ബ്രിജ് ഭൂഷനെതിരായ ഗുസ്‌തി താരങ്ങളുടെ പ്രതിഷേധം; പ്രതികരിച്ച് അഭിനവ് ബിന്ദ്ര

Published : Apr 26, 2023, 08:30 PM ISTUpdated : Apr 26, 2023, 08:38 PM IST
ബ്രിജ് ഭൂഷനെതിരായ ഗുസ്‌തി താരങ്ങളുടെ പ്രതിഷേധം; പ്രതികരിച്ച് അഭിനവ് ബിന്ദ്ര

Synopsis

അത്‌ലറ്റുകള്‍ എന്ന നിലയ്‌ക്ക് രാജ്യത്തെ പ്രതിനിധീകരിക്കാന്‍ വളരെ കഠിനമായി എന്നും പരിശീലനം നടത്തുന്നവരാണ് നമ്മള്‍ എന്ന് അഭിനവ് ബിന്ദ്ര

ദില്ലി: ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷന്‍ ബ്രിജ് ഭൂഷനെതിരെ ലൈംഗിക ആരോപണങ്ങളുമായി താരങ്ങൾ നടത്തുന്ന പ്രതിഷേധത്തില്‍ പ്രതികരണവുമായി ഒളിംപ്യന്‍ അഭിനവ് ബിന്ദ്ര. ട്വിറ്ററിലൂടെയാണ് ബിന്ദ്രയുടെ പ്രതികരണം.  

'അത്‌ലറ്റുകള്‍ എന്ന നിലയ്‌ക്ക് രാജ്യാന്തര തലത്തില്‍ നമ്മുടെ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ വളരെ കഠിനമായി എന്നും പരിശീലനം നടത്തുന്നവരാണ് നമ്മള്‍. ഇന്ത്യന്‍ ഗുസ്‌തി ഫെഡറേഷനെതിരെ ആരോപണങ്ങളുമായി താരങ്ങള്‍ തെരുവില്‍ പ്രതിഷേധിക്കേണ്ടിവരുന്നത് വളരെ ആശങ്കയുണ്ടാക്കുന്നതാണ്. പ്രശ്‌നങ്ങള്‍ നേരിടുന്ന എല്ലാവര്‍ക്കും ഒപ്പമാണ് എന്‍റെ മനസ്. അത്‌ലറ്റുകളുടെ ആശങ്കകള്‍ കേട്ടുകൊണ്ട് സ്വതന്ത്രവും നീതിപൂര്‍വുമായി ഈ വിഷയം കൃത്യമായി പരിഹരിക്കപ്പെടുമെന്ന് നാം ഉറപ്പിക്കേണ്ടതുണ്ട്. ഇത്തരം ആരോപണങ്ങള്‍ ഒഴിവാക്കാനും നീതി നടപ്പിലാക്കാനുമുള്ള കൃത്യമായ സംവിധാനങ്ങള്‍ ഉണ്ടാവേണ്ടതിന്‍റെ ആവശ്യകത ഈ വിഷയം മുന്നോട്ടുവെക്കുന്നു. എല്ലാ അത്‌ലറ്റുകള്‍ക്കും സുരക്ഷിതമായ അന്തരീക്ഷം സൃഷ്‌ടിക്കാനായാണ് നാം പരിശ്രമിക്കേണ്ടത്' എന്നുമാണ് ട്വിറ്ററിലൂടെ അഭിനവ് ബിന്ദ്രയുടെ പ്രതികരണം.  

കഴിഞ്ഞ ജനുവരി 18നാണ് ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷനെതിരെ ലൈംഗിക ആരോപണവുമായി താരങ്ങള്‍ രംഗത്തെത്തിയത്. ഫെഡറേഷൻ പിരിച്ചുവിടണമെന്നും ബ്രിജ് ഭൂഷനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നുമുള്ള ആവശ്യങ്ങളായിരുന്നു താരങ്ങള്‍ അന്ന് ഉയർത്തിയത്. മൂന്ന് ദിവസം നീണ്ടുനിന്ന സമരത്തിനൊടുവിൽ താരങ്ങളുടെ പരാതി അന്വേഷിക്കാൻ കായിക മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. മേരി കോം അധ്യക്ഷയായ ആറംഗസമിതിയാണ് ഇവരുടെ പരാതികൾ അന്വേഷിക്കുന്നത്. വിഷയത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും തുടര്‍ നടപടികള്‍ ഉണ്ടാവാതെ വന്നതോടെയാണ് താരങ്ങള്‍ വീണ്ടും പ്രതിഷേധവുമായി ഇറങ്ങിയത്. 

Read more: ബ്രിജ്ഭൂഷൻ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി നൽകിയത് പ്രായപൂർത്തിയാകാത്ത കുട്ടിയടക്കം, അറസ്റ്റില്ല, പ്രതിഷേധം

PREV
click me!

Recommended Stories

രാജ്യാന്തര എന്‍ഫോഴ്‌സ്‌മെന്റ് എക്‌സ്‌ചേഞ്ച്: ഇന്ത്യന്‍ സംഘത്തില്‍ റോയ് വര്‍ഗീസും
വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി