ഇന്ത്യന്‍ ബോള്‍ട്ടിന് വീണ്ടും മനം മാറ്റം; പുതിയ തീരുമാനവുമായി ശ്രീനിവാസ് ഗൗഡ

By Web TeamFirst Published Feb 17, 2020, 7:42 PM IST
Highlights

ഇത്രയും വേഗതയില്‍ ഓടാന്‍ കഴിയുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. കമ്പള മത്സരത്തില്‍ എനിക്ക് മുമ്പെ ഓടിയ കാളകള്‍ക്കും അതിന്റെ ഉടമയ്ക്കുമാണ് ഞാന്‍ എല്ലാം ക്രെഡിറ്റും നല്‍കുന്നത്

ബെംഗളൂരു: കമ്പള മത്സരത്തിലെ ഞെട്ടിക്കുന്ന വേഗതയിലൂടെ കായിക ലോകത്തിന്റെ ശ്രദ്ധ നേടിയ കർണാടക സ്വദേശി ശ്രീനിവാസ് ഗൗഡ സായ് ട്രയൽസിൽ പങ്കെടുക്കില്ല. ഇന്നലെ ട്രയൽസിൽ പങ്കെടുക്കില്ലെന്ന് പറഞ്ഞ ശ്രീനിവാസ് ഇന്ന് നിലപാട് മാറ്റിയെന്ന് സൂചനയുണ്ടായിരുന്നെങ്കിലും കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുമായുള്ള കൂടിക്കാഴ്ചക്കുശേഷം ട്രയല്‍സില്‍ പങ്കെടുക്കില്ലെന്ന് ആവര്‍ത്തിക്കുകയായിരുന്നു. ട്രാക്കില്‍ ഓടി പരിചയമില്ലാത്തതിനാലാണ് ട്രയല്‍സില്‍ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചതെന്നും ശ്രീനിവാസ് ഗൗഡ വ്യക്തമാക്കി.

ഇത്രയും വേഗതയില്‍ ഓടാന്‍ കഴിയുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. കമ്പള മത്സരത്തില്‍ എനിക്ക് മുമ്പെ ഓടിയ കാളകള്‍ക്കും അതിന്റെ ഉടമയ്ക്കുമാണ് ഞാന്‍ എല്ലാം ക്രെഡിറ്റും നല്‍കുന്നത്. കാരണം കാളകളുടെ ഓട്ടമാണ് എന്റെ വേഗതക്ക് കാരണം. കാളകള്‍ക്ക് ഇതിലും വേഗതയില്‍ ഓടാനാവും. കാളകളുടെ ഉടമ അവയെ നല്ല രീതിയിലാണ് പരിപാലിച്ചിരുന്നതെന്നും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം ശ്രീനിവാസ ഗൗഡ പറഞ്ഞു.

എന്നാല്‍ മാര്‍ച്ച് 10വരെ ശ്രീനിവാസ ഗൗഡ മത്സരങ്ങളുടെ തിരക്കുകളിലാണെന്നും അതിനുശേഷം അദ്ദേഹം ട്രയല്‍സില്‍ പങ്കെടുക്കുമെന്നും കമ്പള അക്കാദമി പ്രസിഡന്റ് ഗുണപാല കഡംബ പറഞ്ഞു. കാളയോട്ടത്തില്‍ പങ്കെടുക്കന്നവര്‍ക്ക് പ്രഫഷണല്‍ രീതിയിലുള്ള മികച്ച പരിശീലനമാണ് നല്‍കുന്നതെന്ന് പറഞ്ഞ ഗുണപാല ശ്രീനിവാസ ഗൗഡയെ ഉസൈന്‍ ബോള്‍ട്ടുമായി താരതമ്യം ചെയ്യാനാവില്ലെന്നും പറഞ്ഞു. ഉസൈന്‍ ബോള്‍ട്ടിനോട് കാളയോട്ട മത്സരത്തില്‍ ഓടാന്‍ പറഞ്ഞാല്‍ അദ്ദേഹത്തിന് ശ്രീനിവാസയുടെ വേഗത്തില്‍ ഓടാനാവില്ലല്ലോ എന്നും ഗുണപാല ചോദിച്ചു.

മൂഡബ്രിദ്രി സ്വദേശിയായ കാളയോട്ടക്കാരന്‍ ശ്രീനിവാസ് ഗൗഡയ്ക്ക് തിങ്കളാഴ്ച ബെംഗലുരുവില്‍ വച്ച് ട്രയല്‍സ് നടത്താനായിരുന്നു തീരുമാനം. ട്രയൽസിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ട് ശ്രീനിവാസ ഗൗഡയ്ക്ക് സായ് ട്രെയിന്‍ ടിക്കറ്റ് നല്‍കിയിരുന്നു. ആദ്യം ട്രയല്‍സില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞ ശ്രീനിവാസ ഗൗഡ ഇന്ന് രാവിലെയോടെ തീരുമാനം മാറ്റിയെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുമായുളള കൂടിക്കാഴ്ചക്കുശേഷം അദ്ദേഹം ട്രയല്‍സില്‍ പങ്കെടുക്കില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയായിരുന്നു.

കമ്പള ഓട്ട മല്‍സരത്തില്‍ ചരിത്രത്തില്‍ ഏറ്റവും വേഗമേറിയ ഓട്ടക്കാരനായി ശ്രീനിവാസ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് തിരഞ്ഞെടുക്കപ്പെട്ടത്. ചെളി പുതഞ്ഞ് കിടക്കുന്ന വയലിലൂടെ ഒരു ജോടി പോത്തുകള്‍ക്കൊപ്പം മത്സരാര്‍ത്ഥി ഓടുന്നതാണ് കമ്പള ഓട്ടം. നിര്‍മാണത്തൊഴിലാളിയായ ശ്രീനിവാസിന്‍റെ മിന്നുന്ന പ്രകടനം ഉസൈന്‍ ബോള്‍ട്ടിനേക്കാള്‍ വേഗത്തിലാണെന്നായിരുന്നു ചില കണക്കുകള്‍ വ്യക്തമാക്കിയത്.  

28കാരനായ ശ്രീനിവാസ് 142 മീറ്റര്‍ കമ്പള ഓട്ടം 13.42 സെക്കന്‍റിൽ പൂര്‍ത്തിയാക്കി. 140 മീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കിയ വേഗം കണക്കുകൂട്ടിയാല്‍ നീറുമീറ്റര്‍ ദൂരം 9.55 സെക്കന്‍റില്‍ ശ്രീനിവാസ് പൂര്‍ത്തിയാക്കുമെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച കണക്ക്. ഇത് ലോകചാമ്പ്യനായ ഉസൈന്‍ ബോള്‍ട്ടിന്‍റെ റെക്കോര്‍ഡിനേക്കാള്‍  0.03 സെക്കന്‍റ് മുന്നിലാണ്.

ചിത്രവും കുറിപ്പും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇത്തരം പ്രകടനങ്ങള്‍ കായിക മന്ത്രാലയം ശ്രദ്ധിക്കുമോയെന്നും നിരവധിപ്പേര്‍ പ്രതികരിച്ചിരുന്നു. കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു ഇതിന് മറുപടിയുമായി എത്തി. ശ്രീനിവാസ് ഗൗഡയെ സായ് സെലക്ഷന് ക്ഷണിക്കുമെന്ന് കിരണ്‍ റിജ്ജു വ്യക്തമാക്കുകയായിരുന്നു.

click me!