വിംബിള്‍ഡണ്‍: ഫെഡറര്‍ അവസാന പതിനാറില്‍, വനിതാ ഡബിള്‍സില്‍ സാനിയ- ബെതാനി സഖ്യം പുറത്ത്

By Web TeamFirst Published Jul 3, 2021, 11:14 PM IST
Highlights

വനിതകളില്‍ കൊകോ ഗൗഫ്, ബാര്‍ബോറ ക്രജ്‌സിക്കോവ, ആഗ്വലിക് കെര്‍ബര്‍ എന്നിവരും മുന്നേറി. അതേസമയം വനിത ഡബിള്‍സില്‍ ഇന്തോ- അമേരിക്കന്‍ ജോഡി സാനിയ മിര്‍സ- ബെതാനി മറ്റേക്‌സാന്‍ഡ്‌സ് പുറത്തായി.

ലണ്ടന്‍: റോജര്‍ ഫെഡറര്‍ വിംബിള്‍ഡണിന്റെ അവസാന പതിനാറില്‍. ബ്രിട്ടന്റെ കാമറോണ്‍ നോറീയെയാണ് ഫെഡറര്‍ തോല്‍പ്പിച്ചത്. അലക്‌സാണ്ടര്‍ സ്വെരേവ്, ഫെലിക്‌സ് ഓഗര്‍ അല്യസിമെ, മാതിയോ ബരേറ്റിനി, ലൊറന്‍സൊ സൊനെഗോ, ഹ്യൂബര്‍ട്ട് ഹര്‍കസ് എന്നിവരും പ്രീ ക്വാര്‍ട്ടറിലെത്തി. വനിതകളില്‍ കൊകോ ഗൗഫ്, ബാര്‍ബോറ ക്രജ്‌സിക്കോവ, ആഗ്വലിക് കെര്‍ബര്‍ എന്നിവരും മുന്നേറി. അതേസമയം വനിത ഡബിള്‍സില്‍ ഇന്തോ- അമേരിക്കന്‍ ജോഡി സാനിയ മിര്‍സ- ബെതാനി മറ്റേക്‌സാന്‍ഡ്‌സ് പുറത്തായി. 

നോറീയെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് ഫെഡറര്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 6-4, 6-4, 5-7, 6-4. ആദ്യ രണ്ട് സെറ്റിലും 25-കാരനെ തീര്‍ത്തും കാഴ്ച്ചക്കാരനാക്കിയ ഫെഡറര്‍ക്ക് മൂന്നും നാലും സെറ്റില്‍ കനത്ത വെല്ലുവിളി നേരിടേണ്ടി വന്നു. നാലാം സെറ്റില്‍ നോറീയുടെ സര്‍വീസ് ഭേദിച്ച് സെറ്റ് സ്വന്തമാക്കി. സ്വെരേവ് ഒന്നിനെതിരെ മൂന്ന് സെറ്റിന് ജര്‍മനിയുടെ ടെയ്‌ലര്‍ ഫ്രിറ്റ്‌സിനെ തോല്‍പ്പിച്ചു. സ്‌കോര്‍ 7-6, 4-6, 3-6, 6-7. 

ഓസ്‌ട്രേലിയന്‍ താരം താരം നിക് കിര്‍ഗ്യോസ് പിന്‍മാറിയതോടെയാണ് കാനഡയുടെ ഫെലിക്‌സിന് അവസാന പതിനാറില്‍ ഇടം ലഭിച്ചത്. ഇറ്റലിയുടെ സൊനെഗോ നേരിട്ടുള്ള സെറ്റുകള്‍ക്ക് ഓസ്‌ട്രേലിയുടെ ജയിംസ് ഡക്ക്‌വര്‍ത്തിനെ മറികടന്നു. സ്‌കോര്‍ 6-3 6-4 6-4. ഇറ്റലിയുടെ മറ്റൊരു താരം ബരേറ്റിനി 6-4 6-4 6-4ന് സ്ലോവേനിയയുടെ അല്‍ജാസിനെ മറികടന്നു. വനിതകളില്‍ അമേരിക്കന്‍ താരം ഗൗഫ് സ്ലോവേനിയയുടെ കജ യുവാനെ തകര്‍ത്തു. സ്‌കോര്‍ 3-6 3-6. കെര്‍ബര്‍ ബലാറസിന്റെ അലക്‌സാണ്ട്ര സാന്‍സോവിച്ചിനെയാണ് തോല്‍പ്പിച്ചത്. സ്‌കോര്‍ 2-6, 6-0, 6-1. 

വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ- ബെതാനി മറ്റേക്‌സാന്‍ഡ്‌സ് സഖ്യം പുറത്ത്. രണ്ടാം റൗണ്ടില്‍ റഷ്യന്‍ ജോഡി എലേന വെസ്‌നിന- വെറോണിക്ക കുഡര്‍മെറ്റോവ സഖ്യത്തോടാണ് ഇന്തോ- അമേരിക്കന്‍ സഖ്യം പരാജയപ്പെട്ടത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു തോല്‍വി. സ്‌കോര്‍ 6-4, 6-3.

click me!