കൊവിഡ് പോരാളികള്‍ക്ക് ഒളിംപിക്സ് വെങ്കല മെഡല്‍ സമര്‍പ്പിക്കുന്നുവെന്ന് ഇന്ത്യന്‍ ഹോക്കി ടീം നായകന്‍

By Web TeamFirst Published Aug 5, 2021, 10:41 AM IST
Highlights

കൊവിഡിനെതിരായ പോരാട്ടത്തിലെ മുന്‍നിര പോരാളികള്‍ക്കും തങ്ങള്‍ക്ക് കൊവിഡ് ബാധിക്കാതിരിക്കാന്‍ പോരാടിയവര്‍ക്കും ഈ മെഡല്‍ സമര്‍പ്പിക്കുന്നുവെന്ന് ജര്‍മ്മനിക്കെതിരായ വിജയത്തിന് പിന്നാലെ മന്‍പ്രീത് സിംഗ് 


ഒളിംപിക്സിലെ വെങ്കല മെഡല്‍ കൊവിഡ് പോരാളികള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് ഇന്ത്യന്‍  ഹോക്കി ടീം നായകന്‍ മന്‍പ്രീത് സിംഗ്. കൊവിഡിനെതിരായ പോരാട്ടത്തിലെ മുന്‍നിര പോരാളികള്‍ക്കും തങ്ങള്‍ക്ക് കൊവിഡ് ബാധിക്കാതിരിക്കാന്‍ പോരാടിയവര്‍ക്കും ഈ മെഡല്‍ സമര്‍പ്പിക്കുന്നുവെന്നാണ് ജര്‍മ്മനിക്കെതിരായ വിജയത്തിന് പിന്നാലെ മന്‍പ്രീത് സിംഗ് വിശദമാക്കിയതെന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട്. ശക്തമായ പോരാട്ടമാണ് ജര്‍മ്മനിക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയുടെ പുരുഷ ഹോക്കി ടീം പുറത്തെടുത്തത്. 2016ലെ വെങ്ക മെഡല്‍ ജേതാക്കളായ ജര്‍മ്മനിയെയാണ് ഇന്ത്യ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയത്. 1980ന് ശേഷം ഇതാദ്യമായാണ് ഹോക്കിയില്‍ ഇന്ത്യ ഒളിംപിക് മെഡല്‍ നേടുന്നത്.

ഒളിംപിക്‌സ് വെങ്കലത്തിളക്കം; ശ്രീജേഷിന് കേരള ഹോക്കി അസോസിയേഷന്‍റെ പാരിതോഷികം

 ഒരുവേള 1-3ന് പിന്നിട്ടുനിന്ന ശേഷം അതിശക്തമായ തിരിച്ചുവരവില്‍ ജയിച്ചുകയറുകയായിരുന്നു നീലപ്പട. മലയാളി ഗോളി പി ആര്‍ ശ്രീജേഷിന്‍റെ പ്രകടനം ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായിരുന്നു.ആദ്യ ക്വാര്‍ട്ടറില്‍ തിമൂറിലൂടെ ജര്‍മനി ലീഡെടുത്തിരുന്നു. എന്നാല്‍ രണ്ടാം ക്വാര്‍ട്ടറിന്‍റെ തുടക്കത്തില്‍ സിമ്രന്‍ജീത് ഇന്ത്യയെ ഒപ്പമെത്തിച്ചു. വൈകാതെ വില്ലെന്‍ ജര്‍മനിക്ക് വീണ്ടും മുന്‍തൂക്കം നല്‍കി. പിന്നാലെ ഫര്‍ക്കിലൂടെ ജര്‍മനി 3-1ന്‍റെ വ്യക്തമായ ആധിപത്യം നേടുകയും ചെയ്തു. എന്നാല്‍ ഇതിന് ശേഷം ഇരട്ട ഗോളുമായി തിരിച്ചെത്തുന്ന ഇന്ത്യയെയാണ് ടോക്കിയോയില്‍ കണ്ടത്. 

സമാനതകളില്ലാത്ത പോരാട്ടം, ഹോക്കിക്ക് പുത്തന്‍ തുടക്കം; ടീം ഇന്ത്യയ്ക്ക് അഭിനന്ദനവുമായി രാഷ്ട്രപതി

റീബൗണ്ടില്‍ നിന്ന് ഹര്‍ദിക് മത്സരത്തില്‍ ഇന്ത്യയുടെ രണ്ടാം ഗോള്‍ നേടിയപ്പോള്‍ ഹര്‍മന്‍പ്രീതാണ് മൂന്നാം ഗോളുമായി ഇന്ത്യയെ ഒപ്പമെത്തിച്ചു. ഇതോടെ സ്‌കോര്‍ 3-3. ടൂര്‍ണമെന്‍റില്‍ ഹര്‍മന്‍പ്രീതിന്‍റെ ആറാം ഗോള്‍ കൂടിയാണിത്. മൂന്നാം ക്വാര്‍ട്ടറിലും ഇന്ത്യ അതിശക്തമായ തിരിച്ചുവരവ് തുടര്‍ന്നതോടെ ഗോള്‍മഴയായി. രൂപീന്ദറും സിമ്രന്‍ജിതും ലക്ഷ്യം കണ്ടപ്പോള്‍ ഇന്ത്യ 5-3ന്‍റെ ലീഡ് കയ്യടക്കി. അവസാന ക്വാര്‍ട്ടറില്‍ തുടക്കത്തിലെ ഗോള്‍ മടക്കി ജര്‍മനി ഒരുവേള ഇന്ത്യയെ പ്രതിരോധത്തിലാക്കി. എന്നാല്‍ ശ്രീജേഷ് കീഴടങ്ങാന്‍ കൂട്ടാക്കാതിരുന്നതോടെ ഇന്ത്യ കാത്തിരുന്ന ജയം സ്വന്തമാക്കുകയായിരുന്നു. 

എല്ലാ ഇന്ത്യക്കാരുടെ മനസിലും ഈ ദിനം ഓര്‍മ്മയിലുണ്ടാവും; പുരുഷ ഹോക്കി ടീമിന് അഭിനന്ദനവുമായി പ്രധാനമന്ത്രി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

click me!