കായികോത്സവത്തില്‍ മാര്‍ ബേസില്‍ ചാംപ്യന്‍ സ്‌കൂള്‍; ജില്ലകളില്‍ പാലക്കാടിന് കിരീടം

By Web TeamFirst Published Nov 19, 2019, 3:23 PM IST
Highlights

63ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ സ്‌കൂള്‍ തലത്തില്‍ മാര്‍ബേസില്‍ ഓവറോള്‍ ചാംപ്യന്മാരായി. 62.33 പോയിന്റോടെയാണ് മാര്‍ ബേസില്‍ കോതമംഗലം കിരീടം നേടിയത്. കല്ലടി എച്ച് എസ് എസിനാണ് രണ്ടാം സ്ഥാനം.

കണ്ണൂര്‍: 63-മത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ സ്‌കൂള്‍ തലത്തില്‍ മാര്‍ബേസിലും ജില്ലകളില്‍ പാലക്കാടും ഓവറോള്‍ ചാംപ്യന്മാരായി. എട്ട് സ്വര്‍ണം ആറ് വെള്ളിയും ആറ് വെങ്കലവും അടക്കം 62.33 പോയിന്റോടെയാണ് മാര്‍ ബേസില്‍ കോതമംഗലം കിരീടം നേടിയത്. നാല് സ്വര്‍ണവും 11 വെള്ളിയും ഏഴ് വെങ്കലവും നേടിയ കല്ലടി എച്ച് എസ് എസിനാണ് രണ്ടാം സ്ഥാനം. 58.33 പോയിന്റാണ് കല്ലടിക്കുള്ളത്. 32.33 പോയിന്റ് നേടിയ സെന്റ് ജോസഫ്‌സ് എച്ച്എസ് പുല്ലൂരാംപാറയാണ് മൂന്നാമത്. മൂന്ന് സ്വര്‍ണവും മൂന്ന് വെള്ളിയും 10 വെങ്കലവും പുല്ലൂരാംപാറ സ്വന്തമാക്കി.

18 സ്വര്‍ണവും, 26 വെള്ളിയും, 16 വെങ്കലവും നേടി 201.33 പോയന്റുമായാണ് പാലക്കാട് ജില്ല കിരീടം സ്വന്തമാക്കിയത്. 2016ന് ശേഷം ആദ്യമായിട്ടാണ് പാലക്കാട് കിരീടം നേടുന്നത്. 157.33 പോയന്റ് നേടിയ എറണാകുളമാണ് രണ്ടാം സ്ഥാനത്ത്. 21 സ്വര്‍ണം, 14 വെള്ളിയും 11 വെങ്കലും എറണാകുളം സ്വന്തമാക്കി. 123.33 പോയന്റുമായി കോഴിക്കോട് മൂന്നാമതെത്തി. 14 സ്വര്‍ണം, ഏഴ് വെള്ളി, 18 വെങ്കലുവുമാണ് കോഴിക്കോട് നേടിയത്. തിരുവനന്തപുരം നാലാം സ്ഥാനത്തും തൃശൂര്‍ അഞ്ചാം സ്ഥാനത്തും ഫിനിഷ് ചെയ്തു.

ഇന്ന് രാവിലെ നടന്ന ജൂനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ സ്വര്‍ണം നേടിയതോടെയാണ് പാലക്കാടിന് അപ്രതീക്ഷിത മുന്നേറ്റമുണ്ടായത്. സ്റ്റെഫി സാറാ കോശിയാണ് പാലക്കാടിന് വേണ്ടി സ്വര്‍ണം നേടിയത്. കൂടാതെ മറ്റൊരു വെങ്കലവും പാലക്കാടിനെ തേടിയെത്തി. മാത്രമല്ല  പോള്‍വോള്‍ട്ടില്‍ നാല് പോയിന്റും രാവിലെ ലഭിച്ചു. ജൂനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ ഒരു വെള്ളിയും മുന്‍ ചാംപ്യന്മാര്‍ നേടി. അങ്ങനെ കല്ലടി സ്‌കൂളിലൂടെ മാത്രം എട്ട് പോയിന്റാണ് രാവിലെ പാലക്കാട് നേടിയത്.

click me!