ആദ്യം തുഴയെറിഞ്ഞത് ദുരിതകയങ്ങളില്‍; കനോയിങ്ങിലെ സ്വര്‍ണം റിക്കാര്‍ഡയ്ക്ക് വെറും മെഡലല്ല

By Web TeamFirst Published Jul 29, 2021, 11:33 AM IST
Highlights

കാരണം കഴിവും മികവും ഉണ്ടായിട്ടും കനോയിങ്ങില്‍ നഷ്ടങ്ങളും തിരിച്ചടിയും ദുരിതങ്ങളും ഒട്ടേറെ നേരിട്ടു. 2016 ല്‍ ലോകത്തെ മികച്ച താരമായിട്ടും റിയോ ഒളിംപിക്‌സ് നഷ്ടമായി.

ടോക്യോ: ദുരിത കയങ്ങളില്‍ നിന്ന് തുറഴയെറിഞ്ഞാണ് ജര്‍മന്‍കാരി റിക്കാര്‍ഡ ഫുങ്ക് ഇത്തവണ ഒളിംപിക്‌സിനെത്തിയതും സ്വര്‍ണം നേടിയതും. ഇതുവരെ ദുരിതവും നിര്‍ഭാഗ്യവും മാത്രം കൂട്ടുണ്ടായിരുന്ന റിക്കാര്‍ഡയ്ക്ക് ഉദയ സൂര്യന്റെ നാട് സമ്മാനിച്ചത് സൗഭാഗ്യത്തിന്റെ പുതിയ പുലരി. അവിശ്വസനീയം! ഈ വാക്കിനപ്പുറം ഒരു വിശേഷണവും തന്റെ നേട്ടത്തെ കുറിച്ച് റിക്കാര്‍ഡക്ക് പറയാനില്ല. 

കാരണം കഴിവും മികവും ഉണ്ടായിട്ടും കനോയിങ്ങില്‍ നഷ്ടങ്ങളും തിരിച്ചടിയും ദുരിതങ്ങളും ഒട്ടേറെ നേരിട്ടു. 2016 ല്‍ ലോകത്തെ മികച്ച താരമായിട്ടും റിയോ ഒളിംപിക്‌സ് നഷ്ടമായി. ടോക്കിയോവില്‍ ജര്‍മനിയുടെ ആദ്യ സ്വര്‍ണം നേടാനുള്ള ഭാഗ്യം റിക്കാര്‍ഡയ്ക്കാണ്. കനോയിങ് സ്‌ളാം കെ വണ്‍ വിഭാഗത്തിലെ സ്വര്‍ണ്ണം റിക്കാര്‍ഡ സമര്‍പ്പിച്ചത് പ്രിയ ഗുരുവായിരുന്ന സ്റ്റൈഫാന്‍ ഹെന്‍സിന്. 

നന്നേ ചെറുപ്പത്തിലേ കയാക്കിങ്ങിലേക്ക് റിക്കാര്‍ഡയെ കൈപിടിച്ചുയര്‍ത്തിയ സ്റ്റെഫാന്റെ ഏറ്റവും വലിയ മോഹമായിരുന്നു ശിഷ്യയുടെ ഒളിംപിക് മെഡല്‍. കഴിഞ്ഞ തവണ ലക്ഷ്യത്തിനായി റിയോവില്‍ സ്റ്റെഫാനെത്തി. പക്ഷെ റിയോയിലുണ്ടായ റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്റ്റെഫാന്‍ ഈ ലോകത്തോട് തന്നെ വിട ചൊല്ലി. പ്രിയ ശിഷ്യ ഒളിംപിക് മെഡല്‍ നേടുമെന്ന് എപ്പോഴും പ്രതീക്ഷ പുലര്‍ത്തിയിരുന്നു സ്റ്റെഫാന്‍. 

അതിനാല്‍ ടോക്കിയോവിലെ മെഡല്‍ ആശകാശത്തേക്ക് ഉയര്‍ത്തി. റിക്കാര്‍ഡ ഗുരുവിനെ ഓര്‍ത്തു. കഴിഞ്ഞ കാല ദുരിതങ്ങളും. അപ്പോള്‍ റിക്കാര്‍ഡയുടെ കണ്ണൂകള്‍ ഈറനണിഞ്ഞു. ഈ കാഴ്ച അകലെ ജര്‍മനിയിലെ ബാഡ് ബ്രൈശിഷ് എന്ന കൊച്ചു പട്ടണത്തിലെ ഇടുങ്ങിയ വീട്ടില്‍ താല്‍ക്കാലികമായി വെച്ച ടെലിവിഷനില്‍ റിക്കാര്‍ഡയുടെ മാതാപിതാക്കള്‍ കണ്ടു. 

ഈയിടെ ഉണ്ടായ പ്രളയത്തില്‍ റിക്കാര്‍ഡയുടെ വലിയ വീടും കൃഷിയിടവുമെല്ലാം നഷ്ടപ്പെട്ടിരുന്നു. അവ നിന്ന സ്ഥലമിപ്പോള്‍ ചെളിക്കൂമ്പാരമാണ്. എല്ലാം തകര്‍ന്ന റിക്കാര്‍ഡ പക്ഷെ പ്രതിസന്ധിയുടെ ഓളപ്പരപ്പിനെ വകഞ്ഞുമാറ്റി ടോക്കിയോവില്‍ തങ്കപ്പതക്കം തന്നെ നേടി.

click me!