Latest Videos

പാരീസിലേക്കുള്ള ചാട്ടം; ഏഷ്യൻ അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പില്‍ എം ശ്രീശങ്കറിന് വെള്ളി, ഒളിംപിക്സ് യോഗ്യത

By Web TeamFirst Published Jul 15, 2023, 6:33 PM IST
Highlights

പാരീസ് ഒളിംപിക്സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ ഫീല്‍ഡ് അത്‍ലറ്റാണ് എം ശ്രീശങ്കർ

ബാങ്കോക്: ഏഷ്യൻ അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ലോംഗ് ജംപിൽ മലയാളി താരം എം ശ്രീശങ്കറിന് വെള്ളി. 8.37 മീറ്റർ ദൂരം താണ്ടിയാണ് ശ്രീശങ്കറിന്‍റെ നേട്ടം. ഈ പ്രകടനത്തോടെ 2024ലെ പാരീസ് ഒളിംപിക്സിന് യോഗ്യത നേടാന്‍ എം ശ്രീശങ്കറിനായി. പാരീസ് ഒളിംപിക്സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ ഫീല്‍ഡ് അത്‍ലറ്റാണ് എം ശ്രീശങ്കർ. 8.27 മീറ്ററായിരുന്നു പാരീസിലേക്കുള്ള യോഗ്യതാ മാർക്ക്. ഇത് താരം അനായാസം മറികടന്നു. 

അഭിനന്ദിച്ച് മുഖ്യമന്ത്രി

ഈയിനത്തില്‍ 8.40 മീറ്റർ ദൂരവുമായി ചൈനീസ് തായ്പേയുടെ യു ടാങ് ലിന്നാണ് സ്വർണം. 8.08 മീറ്ററുമായി ചൈനയുടെ മിന്‍ഗുന്‍ യാങ് വെങ്കലം കരസ്ഥമാക്കി. മീറ്റില്‍ നാല് ശ്രമങ്ങളിലും 8 മീറ്റർ പിന്നിടാന്‍ ശ്രീശങ്കറിനായി. മുമ്പ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മലയാളി താരം വെള്ളി നേടിയിരുന്നു. മെഡല്‍ നേട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എം ശ്രീശങ്കറിനെ അഭിനന്ദിച്ചു. 'ഏഷ്യൻ അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ലോംഗ് ജംപിൽ വെള്ളി മെഡൽ നേടിയ എം ശ്രീശങ്കറിന് അഭിനന്ദനങ്ങൾ. ഈ പ്രകടനത്തോടെ 2024ലെ പാരീസ് ഒളിംപിക്സിനുള്ള യോഗ്യത കൂടി നേടി കേരളത്തിന്‍റെ അഭിമാനമായി മാറിയിരിക്കുകയാണ് ശ്രീശങ്കർ. ഭാവിയിലും കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനാകട്ടെയെന്ന് ആശംസിക്കുന്നു'- എന്നാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍.

തുടക്കമിട്ടത് അബ്‍ദുള്ള അബൂബക്കർ

നേരത്തെ, ഏഷ്യന്‍ അത്‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം അബ്‍ദുള്ള അബൂബക്കർ ട്രിപ്പിള്‍ ജംപില്‍ സ്വർണം നേടിയിരുന്നു. സീസണിലെ ഏറ്റവും മികച്ച പ്രകടനവുമായി 16.92 മീറ്റർ ദൂരം കണ്ടെത്തിയാണ് അബ്‍ദുള്ള അബൂബക്കർ ബാങ്കോക്കില്‍ സ്വർണമണിഞ്ഞത്. മഴ പെയ്തിറങ്ങിയ പോരാട്ടത്തില്‍ നാലാമത്തെ ശ്രമത്തിലാണ് ഈ ദൂരം മലയാളി താരം താണ്ടിയത്. ജപ്പാന്‍റെ ഹികാരു ഇകേഹതാ 16.73 മീറ്ററുമായി വെള്ളിയും കൊറിയയുടെ കിം ജാങ്വൂ 16.59 മീറ്റർ ചാടി വെങ്കലവും സ്വന്തമാക്കി. 

Read more: കേരള ക്രിക്കറ്റ് ടീം മുന്‍ നായകന്‍ കെ ജയരാമൻ അന്തരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!