'ശരീരം ശ്രദ്ധിക്കണം'; റോജര്‍ ഫെഡറര്‍ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറി

By Web TeamFirst Published Jun 6, 2021, 9:03 PM IST
Highlights

 ജര്‍മനിയുടെ ഡൊമിനിക് കോഫറിനെതിരായ മത്സരത്തിന് ശേഷം ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുന്നതിനെ കുറിച്ച് ഫെഡറര്‍ സൂചിപ്പിച്ചിരുന്നു.

പാരിസ്: സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ഫ്രഞ്ച് ഓപ്പണി നിന്ന് പിന്മാറി. സോഷ്യല്‍ മീഡിയയിലൂടെയാണ് ഫെഡറര്‍ ഇക്കാര്യം പുറത്തുവിട്ടത്. ഇന്നലെ ജര്‍മനിയുടെ ഡൊമിനിക് കോഫറിനെതിരായ മത്സരത്തിന് ശേഷം ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുന്നതിനെ കുറിച്ച് ഫെഡറര്‍ സൂചിപ്പിച്ചിരുന്നു. മെഡിക്കല്‍ സംഘത്തോട് ആലോചിച്ച ശേഷമാണ് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചതെന്ന് ഫെഡറര്‍ ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.

''എല്ലാവരുമായി സംസാരിച്ച ശേഷമാണ് ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചത്. മുട്ടിന് രണ്ട് ശസ്ത്രക്രിയ കഴിഞ്ഞ് ഏതാണ്ട് ഒരു വര്‍ഷത്തോളം പരിചരണത്തിലായിരുന്നു. അതുകൊണ്ടുതന്നെ ശരീരം പറയുന്നത് ശ്രദ്ധിക്കണം. ഫ്രഞ്ച് ഓപ്പണില്‍ മൂന്ന് മത്സരങ്ങള്‍ ജയിക്കാന്‍ കഴിഞ്ഞത് വലിയനേട്ടമാണ്. കോര്‍ട്ടിലേക്ക് തിരിച്ചെത്തുകയെന്നതിനേക്കാള്‍ വലിയ സന്തോഷം മറ്റൊന്നില്ല.'' ഫെഡറര്‍ കുറിച്ചിട്ടു. 

pic.twitter.com/70C8RYr69J

— Roger Federer (@rogerfederer)

ഇന്നലെ മൂന്നാം റൗണ്ടില്‍ ജര്‍മനിയുടെ ഡൊമിനിക് കോഫറിനെതിരെ 7-6, 6-7, 7-6, 7-5നാണ് ഫെഡറര്‍ ജയിച്ചത്. കാല്‍മുട്ടിലെ പരിക്ക് അലട്ടിയാല്‍ ടൂര്‍ണമെന്റില്‍ തുടരാവില്ലെന്ന് ഫെഡറര്‍ ഇന്നലെ പറഞ്ഞിരുന്നു. മൂന്ന് മണിക്കൂറും 35 മിനിറ്റുമാണ് മത്സരം നീണ്ടുനിന്നത്. കഴിഞ്ഞ 18 മാസത്തിന് ഇടയിലെ ഫെഡറര്‍ കളിക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ മത്സരം കൂടിയായിരുന്നിത്. 2020 ജനുവരി 30ന് ശേഷം ഫെഡറര്‍ ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകളില്‍ കളിച്ചിരുന്നില്ല.

രണ്ട് മാസം കൂടി കഴിഞ്ഞാല്‍ 40 വയസ് പൂര്‍ത്തിയാവും ഫെഡറര്‍ക്ക്. വിംബിള്‍ഡണില്‍ പൂര്‍ണ കായികക്ഷമതയോടെ കളിക്കുകയാണ് ഫെഡററുടെ ലക്ഷ്യം.  ഫ്രഞ്ച് ഓപ്പണില്‍ കിരീടപ്പോരിന് താന്‍ യോഗ്യനല്ലെന്ന് ഫെഡറര്‍ പറഞ്ഞിരുന്നു. 

വിംബിള്‍ഡണിന് വേണ്ടി താളം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഫ്രഞ്ച് ഓപ്പണില്‍ കളിക്കുന്നതെന്ന് ഫെഡറര്‍ വ്യക്തമാക്കിയിരുന്നു. നാലാം റൗണ്ടില്‍ ഇറ്റലിയുടെ മാതിയോ ബരേറ്റിനിയായിരുന്നു ഫെഡററുടെ എതിരാളി. ഫെഡറര്‍ പിന്മാറിയതോടെ താരത്തിന് വാക്ക്ഓവര്‍ ലഭിക്കും.

click me!