Sania Mirza Retirement : വിരമിച്ചതിന് ശേഷം എന്ത് ചെയ്യും? ചോദ്യത്തിന് മറുപടിയുമായി സാനിയ മിര്‍സ

By Web TeamFirst Published Jan 22, 2022, 11:59 AM IST
Highlights

ടൂര്‍ണമെന്റുകള്‍ക്കായി മൂന്ന് വയസുകാരന്‍ മകനൊപ്പം നിരന്തരം യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടാണെന്നും കാല്‍മുട്ടിലെ പരിക്ക് അലട്ടുന്നുണ്ടെന്നും സാനിയ വിശദീകരിച്ചിരുന്നു. 

സിഡ്‌നി: കഴിഞ്ഞ ദിവസമാണ് സാനിയ മിര്‍സ (Sania Mirza) പ്രൊഫഷണല്‍ ടെന്നിസില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഈ സീസണിനൊടുവില്‍ വിരമിക്കാനാണ് സാനിയയുടെ തീരുമാനം. ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ (Australian Open) ഡബിള്‍സ് ആദ്യ റൗണ്ടില്‍ തോറ്റതിന് പിന്നാലെയായിരുന്നു പ്രഖ്യാപനം. ടൂര്‍ണമെന്റുകള്‍ക്കായി മൂന്ന് വയസുകാരന്‍ മകനൊപ്പം നിരന്തരം യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടാണെന്നും കാല്‍മുട്ടിലെ പരിക്ക് അലട്ടുന്നുണ്ടെന്നും സാനിയ വിശദീകരിച്ചിരുന്നു. 

സാനിയ ടെന്നിസ് മതിയാക്കിയ ശേഷം എന്തു ചെയ്യുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അതിനും സാനിയ മറുപടി പറഞ്ഞു. അതിനെ കുറിച്ചൊന്ന് ചിന്തിച്ചിട്ടില്ലെന്നാണ് സാനിയ പറയുന്നത്. ''മിക്‌സ്ഡ് ഡബിള്‍സില്‍ ഞാന്‍ രാജീവ് റാമിനൊപ്പം കളിക്കുന്നുണ്ട്. കോര്‍ട്ട് വിടുംമുമ്പ് കൂടുതല്‍ കിരീടങ്ങള്‍ നേടുന്നതിനെ കുറിച്ച് മാത്രമാണ് ഇപ്പോള്‍ ചിന്തിക്കുന്നത്. യു എസ് ഓപ്പണ്‍ വരെ തുടരണമെന്ന് കരുതുന്നു. വിരമിച്ച ശേഷമുള്ള ജീവിതത്തെ കുറിച്ച് ഇപ്പോഴും തീരുമാനമെടുത്തിട്ടില്ല.'' സാനിയ വിശദീകരിച്ചു.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ യുക്രൈന്‍ താരം നാദില കിച്ച്‌നോക്കിനൊപ്പം മത്സരിച്ച സാനിയ ആദ്യ റൗണ്ടില്‍ സ്ലോവേനിയന്‍ സഖ്യമായ കാജാ യുവാന്‍-ടമാറ സിദാന്‍സെക് സഖ്യത്തോട് നേരിട്ടുള്ള സെറ്റുകളില്‍(6-4, 7-6) അടിയറവ് പറഞ്ഞിരുന്നു. ഡബിള്‍സില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ സാനിയ ആറ് ഗാന്‍സ്ലാം കിരീടങ്ങള്‍ നേടിയിട്ടുണ്ട്.

വനിതാ ഡബിള്‍സില്‍ മൂന്നും മിക്‌സഡ് ഡബിള്‍സില്‍ മൂന്നും ഉള്‍പ്പെടെയാണ് സാണിയയുടെ ആറ് ഗ്രാന്‍സ്ലാം നേട്ടങ്ങള്‍. വനിതാ ഡബിള്‍സില്‍ 2016ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, 2015ലെ വിംബിള്‍ഡണ്‍, യുഎസ് ഓപ്പണ്‍ കിരീടങ്ങള്‍ സ്വന്തമാക്കിയ സാനിയ മിക്‌സഡ് ഡബിള്‍സില്‍ 2009ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, 2012ലെ ഫ്രഞ്ച് ഓപ്പണ്‍, 2014ലെ യുഎസ് ഓപ്പണ്‍ കിരീടങ്ങളും നേടി.

click me!