ഖേല്‍ രത്‌നയ്ക്ക് രോഹിത് ശര്‍മയും; ദേശീയ കായിക പുരസ്‌കാരങ്ങള്‍ ഇത്തവണ ഓണ്‍ലൈന്‍ വഴി

By Web TeamFirst Published Aug 21, 2020, 12:45 PM IST
Highlights

രാഷ്ട്രപതി ഭവനില്‍ നിന്ന് വീഡിയോ കോണ്‍ഫറസിങ് വഴിയാകും അവാര്‍ഡ് വിതരണം. അവാര്‍ഡ് ജേതാക്കള്‍ പ്രാദേശിക സായി കേന്ദ്രത്തില്‍ നിന്ന് പരിപാടിയില്‍ പങ്കെടുക്കും.

ദില്ലി: ദേശീയ കായിക പുരസ്‌ക്കാരങ്ങള്‍ ഇത്തവണ ഓണ്‍ലൈന്‍ വഴി വിതരണം ചെയ്യും.  ഇന്നാണ് അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിക്കുക. രാഷ്ട്രപതി ഭവനില്‍ നിന്ന് വീഡിയോ കോണ്‍ഫറസിങ് വഴിയാകും അവാര്‍ഡ് വിതരണം. അവാര്‍ഡ് ജേതാക്കള്‍ പ്രാദേശിക സായി കേന്ദ്രത്തില്‍ നിന്ന് പരിപാടിയില്‍ പങ്കെടുക്കും. ഇവിടെ നിന്ന് പുരസ്‌ക്കാരങ്ങള്‍ നല്‍കും.

ഇത്തവണത്തെ അവാര്‍ഡിനായുള്ള ശുപാര്‍ശ പട്ടികയില്‍ ധ്യാന്‍ചന്ദ് പുരസ്‌ക്കാരത്തിനായുള്ള മലയാളിയായ ജിന്‍സി ഫിലിപ്പ് മാത്രമാണ് കേരളത്തിന്റെ പ്രതീക്ഷ. മറ്റു മലയാളികള്‍ ആരും വിവിധ അവാര്‍ഡുകള്‍ക്കായുള്ള ശുപാര്‍ശ പട്ടികയില്‍ ഇടം നേടിയിട്ടില്ല. ക്രിക്കറ്റ് താരം രോഹിത് ശര്‍മ, ടേബിള്‍ ടെന്നീസ് താരം മണികാ ബത്ര, വനിതാ ഗുസ്തി താരം വിനേഷ് ഫോഗാട്ട്, പാരാലിമ്പിക്‌സ് ജേതാവ് മാരിയപ്പന്‍ തങ്കവേലു, ഹോക്കിതാരം റാണി രാംപാല്‍ എന്നിവരെ ഖേല്‍ രത്‌ന പുരസ്‌ക്കാരത്തിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. 

അര്‍ജ്ജുന അവാര്‍ഡിന് മീരാബായി ചാനു, സാക്ഷി മാലിക് അടക്കം 29 കായിക താരങ്ങളുടെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. സാക്ഷി മാലിക്കും, മീരാ ബായിക്കും നേരത്തെ ഖേല്‍ രത്‌ന പുരസ്‌ക്കാരം കിട്ടിയിരുന്നു.  അതിനാല്‍ ഇത്തവണ അവാര്‍ഡിന് പരിഗണിക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന.

click me!