ശീതകാല ഒളിംപിക്സ്: ദീപശിഖയേന്തി ഗല്‍വാന്‍ സംഘര്‍ഷത്തില്‍ പരിക്കേറ്റ കമാന്‍ഡര്‍; അപമാനകരമെന്ന് യുഎസ് സെനറ്റര്‍

Published : Feb 03, 2022, 01:50 PM ISTUpdated : Feb 03, 2022, 01:58 PM IST
ശീതകാല ഒളിംപിക്സ്: ദീപശിഖയേന്തി ഗല്‍വാന്‍ സംഘര്‍ഷത്തില്‍ പരിക്കേറ്റ കമാന്‍ഡര്‍; അപമാനകരമെന്ന് യുഎസ് സെനറ്റര്‍

Synopsis

രണ്ടു വര്‍ഷം മുമ്പ് ലഡാക്കിലെ ഗല്‍വാനില്‍ നടന്ന ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ പരിക്കേറ്റ കമാന്‍ഡറെ ദീപശിഖാ പ്രയാണത്തില്‍ പങ്കെടുപ്പിച്ചതിനെതിരെ ഇന്ത്യയിലും എതിര്‍പ്പുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ചൈനീസ് നടപടിയെ പരസ്യമായി വിമര്‍ശിച്ച് യുഎസ് സെനറ്ററും രംഗത്തെത്തിയത്.

ബീജിംഗ്: ചൈന വേദിയാവുന്ന ശീതകാല ഒളിംപിക്സിന്‍റെ (Beijing Winter Olympics) ദീപശിഖാ പ്രയാണത്തില്‍ ഗല്‍വാന്‍ സംഘര്‍ഷത്തില്‍(Galwan clash)പരിക്കേറ്റ സൈനിക കമാന്‍ഡറെ പങ്കെടുപ്പിച്ച തീരുമാനം അപമാനകരമെന്ന് യുഎസ് സെനറ്റര്‍. ഇന്ത്യയുയും ചൈനയും തമ്മിലുണ്ടായ ഗല്‍വാന്‍ സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ പീപ്പിള്‍ ലിബറേഷന്‍ ആര്‍മി റെജിമെന്‍റ് കമാന്‍ഡറായ ക്വി ഫാബാവോയാണ്(Qi Fabao) ഒളിംപിക്സിന്‍റെ ഭാഗമായുളള ദീപശിഖാ പ്രയാണത്തില്‍ ഭാഗമായത്.

രണ്ടു വര്‍ഷം മുമ്പ് ലഡാക്കിലെ ഗല്‍വാനില്‍ നടന്ന ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ പരിക്കേറ്റ കമാന്‍ഡറെ ദീപശിഖാ പ്രയാണത്തില്‍ പങ്കെടുപ്പിച്ചതിനെതിരെ ഇന്ത്യയിലും എതിര്‍പ്പുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ചൈനീസ് നടപടിയെ പരസ്യമായി വിമര്‍ശിച്ച് യുഎസ് സെനറ്ററും രംഗത്തെത്തിയത്. ഇന്ത്യക്കെതിരായ സംഘര്‍ഷത്തില്‍ പങ്കാളിയായ സൈനികന് ദീപശിഖയേന്താന്‍ അവസരം നല്‍കിയത് അപമാനകരമാണെന്ന് യുഎസ് സെനറ്ററും വിദേശകാര്യ ബന്ധങ്ങള്‍ക്കുള്ള സെനറ്റ് കമ്മിറ്റിയുടെ റാങ്കിംഗ് മെമ്പറുമായ ജിം റിഷിച്ച് പറഞ്ഞു. ഉയിഗുര്‍ മുസ്ലീങ്ങള്‍ക്കെതിരായ വംശഹത്യയെയും അപലപിച്ച റിഷിച്ച്  സ്വാതന്ത്ര്യത്തിനായുള്ള ഉയിഗുര്‍ മുസ്ലീങ്ങളുടെ പോരാട്ടത്തെയും ഇന്ത്യയുടെ പരാമധികാരത്തെയും പിന്തുണക്കാന്‍ യുഎസ് എല്ലായ്പ്പോഴും പ്രതിജ്ഞാബദ്ധമാണെന്നും പറഞ്ഞു.

2020ല്‍ ലഡാക്കിലെ ഗല്‍വാനില്‍ നടന്ന ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ ചൈനീസ് കമാന്‍ഡറായ ക്വി ഫാബോയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരും നാല് ചൈനീസ് സൈനികരും കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്കെങ്കിലും ചൈനയുടെ ഭാഗത്ത് കൂടുതല്‍ ആള്‍ നാശമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 38 ചൈനീസ് സൈനികരെങ്കിലും സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടിരിക്കാമെന്നാണ് റിപ്പോര്‍ട്ട്.

സംഘര്‍ഷം നടന്ന് എട്ടു മാസത്തിനുശേഷമാണ് നാലു സൈനികരുടെ മരണം പോലും ചൈന സ്ഥിരീകരിച്ചത്. ഗല്‍വാന്‍ സംഘര്‍ഷത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ ഫാബോക്ക് ചൈനയില്‍ ഹീറോ പരിവേഷം ലഭിച്ചിരുന്നുവെന്ന് ചൈനീസ് ദേശീയ മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുദ്ധമുഖത്തേക്ക് തിരിച്ചുപോകാനും വീണ്ടും യുദ്ധം ചെയ്യാനും തയാറാണെന്നു ഡിസംബറില്‍ ചൈനീസ് ദേശീയ ടെലിവിഷന്‍ ചാനലായ സിസിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ഫാബോ പറഞ്ഞിരുന്നു. കൊവിഡ് ആശങ്കകള്‍ക്കിടെ വെള്ളിയാഴ്ചയാണ് ശീതകാല ഒളിംപിക്സിന് ചൈനയില്‍ തിരി തെളിയുന്നത്.

PREV
click me!

Recommended Stories

വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി
ബാസ്കറ്റ് ബോള്‍ പരിശീലനത്തിനിടെ പോള്‍ ഒടിഞ്ഞുവീണ് ദേശീയ താരത്തിന് ദാരുണാന്ത്യം