പി എ അതുല്യ; ഡിസ്‌കസ് ത്രോയിലെ ആറാം തമ്പുരാട്ടി

By Web TeamFirst Published Nov 16, 2019, 8:00 PM IST
Highlights

ഡിസ്‌കസ് ത്രോയിൽ തുടർച്ചയായി ആറാം തവണയും സ്വർണമണിഞ്ഞ് നാട്ടിക ഫിഷറീസ് സ്‌കൂളിലെ പി എ അതുല്യ

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഡിസ്‌കസ് ത്രോയിൽ തുടർച്ചയായി ആറാം തവണയും സ്വർണമണിഞ്ഞ് നാട്ടിക ഫിഷറീസ് സ്‌കൂളിലെ പി എ അതുല്യ. കരിയറിലെ ഏറ്റവും മികച്ച ദൂരമെറിഞ്ഞ് ഒന്നാമതെത്തിയ അതുല്യക്ക് നേരിയ വ്യത്യാസത്തിനാണ് മീറ്റ് റെക്കോഡ് നഷ്ടമായത്.

സംസ്ഥാന കായിക മേളയിൽ അതുല്യയുടെ കുത്തകയാണ് ഡിസ്‌കസ് ത്രോ. ഈ പ്ലസ് വൺ‌കാരിയുടെ പേരിലാണ് സബ് ജൂനിയർ വിഭാഗത്തിലെയും ജൂനിയർ വിഭാഗത്തിലെയും മീറ്റ് റെക്കോഡുകൾ. സീനിയർ വിഭാഗത്തിൽ ആദ്യമായി മത്സരിക്കാനെത്തിയപ്പോൾ റെക്കോര്‍ഡ് തന്നെയായിരുന്നു പ്രതീക്ഷ. 39.72 മീറ്റർ എറിഞ്ഞു. കരിയറിലെ മികച്ച ദൂരമാണെങ്കിലും റെക്കോഡ് കയ്യെത്തും ദൂരത്തിൽ തെന്നിമാറി.

പരിശീലകന്‍ കണ്ണൻ മാഷാണ് അതുല്യയുടെ കരുത്ത്. പരിശീലനത്തിലെ പ്രകടനം മീറ്റിൽ വന്നില്ലെന്നും കൂടുതൽ ദൂരങ്ങൾ അതുല്യ കീഴടക്കുമെന്നും കണ്ണൻ മാഷ് പറഞ്ഞു. ഷോട്ട് പുട്ടും ഹാമർ ത്രോയുമാണ് അടുത്ത മത്സരങ്ങൾ. കഴിഞ്ഞ തവണ ഷോട്ട്പുട്ടിൽ രണ്ടാമതെത്തിയ അതുല്യ നല്ല പ്രതീക്ഷയിലാണ്. എല്ലാ പിന്തുണയുമായി ഓട്ടോറിക്ഷ ഡ്രൈവറായ അച്ഛൻ അജയലോഷും അമ്മ രതിയും അതുല്യക്ക് ഒപ്പമുണ്ട്. 

click me!