ടോക്കിയോ ഒളിമ്പിക്സ്: ഇന്ത്യന്‍ പതാക വഹിക്കുക മേരികോമിം മന്‍പ്രീത് സിംഗും

By Web TeamFirst Published Jul 5, 2021, 6:37 PM IST
Highlights

കായികതാരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും  ഒഫീഷ്യല്‍സും അടക്കം 201 പേരടങ്ങുന്ന ഇന്ത്യന്‍ സംഘമായിരിക്കും ടോക്കിയോ ഒളിമ്പിക്സിനായി പോവുക.

ദില്ലി: ടോക്കിയോ ഒളിമ്പിക്സിന്‍റെ ഉദ്ഘാടന ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ബോക്സിംഗ് താരം മേരി കോമും ഹോക്കി ടീം നായകന്‍ മന്‍പ്രീത് സിംഗും ഇന്ത്യന്‍ പതാക വഹിക്കും. സമാപന ചടങ്ങില്‍ ഗുസ്തി താരം ബജ്റംഗ് പൂനിയ ആകും ഇന്ത്യന്‍ പതാക വഹിക്കുകയെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കായികതാരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും  ഒഫീഷ്യല്‍സും അടക്കം 201 പേരടങ്ങുന്ന ഇന്ത്യന്‍ സംഘമായിരിക്കും ടോക്കിയോ ഒളിമ്പിക്സിനായി പോവുക. ഇതില്‍ 126 കായിത താരങ്ങളും 75 പേര്‍ സപ്പോര്‍ട്ട് സ്റ്റാഫ് അടക്കമുള്ള ഒഫീഷ്യല്‍സുമായിരിക്കും. 56 ശതമാനം പുരുഷന്‍മാരും 44 ശതമാനം വനിതകളുമാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്.

ഇത്തവണ ഒളിമ്പിക്സിന് ഉദ്യോഗസ്ഥ സംഘത്തെ അയക്കില്ലെന്ന് നേരത്തെ അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു. കായികതാരങ്ങളുടെ കൂടെ പരമാവധി സപ്പോര്‍ട്ട് സ്റ്റാഫിനെ അയക്കാനാണ് തീരുമാനമെന്നും അസോസിയേഷന്‍ പറഞ്ഞു. കായികതാരങ്ങള്‍ക്കും പരിശീലകര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും പുറമെ  പ്രോട്ടോക്കോള്‍ പ്രകാരം ആവശ്യമാണെങ്കില്‍ മാത്രമെ ഒഫീഷ്യല്‍സിനെ അയക്കൂവെന്നും  കായിക മന്ത്രാലയത്തില്‍ നിന്നുള്ള പ്രതിനിധികളെ ആരെയും ഒളിമ്പിക്സിന് അയക്കില്ലെന്നും കായിക മന്ത്രാലയം  വ്യക്തമാക്കി.

ജൂലെ 23 മുതല്‍ ഓഗസ്റ്റ് എട്ടു വരെ ടോക്കിയോയിലാണ് ഒളിമ്പിക്സ്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നടക്കേണ്ടിയിരുന്ന ഒളിമ്പിക്സ് കൊവിഡ് മഹാമാരിയെത്തുടര്‍ന്നാണ് ഈ വര്‍ഷത്തേക്ക് മാറ്റിയത്. എന്നാല്‍ ടോക്കിയോയില്‍ വീണ്ടും കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഒളിമ്പിക്സ് നടത്തുന്നതിനിതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

click me!