
ദില്ലി: തോമസ് കപ്പിലും(Thomas Cup) യൂബർ കപ്പിലും(Uber Cup) ഇന്ത്യക്കായി കളിച്ച ബാഡ്മിൻ്റൺ താരങ്ങളോട് സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി(PM Modi) മലയാളി താരം എച്ച് എസ് പ്രണോയിയും എം ആർ അർജ്ജുനുമടക്കമുള്ള താരങ്ങളുമായി സംസാരിക്കുന്ന ദൃശ്യങ്ങൾ പ്രധാനമന്ത്രി ട്വിറ്ററില്‍ പങ്കുവച്ചു.
തോമസ് കപ്പില്‍ ചരിത്രത്തിലാദ്യമായി കിരീടം നേടിയ ഇന്ത്യന്‍ താരങ്ങളുടെ നേട്ടത്തിൽ അഭിമാനിക്കുന്നുവെന്ന് മോദി പറഞ്ഞു. കളിയുടെ വിവിധ തലങ്ങളെക്കുറിച്ചും അനുവഭങ്ങളെക്കുറിച്ചും കളിക്കാര്‍ മനസുതുറന്നുവെന്നും ബാഡ്മിന്‍റണ്‍ താരങ്ങളുടെ നേട്ടത്തില്‍ രാജ്യം ഒന്നാകെ അഭിമാനം കൊള്ളുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിഖ്യാതമായ തോമസ് കപ്പ് ബാഡ്‌മിന്‍റണില്‍ 14 വട്ടം ചാമ്പ്യന്‍മാരായ ഇന്തോനേഷ്യയെ തുരത്തി ടീം ഇന്ത്യ ചരിത്രത്തിലെ ആദ്യ കിരീടം സ്വന്തമാക്കുകയായിരുന്നു. ഫൈനലില്‍ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ കിരീടം ഉറപ്പിച്ചത്. സിംഗിള്‍സില്‍ ലക്ഷ്യയും ശ്രീകാന്തും വിജയിച്ചപ്പോള്‍ ഡബിള്‍സില്‍ സാത്വിക്-ചിരാഗ് സഖ്യവും വിജയഭേരി മുഴക്കി. ക്വാര്‍ട്ടറിലും സെമിയിലും മലയാളി താരം എച്ച്.എസ് പ്രണോയ് ആയിരുന്നു ഇന്ത്യയുടെ വിജയശില്‍പി എന്ന പ്രത്യേകതയുമുണ്ട്.