Neeraj Chopra : പ്രധാനമന്ത്രിയുടെ ദൗത്യം നടപ്പാക്കാന്‍ നീരജ് ചോപ്രയും കായിക താരങ്ങളും സ്കൂളുകളിലേക്ക്

By Web TeamFirst Published Dec 1, 2021, 7:43 PM IST
Highlights

സന്തുലിത ആഹാര ക്രമത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും ശാരീരികക്ഷമത നിലനിര്‍ത്തുന്നതിനെക്കുറിച്ചും കായിക മത്സരങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചുമെല്ലാം കായിക താരങ്ങള്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും ബോധവല്‍ക്കരണം നടത്തുകയും വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.

ദില്ലി: ടോക്കിയോ ഒളിംപിക്സിലെ(Tokyo Olympics) സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര(Neeraj Chopra) അടക്കമുള്ള ഒളിംപിക്  താരങ്ങള്‍ സ്കൂള്‍ വിദ്യാര്‍ഥികളെ കാണാനെത്തുന്നു. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടന്ന ആസാദി കി അമൃത് മഹോത്സവ്(Azadi ka Amrit Mahotsav) ചടങ്ങില്‍ പങ്കെടുക്കവെ ഒളിംപിക് താരങ്ങളും പാരാലിംപിക് താരങ്ങളും സ്കൂള്‍ വിദ്യാര്‍ഥികളുമായി സംവദിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി(PM Narendra Modi) ഊന്നിപ്പറഞ്ഞിരുന്നു.

സന്തുലിത ആഹാര ക്രമത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും ശാരീരികക്ഷമത നിലനിര്‍ത്തുന്നതിനെക്കുറിച്ചും കായിക മത്സരങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചുമെല്ലാം കായിക താരങ്ങള്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും ബോധവല്‍ക്കരണം നടത്തുകയും വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.

ഇതനുസരിച്ച് ദേശീയ കായിക-യുവജന ക്ഷേമ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും ചേര്‍ന്ന് ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായാണ് നീരജ് ചോപ്ര അടക്കമുള്ള കായിക താരങ്ങള്‍ രാജ്യത്തെ വിവിധ സ്കൂളുകളില്‍ വിദ്യാര്‍ഥികളെ നേരില്‍ക്കാണാനെത്തുന്നത്.  ഈ മാസം നാലിന് ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സന്‍സ്കര്‍ധാം സ്കൂളില്‍ നീരജ് ചോപ്ര നടത്തുന്ന സന്ദര്‍ശനത്തോടെ ദൗത്യത്തിന് തുടക്കമാവും. ഗുജറാത്തിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ചടങ്ങില്‍ നീരജുമായി ആശയവിനിമയം നടത്തും.

ചോപ്രക്ക് പുറമെ തരുണ്‍ദീപ് റായ്(ആര്‍ച്ചറി), സാര്‍ത്ഥക് ബാംബ്രി(അത്‌ലറ്റിക്സ്), സുശീല ദേവി(ജൂഡോ), കെ സിഗ ഗണപതി, വരുണ്‍ ഥക്കര്‍(സെയ്‌ലിംഗ്) എന്നിവര്‍ വരുന്ന രണ്ട് മാസം രാജ്യത്തെ വിവിധ സ്കൂളുകളില്‍ സന്ദര്‍ശനം നടത്തുക. പ്രധാനമന്ത്രി മുന്നോട്ടുവെച്ച ആശയം സന്തോഷത്തോടെയും ആവേശത്തോടെയും ഏറ്റെടുക്കുന്നുവെന്ന് നീരജ് ചോപ്ര പറഞ്ഞു.

Looking forward to interacting with students from 75 schools at Sanskardham in Ahmedabad on Saturday. Excited to be part of this initiative by Hon'ble PM sir. https://t.co/zpNoL8YhHF

— Neeraj Chopra (@Neeraj_chopra1)

കുട്ടികള്‍ക്ക് സന്തുലിത ആഹാര ക്രമത്തിന്‍റെയും പോഷകാഹാരത്തിന്‍റെയും പ്രാധാന്യവും നിത്യജീവിതത്തില്‍ ശാരീരിക വ്യായാമത്തിന്‍റെ പ്രാധാന്യവും മനസിലാക്കിക്കൊടുക്കാനും ആരോഗ്യകരമായ ജീവതം പിന്തുടരേണ്ടതിന്‍റെ ആവശ്യകത അവരെ ബോധ്യപ്പെടുത്താനും കായിക താരങ്ങള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്നും നീരജ് ചോപ്ര പറഞ്ഞു. സന്‍സ്കര്‍ധആം സ്കൂളിലെ വിദ്യാര്‍ഥികളെ കാണാനുള്ള കാത്തിരിപ്പിലാണ് താനെന്നും നീരജ് പറഞ്ഞു.

click me!