വിംബിള്‍ഡണ്‍: കാമറോൺ നോറിയെ വീഴ്ത്തി ജോക്കോവിച്ച് ഫൈനലില്‍

Published : Jul 08, 2022, 11:12 PM ISTUpdated : Jul 27, 2022, 11:39 PM IST
 വിംബിള്‍ഡണ്‍: കാമറോൺ നോറിയെ വീഴ്ത്തി ജോക്കോവിച്ച് ഫൈനലില്‍

Synopsis

ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ കിര്‍ഗിയോസിനെ കീഴടക്കി കിരീടം നേടിയാല്‍ 20 ഗ്രാന്‍സ്ലാം കിരീടങ്ങളെന്ന റോജര്‍ ഫെഡററുടെ നേട്ടം മറികടക്കാന്‍ ജോക്കോവിച്ചിനാവും. വിംബിള്‍ഡണില്‍ തുടര്‍ച്ചയായ നാലാമത്തെയും കരിയറിലെ ഏഴാമത്തെയും കിരീടം തേടിയാണ് ജോക്കോവിച്ച് ഞായറാഴ്ച ഇറങ്ങുക.

ലണ്ടന്‍: ടോപ് സീഡും നിലവിലെ ചാമ്പ്യനുമായ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് ഫൈനലിലലെത്തി. നാലു സെറ്റ് നീണ്ട സെമി പോരാട്ടത്തില്‍ ഒന്‍പതാം സീഡും ബ്രിട്ടന്‍റെ കിരീട പ്രതീക്ഷയുമായിരുന്ന കാമറോൺ നോറിയെ മറികടന്നാണ് തുടര്‍ച്ചയായ നാലാം വിംബിള്‍ഡണ്‍ കിരീടത്തോട് ജോക്കോവിച്ച് ഒരുപടികൂടി അടുത്തത്. സ്കോര്‍ 2-6, 6-3, 6-2, 6-4.

റാഫേല്‍ നദാല്‍ പരിക്കേറ്റ് പിന്‍മാറിയതിനാല്‍ സെമിയില്‍ ബൈ ലഭിച്ച നിക്ക് കിർഗിയോസ് ആണ് കിരീട പോരാട്ടത്തില്‍ നൊവാക് ജോക്കോവിച്ചിന്‍റെ എതിരാളി. നൊവാക് ജോക്കോവിച്ചിനെതിരെ ആദ്യ സെറ്റ് നേടി കാമറോണ്‍ നോറി തുടക്കത്തില്‍ അട്ടിമറി സൂചന നല്‍കിയെങ്കിലും രണ്ടാം സെറ്റ് മുതല്‍ മികവിലേക്കുയര്‍ന്ന ജോക്കോ എതിരാളിക്ക് യാതൊരു അവസരവും നല്‍കാതെ തുടര്‍ച്ചയായി മൂന്ന് സെറ്റ് നേടി ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. രണ്ടാം സെറ്റിലും നോറി ആധിപത്യം പുലര്‍ത്തിയെങ്കിലും ഉപ്പൂറ്റിയ്ക്കേറ്റ പരിക്ക് മുന്നേറ്റത്തില്‍ തടസമായി. നോറിയുടെ പരിക്ക് മുതലെടുത്ത ജോക്കോ ആധിപത്യം തിരിച്ചുപിടിച്ചതോടെ നോറി കളി കൈവിട്ടു.

ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ കിര്‍ഗിയോസിനെ കീഴടക്കി കിരീടം നേടിയാല്‍ 20 ഗ്രാന്‍സ്ലാം കിരീടങ്ങളെന്ന റോജര്‍ ഫെഡററുടെ നേട്ടം മറികടക്കാന്‍ ജോക്കോവിച്ചിനാവും. വിംബിള്‍ഡണില്‍ തുടര്‍ച്ചയായ നാലാമത്തെയും കരിയറിലെ ഏഴാമത്തെയും കിരീടം തേടിയാണ് ജോക്കോവിച്ച് ഞായറാഴ്ച ഇറങ്ങുക.

വിംബിള്‍ഡണ്‍ ഫൈനലിലെത്തിയതോടെ പുരുഷ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍സ്ലാം കളിക്കുന്ന താരമെന്ന റെക്കോര്‍ഡും ജോക്കോവിച്ച് ഇന്ന് സ്വന്തമാക്കി. ജോക്കോയുടെ കരിയറിലെ 32-ാമത്തെ ഗ്രാന്‍സ്ലാം ഫൈനലാണിത്. 31 ഫൈനല്‍ കളിച്ച റോജര്‍ ഫെഡററെയാണ് ജോക്കോ ഇന്ന് മറികടന്നത്. 30 ഫൈനല്‍ കളിച്ച റാഫേല്‍ നദാലാണ് മൂന്നാമത്.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി
ബാസ്കറ്റ് ബോള്‍ പരിശീലനത്തിനിടെ പോള്‍ ഒടിഞ്ഞുവീണ് ദേശീയ താരത്തിന് ദാരുണാന്ത്യം