍ ചേര്‍ന്ന അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി (ഐഒസി) കായികരംഗത്ത് മാനസികാരോഗ്യം ഉറപ്പാക്കണെന്ന തീരുമാനത്തിലെത്തിയിരുന്നു. ഇന്ത്യക്കാവട്ടെ യോഗ പോലെ ധ്യാനത്തിനും ആഴത്തിലുള്ള വേരുകളുണ്ട്. ഇക്കാര്യം ഐഒസിക്കും ബോധ്യപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ അതിനെ എങ്ങനെ സാങ്കേതികവിദ്യയുമായി ബന്ധപ്പെടുത്താമെന്നുള്ളതായിരുന്നു ഒരു വെല്ലുവിളി. എന്നാല്‍ ധ്യാനയ്ക്ക് അതിന് കഴിഞ്ഞു. ഒളിംപിക്‌സില്‍ ഉപയോഗിക്കുന്ന ആദ്യത്തെ ധ്യാന ഉപകരണമായി മാറാനും സാധിച്ചു. ''സമ്മര്‍ദ്ദം കൈകാര്യം ചെയ്യുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ഈ സ്മാര്‍ട്ട് റിംഗ് സഹായിക്കുന്നുവെന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നു.'' ധ്യാന എംഡി ഭൈരവ് ശങ്കര്‍ പറഞ്ഞു. 

''2020 ഒളിംപിക്‌സ് ഗെയിംസ് വളരെ വെല്ലുവിളി ഉയര്‍ത്തും. എന്റെ കരിയറിലെ മുഴുവന്‍ സമയത്തും ധ്യാനത്തെ ആശ്രയിച്ചിട്ടുണ്ട്. ധ്യാനയുടെ സഹായത്തോടെ ധ്യാനം ഇന്ത്യന്‍ സംഘത്തിന് സഹായകമാവും. അവരുടെ മുഴുവന്‍ കഴിവുകളും പുറത്തെടുക്കാന്‍ ഗുണം ചെയ്യും.'' ധ്യാന ഡയറക്ടറും ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീമിന്റെ ചീഫ് കോച്ചുമായ പുല്ലേല ഗോപിചന്ദ് പറഞ്ഞു.

click me!