Neeraj Chopra : 90 മീറ്റർ താണ്ടുമോ? നീരജ് ചോപ്ര ഇന്ന് മത്സരത്തിന്; ആകാംക്ഷയോടെ ഇന്ത്യന്‍ കായികരംഗം

Published : Jun 18, 2022, 10:53 AM ISTUpdated : Jun 18, 2022, 10:58 AM IST
Neeraj Chopra : 90 മീറ്റർ താണ്ടുമോ? നീരജ് ചോപ്ര ഇന്ന് മത്സരത്തിന്; ആകാംക്ഷയോടെ ഇന്ത്യന്‍ കായികരംഗം

Synopsis

പാവോ നൂർമി ഗെയിംസിൽ 89.3 മീറ്റർ ദൂരമെറിഞ്ഞ് കഴിഞ്ഞയാഴ്ച നീരജ് വെള്ളി നേടിയിരുന്നു

കുർതാനെ: ജാവലിന്‍ ത്രോയിലെ ഒളിംപിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര(Neeraj Chopra) ഇന്ന് വീണ്ടും മത്സരത്തിനിറങ്ങും. ഫിൻലൻഡിലെ കുർതാനെ ഗെയിംസിൽ(Kuortane Games) നീരജ് മാറ്റുരയ്ക്കും. ഇന്ത്യൻ സമയം രാത്രി ഒൻപതേകാലിനാണ് ജാവലിൻ ത്രോ(Javelin throw) മത്സരം തുടങ്ങുക. നീരജ് 90 മീറ്റർ ദൂരം പിന്നിടുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 

പാവോ നൂർമി ഗെയിംസിൽ 89.3 മീറ്റർ ദൂരമെറിഞ്ഞ് കഴിഞ്ഞയാഴ്ച നീരജ് വെള്ളി നേടിയിരുന്നു. ഒളിംപിക്സിലെ സുവർണനേട്ടത്തിന് ശേഷം 10 മാസത്തെ ഇടവേള കഴിഞ്ഞുള്ള മത്സരമായിരുന്നു ഇത്. 90 മീറ്റർ എന്ന ലക്ഷ്യത്തിലെത്താൻ സീസണിലെ രണ്ടാമത്തെ അവസരമാണ് ഇന്ന് കുർതാനെ ഗെയിംസിൽ ഇന്ത്യൻ താരത്തിന്. കഴിഞ്ഞ ഒരു മാസമായി ഫിൻലൻഡിലാണ് പരിശീലനമെന്നത് നീരജിന് നേട്ടമാണ്. എന്നാൽ കടുത്ത വെല്ലുവിളിയാണ് സഹതാരങ്ങളിൽ നിന്ന് നീരജിന് നേരിടേണ്ടി വരിക.

പാവോ നൂർമി ഗെയിംസിൽ സ്വർണം നേടിയ ആതിഥേയ താരം ഒളിവർ ഹെലാൻഡർ കുർതാനെ ഗെയിംസിലും മത്സരിക്കുന്നുണ്ട്. സീസണിൽ 93.07 മീറ്റർ ദൂരം കണ്ടെത്തിയ ലോക ചാംപ്യൻ ആൻഡേഴ്സൻ പീറ്റേഴ്സും മറ്റൊരു പ്രധാന എതിരാളി. പാവോ നൂർമി ഗെയിംസിൽ നീരജിന് പിന്നിൽ മൂന്നാം സ്ഥാനത്താണ് ആൻഡേഴ്സൻ പീറ്റേഴ്സ് ഫിനിഷ് ചെയ്തത്. 2012ലെ ഒളിംപിക് ചാംപ്യൻ കെഷോൺ വാൽക്കോട്ടും ഗെയിംസിനെത്തും. ടോക്കിയോ ഒളിംപിക്സിലെ വെള്ളിമെഡൽ ജേതാവ് ചെക്ക് താരം ജാക്കുബും ജർമ്മൻ താരം ജൂലിയൻ വെബ്ബറും മത്സരിക്കില്ല.

കഴിഞ്ഞ വർഷത്തെ ചാംപ്യൻ ജോഹാന്നസ് വെറ്ററും ഇത്തവണയില്ല. 90 മീറ്റർ മറികടന്നാൽ നേട്ടത്തിലെത്തുന്ന 22-ാം കായികതാരമാകും നീരജ് ചോപ്ര. മുപ്പതാം തീയതി സ്റ്റോക്ഹോമിൽ ഡയമണ്ട് ലീഗിലും നീരജ് ചോപ്ര മത്സരിക്കും. അടുത്ത മാസം നടക്കുന്ന ലോക ചാംപ്യൻഷിപ്പും തുടർന്നുള്ള കോമൺവെൽത്ത് ഗെയിംസുമാണ് ഒളിംപിക്സിന് മുൻപ് നീരജിന്‍റെ പ്രധാനലക്ഷ്യം.

Neeraj Chopra : 90 മീറ്റര്‍ മറികടക്കാന്‍ കഴിയും; ആത്മവിശ്വാസം പ്രകടിപ്പിച്ച് ജാവലിന്‍ താരം നീരജ് ചോപ്ര

PREV
Read more Articles on
click me!

Recommended Stories

രാജ്യാന്തര എന്‍ഫോഴ്‌സ്‌മെന്റ് എക്‌സ്‌ചേഞ്ച്: ഇന്ത്യന്‍ സംഘത്തില്‍ റോയ് വര്‍ഗീസും
വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി