Latest Videos

ദേശീയ റേസിങ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമനായി മലയാളി താരം അമിര്‍ സയീദ്

By Web TeamFirst Published Dec 13, 2020, 6:19 PM IST
Highlights

ശനിയാഴ്ച നടന്ന ആദ്യ നാലു റേസുകളിലും ഒന്നാമനായ അമിര്‍ സമാപന ദിവസത്തെ രണ്ടു റേസും ജയിച്ച് മുഴുവന്‍ പോയിന്റുകളും തൂത്തുവാരി.

കൊച്ചി: കോയമ്പത്തൂര്‍ കാരി മോട്ടോര്‍ സ്പീഡ്വേയില്‍ സമാപിച്ച 23ാമത് ജെ കെ ടയര്‍ എഫ്.എം.എസ്.സി.ഐ ദേശീയ റേസിങ് ചാമ്പ്യന്‍ഷിപ്പ് സീസണ്‍ ഉദ്ഘാടന റൗണ്ടില്‍ വിസ്മയ പ്രകടനവുമായി മലയാളി താരം. കോട്ടയം സ്വദേശിയായ പതിനാറുകാരന്‍ അമിര്‍ സയീദ് ആണ് നാവിസ് കപ്പില്‍ നടന്ന ആറു റേസുകളിലും ഒന്നാമനായി കിരീടം നേടിയത്. ഈ സര്‍ക്യൂട്ടിലെ ആദ്യ മത്സരത്തിനിറങ്ങിയാണ് എംസ്പോര്‍ട്ട് താരം അത്ഭുത പ്രകടനം നടത്തി കാഴ്ച്ചക്കാരെ വിസ്മയിപ്പിച്ചത്. 

ശനിയാഴ്ച നടന്ന ആദ്യ നാലു റേസുകളിലും ഒന്നാമനായ അമിര്‍ സമാപന ദിവസത്തെ രണ്ടു റേസും ജയിച്ച് മുഴുവന്‍ പോയിന്റുകളും തൂത്തുവാരി. മൂന്നാം റേസിലെ സമയമാണ് ഏറ്റവും മികച്ചത് 11:58.316. ആദ്യ റേസില്‍ 15:56.927 സമയത്തിലും രണ്ടാം റേസില്‍ 16:23.787 സമയത്തിലുമായിരുന്നു അമിറിന്റെ ഫിനിഷിങ്. യഥാക്രമം 17:53.731, 18:24.277, 14:54.496  സമയത്തില്‍ തുടര്‍ന്നുള്ള റേസുകളും ഒന്നാമനായി ഫിനിഷ് ചെയ്തു. 

ആദ്യ റൗണ്ടില്‍ നിന്ന് 60 പോയിന്റുകള്‍ അമിര്‍ നേടി. അതേസമയം ഫോര്‍മുല എല്‍.ജി.ബി 4 വിഭാഗത്തില്‍ നടന്ന ആറു റേസില്‍ നാലിലും ചെന്നൈയുടെ ഡാര്‍ക്ക് ഡോണ്‍ റേസിങ് താരം അശ്വിന്‍ ദത്ത ഒന്നാം സ്ഥാനം നേടി. വിഷ്ണുപ്രസാദ്, രാഗുല്‍ രംഗസാമി എന്നിവര്‍ മറ്റു റേസുകളില്‍ വിജയിച്ചു. മികച്ച വനിത പെര്‍ഫോമറായി മിരാ എര്‍ദയും നോവിസ് കപ്പില്‍ അനുശ്രീ ഗുലാത്തിയും തെരഞ്ഞെടുക്കപ്പെട്ടു.

click me!