കായികമേഖലക്ക് ഉണര്‍വ് പകരാന്‍ കൂടുതല്‍ മേളകള്‍ സംഘടിപ്പിക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

By Web TeamFirst Published Apr 17, 2022, 12:35 AM IST
Highlights

പയ്യോളിയില്‍ നിന്ന് രാവിലെ 11 മണിക്ക് ആരംഭിച്ച പര്യടനം 13 ദിവസം കൊണ്ട് സംസ്ഥാനത്തെ 14 ജില്ലകളിലൂടെ സഞ്ചരിച്ച് ഏപ്രില്‍ 28ന്  തിരുവനന്തപുരത്ത് സമാപിക്കും.

കോഴിക്കോട്: കേരള ഒളിമ്പിക് അസോസിയേഷന്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പ്രഥമ കേരള ഗെയിംസിന്റെ ഭാഗമായ കേരള ഗെയിംസ് ഫോട്ടോ വണ്ടി പര്യടനം തുടങ്ങി. കോഴിക്കോട് പയ്യോളി ബസ് സ്റ്റാന്റില്‍ നടന്ന ചടങ്ങില്‍ പൊതുമരാമത്ത് -ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഫോട്ടോ വണ്ടിയുടെ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. 

കായിക താരങ്ങളെ വാര്‍ത്തെടുത്ത് കായിക മേഖലക്ക് ഉണര്‍വ്  നല്‍കാനാണ് കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രഥമ കേരള ഗെയിംസ്- 2022 സംഘടിപ്പിക്കുന്നത്. മെയ് ഒന്നു മുതല്‍ 10 വരെ തലസ്ഥാനത്തെ ഉള്‍പ്പടെ പ്രമുഖ വേദികളിലായി ഏകദേശം പതിനായിരത്തോളം കായിക താരങ്ങള്‍ പങ്കെടുക്കുന്ന 24 ഇന മത്സരങ്ങളാണ് നടക്കുന്നത്. ആദ്യമായാണ് അന്താരാഷ്ട്ര ഒളിമ്പിക്സിന്റെ മാതൃകയില്‍ ഒരു കായിക മേള സംഘടിപ്പിക്കുന്നത്. 

ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഡോ. റോയ് ജോണി സ്വാഗതം ആശംസിച്ച ചടങ്ങില്‍ പ്രസ് ക്ലബ് പ്രസിഡന്റ്  ഫിറോസ് ഖാന്‍ അധ്യക്ഷത വഹിച്ചു. ഒളിമ്പ്യന്‍ പി ടി ഉഷ, കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല, കോഴിക്കോട് ജില്ലാ ഒളിപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ. ടി. ജോസഫ്, ഒളിമ്പിക് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സി. സത്യന്‍, പയ്യോളി മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ വടക്കേയില്‍ ഷഫീക് എന്നിവരും മറ്റു പ്രമുഖരും ഉദ്ഘാടന ചടങ്ങില്‍  പങ്കെടുത്തു. 

പയ്യോളിയില്‍ നിന്ന് രാവിലെ 11 മണിക്ക് ആരംഭിച്ച പര്യടനം 13 ദിവസം കൊണ്ട് സംസ്ഥാനത്തെ 14 ജില്ലകളിലൂടെ സഞ്ചരിച്ച് ഏപ്രില്‍ 28ന്  തിരുവനന്തപുരത്ത് സമാപിക്കും. കേരള കായിക രംഗത്തിന്റെ കുലപതി ജി.വി. രാജയുടെ ചിത്രം മുതല്‍, രാജ്യത്തിന് കേരളം സംഭാവന ചെയ്ത ഏക്കാലത്തെയും മികവുറ്റ താരം ഒളിമ്പ്യന്‍ പി.ടി. ഉഷയുടെ ചിത്രമടക്കം ചിത്രങ്ങളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കായികതാരങ്ങളുടെയും കായികയിനങ്ങളുടെയും മികവുറ്റ ചിത്രങ്ങള്‍ പകര്‍ത്തിയ പത്ര ഫോട്ടോഗ്രാഫര്‍മാരുടെ  ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്.  കേരള മീഡിയ അക്കാഡമി, കേരള പത്രപ്രവര്‍ത്തക യൂണിയന്‍, കേരള ഒളിമ്പിക് അസോസിയേഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് പ്രദര്‍ശന പര്യടനം സംഘടിപ്പിച്ചിരിക്കുന്നത്.

click me!