2019ന് ശേഷം കായിക മേളയില്‍ പത്തനംതിട്ടയുടെ ആദ്യ സ്വര്‍ണം സീനിയര്‍ ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ സംഭവിച്ചു. 15.27 മീറ്റര്‍ ദൂരം എറിഞ്ഞ മാത്യു വര്‍ഗീസ് കോശിയാണ് പത്തനംതിട്ടക്ക് സര്‍പ്രൈസൊരുക്കിയത്.
കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ പത്തനംതിട്ടക്കെന്ത് കാര്യം എന്ന് ഇനിയാരും ചോദിക്കരുത്. 2019ന് ശേഷം കായിക മേളയില്‍ പത്തനംതിട്ടയുടെ ആദ്യ സ്വര്‍ണം സീനിയര്‍ ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ സംഭവിച്ചു. 15.27 മീറ്റര്‍ ദൂരം എറിഞ്ഞ മാത്യു വര്‍ഗീസ് കോശിയാണ് പത്തനംതിട്ടക്ക് സര്‍പ്രൈസൊരുക്കിയത്. മാത്യുവര്ഗീസിന് പിറകില്‍ വെള്ളി മെഡല്‍ സ്ഥാനത്ത് ഫിനിഷ് ചെയ്തത് കണ്ണൂര്‍ സെന്റ് കോര്‍ണേലിയസ് എച്ച് എസ് കോളയാടിലെ തേജസ് പ്രദീപാണ്. കഴിഞ്ഞ വര്‍ഷം സബ് ജൂനിയര്‍ ഷോട്ട്പുട്ടില്‍ മാത്യുവിന് വെങ്കലമായിരുന്നു.
കുളനട സ്വദേശിയായ മാത്യുവര്ഗീസ് പഞ്ചായത്ത് എച്ച് എസ് എസ് കുളനടയിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്. മാത്യുവിന്റെ സഹോദരന് ക്രിസ്റ്റോ ജോര്‍ജ് കോശി 2023 ല്‍ സംസ്ഥാന കായിക മേളയില്‍ ഷോട്ട് പുട്ടില്‍ മത്സരിച്ചിരുന്നു. അന്ന് പരിക്ക് കാരണം ക്രിസ്റ്റോയ്ക്ക് മെഡല്‍ പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല. പക്ഷേ, ക്രിസ്റ്റോ അന്ന് മത്സരത്തിന് ഉപയോഗിച്ച ജഴ്സി സഹോദരന് കൈമാറി. ആ ജഴ്സി ധരിച്ചായിരുന്നു മാത്യു വര്‍ഗീസ് കോഴിക്കോട് എന്‍ ഐ ടി ഗ്രൗണ്ടില്‍ മത്സരിക്കാനിറങ്ങിയത്.
ഷോട്ട് പുട്ടില്‍ മാത്രമല്ല, ഡിസ്കസ് ത്രോയിലും മാത്യു വര്‍ഗീസ് തിളങ്ങി. 39.86 മീറ്റര്‍ ദുരം കണ്ടെത്തിയ മാത്യു ഡിസ്കസ് ത്രോയില്‍ വെള്ളി മെഡല്‍നേടി. ഇതോടെ, കായിക മേളയില്‍ പത്തനംതിട്ടയുടെ രണ്ട് മെഡലുകളും ഒരാളുടെ പേരിലായി. "ചേട്ടന്റെ ജഴ്സിയിട്ട് മത്സരിക്കുമ്പോള്‍ ഒരു പ്രത്യേക ആത്മവിശ്വാസം ലഭിക്കാറുണ്ട്. അത് ധരിച്ച് മത്സരിച്ചപ്പോള്‍ ജില്ലാ തലങ്ങളില്‍ മുന്നിലെത്താന്‍ സാധിച്ചിരുന്നു. എന്നാല്‍, സംസ്ഥാന തലത്തില്‍ ഇതാദ്യമായിട്ട് മികച്ച റിസള്‍ട്ടുണ്ടായി. പത്തനംതിട്ടയെ മെഡല്‍ പട്ടികയില്‍ എത്തിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ട"് - മാത്യു വര്‍ഗീസ് കോശി പറഞ്ഞു. മൈലപ്ര ഐ ടി ഐയിലെ അധ്യാപകനായ ബിജു ജോര്‍ജ് കോശിയുടേയും ജയ് മോള് ജോര്‍ജിന്റെയും മകനാണ് മാത്യു വര്‍ഗീസ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK




