പുരുഷ ബോക്‌സിംഗില്‍ പ്രതീക്ഷ നല്‍കി സതീഷ് കുമാര്‍ ക്വാര്‍ട്ടറില്‍; മെഡല്‍ ഒരു ജയമകലെ

By Web TeamFirst Published Jul 29, 2021, 10:04 AM IST
Highlights

ഉസ്‌ബെക്കിസ്ഥാന്റെ ബഖോദിര്‍ ജലോലോവാണ് കാര്‍ട്ടറില്‍ സതീഷിന്റെ എതിരാളി. അസര്‍ബെയ്ജാന്റെ മുഹമ്മദ് അബ്ദുള്ളയേവിനെ 5-0ത്തിനാണ് ഉസ്‌ബെക് താരം തോല്‍പ്പിച്ചത്.

ടോക്യോ: പുരുക്ഷ ബോക്‌സിംഗില്‍ പ്രതീക്ഷ നല്‍കി സതീഷ് കുമാര്‍. ഹെവിവെയ്റ്റ് (91 കിലോ ഗ്രാം) വിഭാഗത്തില്‍ ജമൈക്കന്‍ താരത്തെ ഇടിച്ചിട്ടത്തോടെ താരം ക്വാര്‍ട്ടറിലെത്തി. ഒരു ജയം കൂടി സ്വന്തമാക്കിയാല്‍ താരത്തിന് മെഡലുറപ്പിക്കാം. റിക്കാര്‍ഡോ ബ്രൗണിനെ 4-1നാണ് സതീഷ് തോല്‍പ്പിച്ചത്.

രണ്ട് തവണ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ വെങ്കലം നേടിയിട്ടുള്ള സതീഷിന് എതിര്‍താരത്തിന്റെ മോശം ഫുട്‌വര്‍ക്ക് മത്സരത്തിലുടനീളം തുണയായി. ഉസ്‌ബെക്കിസ്ഥാന്റെ ബഖോദിര്‍ ജലോലോവാണ് കാര്‍ട്ടറില്‍ സതീഷിന്റെ എതിരാളി. അസര്‍ബെയ്ജാന്റെ മുഹമ്മദ് അബ്ദുള്ളയേവിനെ 5-0ത്തിനാണ് ഉസ്‌ബെക് താരം തോല്‍പ്പിച്ചത്.

പുരുഷ വിഭാഗം ബോക്സര്‍മാരില്‍ ക്വാര്‍ട്ടറിലെത്തുന്ന ആദ്യ താരമാണ് സതീഷ്. കഴിഞ്ഞ ദിവസങ്ങളില്‍ മനീഷ് കൗഷിക്, വികാസ് കൃഷന്‍, ആഷിഷ് കുമാര്‍ എന്നിവരാണ് പുറത്തായത്. അമിത് പങ്കലാണ് അവശേഷിക്കുന്ന മറ്റൊരു താരം.  വനിതകളില്‍ വെറ്ററിന്‍ താരം മേരി കോമിന് ഇന്ന് പ്രീ ക്വാര്‍ട്ടര്‍ മത്സരമുണ്ട്.

ഇന്ന് വനിതാ ബാഡ്മിന്റണില്‍ പി വി സിന്ധു ക്വാര്‍ട്ടറിലേക്ക് മുന്നേറിയിരുന്നു. ഡെന്‍മാര്‍ക്കിന്റെ മിയ ബ്ലിഷ്‌ഫെല്‍റ്റിനെയാണ് താരം തോല്‍പ്പിച്ചത്. കൂടാതെ ഇന്ത്യയുടെ പുരുഷ ഹോക്കി ടീമും ക്വാര്‍ട്ടറിലെത്തി. അര്‍ജന്റീനയെ 3-1നാണ് ഇന്ത്യ തോല്‍പ്പിച്ചത്.

click me!