ഒളിംപിക്‌സ് റദ്ദാക്കുന്ന കാര്യം ചര്‍ച്ചയിലില്ലെന്ന് ഐഒസി പ്രസിഡന്‍റ് തോമസ് ബാഷ്

By Web TeamFirst Published Mar 21, 2020, 9:10 AM IST
Highlights

ഒളിംപിക്‌സ് റദ്ദാക്കുന്നത് അജണ്ടയില്‍ ഇല്ലെന്ന് രാജ്യാന്തര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാഷ്. കൊവിഡ് ഭീതി വ്യാപകമെങ്കിലും, ഗെയിംസ് നടത്താന്‍ കഴിയുന്ന സാധ്യതകള്‍ ഐഒസി ഇപ്പോഴും തേടുകയാണെന്നും ബാഷ് പറഞ്ഞു.

ടോക്കിയോ: ഒളിംപിക്‌സ് റദ്ദാക്കുന്നത് അജണ്ടയില്‍ ഇല്ലെന്ന് രാജ്യാന്തര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാഷ്. കൊവിഡ് ഭീതി വ്യാപകമെങ്കിലും, ഗെയിംസ് നടത്താന്‍ കഴിയുന്ന സാധ്യതകള്‍ ഐഒസി ഇപ്പോഴും തേടുകയാണെന്നും ബാഷ് പറഞ്ഞു. ഒരു അമേരിക്കന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബാഷിന്റെ പ്രതികരണം. ഇപ്പോഴേ ഗെയിംസ് നീട്ടിവയ്‌ക്കേണ്ട തീരുമാനം എടുക്കേണ്ടതില്ല. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം സ്വീകരിച്ചാകും അന്തിമ തീരുമാനമെന്നും ബാഷ് വ്യക്തമാക്കി. 

സാമ്പത്തിക താത്പര്യം അല്ല കായികതാരങ്ങളുടെയും ആരാധകരുടെയും ആരോഗ്യം പരിഗണിച്ചാകും അന്തിമ തീരുമാനം എന്നും ബാഷ് വിശദീകരിച്ചു. ജൂലൈ 24 മുതല്‍ ഓഗസ്റ്റ് 9 വരെയാണ് ടോക്കിയോ ഒളിംപിക്‌സ് നിശ്ചയിച്ചിരിക്കുന്നത്. ആശങ്കകള്‍ക്കിടെ ഒളിംപിക്‌സ് ദീപശിഖ ജപ്പാന് കൈമാറിയിരുന്നു. 

ജപ്പാന്‍ എയര്‍ലൈന്‍സിന്റെ പ്രത്യേക വിമാനത്തില്‍ മതുഷിമ വ്യോമത്താവളത്തില്‍ എത്തിച്ചദീപശിഖ, ഒളിംപിക് മെഡല്‍ ജേതാക്കളായ തദാഹിറ നൊമുറയും, സവോറി യോഷിദയും ചേര്‍ന്ന് ഏറ്റുവാങ്ങുകയായിരുന്നു.

click me!