Asianet News MalayalamAsianet News Malayalam

കേരള ക്രിക്കറ്റ് ടീം മുന്‍ നായകന്‍ കെ ജയരാമൻ അന്തരിച്ചു

ഇന്ത്യന്‍ ടീം സെലക്ഷന് തൊട്ടരികെ എത്തിയ ആദ്യ കേരള താരമാണ് കെ ജയറാം എന്ന ജയരാമന്‍

Kerala Cricket Team Former captain K Jayaraman passes away jje
Author
First Published Jul 15, 2023, 5:39 PM IST

കൊച്ചി: കേരള ക്രിക്കറ്റ് ടീം മുന്‍ നായകനും കേരള ക്രിക്കറ്റ് അസോസിയേഷന്‍ അപെക്സ് കൗണ്‍സില്‍ അംഗവുമായ കെ ജയരാമൻ (ജയറാം) അന്തരിച്ചു. എറണാകുളത്ത് ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു അന്ത്യം. 67 വയസായിരുന്നു. ഭാര്യ- രമ ജയരാമന്‍, മകന്‍- അഭയ് ജയരാമന്‍. എണ്‍പതുകളില്‍ കേരള രഞ്ജി ടീമിലെ നിർണായക താരങ്ങളിലൊരാളായിരുന്നു വലംകൈയന്‍ ബാറ്ററായ കെ ജയറാം. 1977നും 1989നും മധ്യേ 46 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചു. 

ജയറാം- 80കളിലെ ഹീറോ

1956 ഏപ്രില്‍ എട്ടിന് എറണാകുളത്തായിരുന്നു കെ ജയരാമന്‍ എന്ന ജയറാമിന്‍റെ ജനനം. 1986-87 സീസണ്‍ രഞ്ജി ട്രോഫിയില്‍ അഞ്ച് മത്സരങ്ങളില്‍ നാല് സെഞ്ചുറിയുമായി തിളങ്ങിയ കെ ജയറാം ഇന്ത്യന്‍ ടീം സെലക്ഷന് തൊട്ടരികെ എത്തിയ ആദ്യ കേരള താരമാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 46 മത്സരങ്ങളില്‍ 5 സെഞ്ചുറിയും 10 അർധസെഞ്ചുറിയുമടക്കം 2358 റണ്‍സ് സ്വന്തമാക്കി. 133 ആണ് ഉയർന്ന സ്കോർ. ദുലീപ് ട്രോഫിയില്‍ സൗത്ത് സോണിനായി കളിച്ചിട്ടുണ്ട്. വിരമിച്ചതിന് ശേഷം കേരള ടീമിന്‍റെ മുഖ്യ സെലക്ടറായി പ്രവർത്തിച്ചു. ദേശീയ ജൂനിയർ സെലക്ഷന്‍ കമ്മിറ്റി അംഗവുമായിരുന്നു. 2010ല്‍ ബിസിസിഐ മാച്ച് റഫറിയുമായി. ആറ് ലിസ്റ്റ് എ മത്സരങ്ങളും രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങളും നിയന്ത്രിച്ചു. 

രഞ്ജി ട്രോഫിയില്‍ കേരളം കണ്ട ഏറ്റവും മികച്ച ബാറ്റർമാരില്‍ ഒരാളായിരുന്നു കെ ജയരാമന്‍. ഒരു രഞ്ജി സീസണില്‍ തുടർച്ചയായി നേടിയ നാല് സെഞ്ചുറികള്‍ കർണാടക, ഗോവ, തമിഴ്നാട് തുടങ്ങിയ മുന്‍നിര ടീമുകള്‍ക്ക് എതിരെയായിരുന്നു എന്നത് ഈ വിശേഷണം ശരിവെക്കുന്നു. തുടർച്ചയായി നാല് ശതകങ്ങള്‍ അടിച്ചതോടെ ദേശീയ ശ്രദ്ധയിലേക്കെത്തി. നിർഭാഗ്യം കൊണ്ടുമാത്രം ടീം ഇന്ത്യക്കായി കളിക്കാന്‍ അവസരം ലഭിച്ചില്ല. സീനിയർ ടീമിന് പുറമെ ജൂനിയർ തലത്തിലും കേരള ക്യാപ്റ്റനായിരുന്നു. ഏറെക്കാലം കേരള രഞ്ജി ടീമിനൊപ്പം അണ്ടർ 22, അണ്ടർ 25 ടീമുകളുടേയും മുഖ്യ സെലക്ടറായിരുന്നു. 

Read more: യുവ പേസർമാർ കാത്തിരുന്നോളൂ; നിങ്ങള്‍ക്കുള്ള വിളി ഉടന്‍
 

Latest Videos
Follow Us:
Download App:
  • android
  • ios