ഒളിംപിക്സിലെ 'ആന്‍റി സെക്സ് കട്ടിലുകള്‍'ക്ക് പുതിയ ഉപയോഗം കണ്ടെത്തി ജപ്പാന്‍

By Web TeamFirst Published Sep 14, 2021, 5:17 PM IST
Highlights

കൊവിഡ് കാരണം ഈ മാസം 30വരെ ടോക്കിയോയിലും മറ്റ് 18 മേഖലകളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ആ സാഹചര്യത്തില്‍ ഒളിംപിക്സില്‍ കായികതാരങ്ങള്‍ക്ക് നല്‍കിയ ആന്‍റി സെക്സ് കട്ടിലുകള്‍ കൊവിഡ് ആശുപത്രികളിലെ രോഗികള്‍ക്ക് നല്‍കാനാണ് ജപ്പാന്‍റെ തീരുമാനം.

ടോക്കിയോ: കൊവിഡ് മഹാമാരിക്കാലത്ത് ടോക്കിയോയിയല്‍ നടന്ന ഒളിംപിക്സില്‍ ഏറ്റവും വലിയ ചര്‍ച്ചാ വിഷയമായിരുന്നു കായികതാരങ്ങള്‍ക്കായി ഒളിംപിക്സ് വില്ലേജില്‍ വിതരണം ചെയ്ത ആന്‍റി സെക്സ് കട്ടിലുകള്‍. ഒളിംപിക്സിനിടെ കായിക താരങ്ങള്‍ തമ്മില്‍ അടുത്തിടപഴകുകയോ ലൈംഗിക ബന്ധത്തത്തില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്താനായി സംഘാടകര്‍ കണ്ടെത്തിയ എളുപ്പമാര്‍ഗമായിരുന്നു ഒളിംപിക്സ് വില്ലേജിലെ കാര്‍ബോര്‍ഡ് കട്ടിലുകള്‍. ഒളിംപിക്സിനുശേഷം കാര്‍ബോര്‍ഡ് കട്ടിലുകള്‍ ഉപയോഗശൂന്യമാകുമെന്ന് കരുതിയിരിക്കെയാണ് എന്തും പുനരുപയോഗിക്കുന്നതില്‍ മികവ് കാട്ടാറുള്ള ജപ്പാന്‍കാര്‍ കാര്‍ഡ് ബോര്‍ഡ് കട്ടിലുകള്‍ക്കും പുതിയ സാധ്യത കണ്ടെത്തിയിരിക്കുന്നത്.

കൊവിഡ് കാരണം ഈ മാസം 30വരെ ടോക്കിയോയിലും മറ്റ് 18 മേഖലകളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ആ സാഹചര്യത്തില്‍ ഒളിംപിക്സില്‍ കായികതാരങ്ങള്‍ക്ക് നല്‍കിയ ആന്‍റി സെക്സ് കട്ടിലുകള്‍ കൊവിഡ് ആശുപത്രികളിലെ രോഗികള്‍ക്ക് നല്‍കാനാണ് ജപ്പാന്‍റെ തീരുമാനം. ഒളിംപിക്സിനും പാരാലിംപിക്സിനുമിടെ കായിക താരങ്ങള്‍ ഉപയോഗിച്ച 800 ഓളം കട്ടിലുകളാണ് ഇത്തരത്തില്‍ കൊവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ക്ക് നല്‍കുകയെന്ന് ജപ്പാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഒസാക്ക ഗവര്‍ണര്‍ ഹിരോഫൂമി യോഷിമുറയും റിപ്പോര്‍ട്ടുകള്‍ സ്ഥിരികരിച്ചിട്ടുണ്ട്.  

ഒളിംപിക്സ് വില്ലേജിൽ കായിക താരങ്ങൾ തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് തടയാനാണ് എയർവീവ് എന്ന കമ്പനി പുനരുപയോഗം സാധ്യമാകുന്ന കാർഡ് ബോർഡ് ഉപയോഗിച്ച്  ഈ കട്ടിലുകൾ നിർമിച്ചത്. ഒരാളുടെ ഭാരം മാത്രം താങ്ങാൻ സാധിക്കുന്ന രീതിയിലാണ് കട്ടിലുകള്‍ ഒരുക്കിയിരിക്കുന്നതെന്ന് വാർത്തകളുണ്ടായിരുന്നെങ്കിലും ഐറിഷ് ജിംനാസ്റ്റ് റൈസ് മാക്ക്ലെനാഗൻ, ഇതേ കട്ടിലിനുമുകളിൽ തുടർച്ചയായി ചാടിക്കൊണ്ട് പങ്കുവെച്ച  വീഡിയോ ഒളിംപിക്സിനിടെ സൂപ്പര്‍ ഹിറ്റായിരുന്നു. ഒരാൾക്ക് സുഖമായി കിടക്കാവുന്ന കിടക്ക ഭാരം കൂടിയാൽ ചിലപ്പോൾ പൊളിഞ്ഞു വീഴുമെന്നുള്ള  പ്രചാരണത്തിനാണ് അതോടെ അവസാനമായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!