മുട്ടുമടക്കി കേന്ദ്രം; ​ഗുസ്തി ഫെഡറേഷൻ ഭരണസമിതിയെ സസ്പെൻഡ് ചെയ്തു  

By Web TeamFirst Published Dec 24, 2023, 12:37 PM IST
Highlights

ഫെഡറേഷൻ ഭരണഘടനാ ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. ഗുസ്തി താരങ്ങൾക്ക് മതിയായ സമയം ലഭിച്ചില്ലെന്നും തിടുക്കത്തിൽ ദേശീയ മത്സരങ്ങൾ പ്രഖ്യാപിച്ചെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.

ദില്ലി: ​ഗുസ്തി താരങ്ങളുടെ എതിർപ്പിന് മുന്നിൽ മുട്ടുമടക്കി കേന്ദ്രസർക്കാർ. കഴിഞ്ഞ ദിവസം തെരഞ്ഞെടുത്ത  ദേശീയ ​ഗുസ്തി ഫെഡറേഷൻ ഭരണ സമിതിയെ കേന്ദ്ര കായിക മന്ത്രാലയം സസ്പെൻഡ് ചെയ്തു. ഫെഡറേഷൻ ഭരണഘടനാ ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. ഗുസ്തി താരങ്ങൾക്ക് മതിയായ സമയം ലഭിച്ചില്ലെന്നും തിടുക്കത്തിൽ ദേശീയ മത്സരങ്ങൾ പ്രഖ്യാപിച്ചെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. ഭരണസമിതി യോഗം ചേർന്ന് 15 ദിവസം മുൻപ് നോട്ടീസ് നൽകണം. ഇത് പാലിച്ചില്ലെന്നും ഗുസ്തി ഫെഡറേഷൻ സെക്രട്ടറി ജനറൽ തീരുമാനമെടുക്കുന്നത് അറിഞ്ഞില്ലെന്നും സർക്കാർ വ്യക്തമാക്കി.  അഡ്ഹോക്ക്  കമ്മിറ്റിക്കാകും താത്കാലിക ചുമതല. സസ്പെൻഷനെക്കുറിച്ച് അറിയില്ലെന്ന് പുതിയ അധ്യക്ഷൻ സഞ്ജയ് സിംങ് പ്രതികരിച്ചു

ഗുസ്തി താരങ്ങളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണു നിർണായക നടപടി. ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്റെ അനുയായി സഞ്ജയ് സിങ്ങിനെയായിരുന്നു ഫെഡറേഷന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തത്. ബ്രിജ്ഭൂഷണിന്റെ വിശ്വസ്തൻ അധ്യക്ഷനായതിന് എതിരെ കടുത്ത പ്രതിഷേധമാണ് താരങ്ങളിൽ നിന്നുയർന്നത്. ഗുസ്തി താരം സാക്ഷി മാലിക് കരിയർ അവസാനിപ്പിച്ചു. ബജ്‌രങ് പുനിയ ഉൾപ്പെടെയുള്ള താരങ്ങൾ  സഞ്ജയ് സിങ്ങിനെതിരെ രം​ഗത്തെത്തി. ലൈംഗികാതിക്രമക്കേസിലെ പ്രതിയായ ബ്രിജ് ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ പ്രതിഷേധത്തിലാണ്. ഗുസ്തി താരങ്ങൾ മത്സരിപ്പിച്ച കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ വിജയി അനിത ഷോറന് ആകെ ഏഴുവോട്ടുകൾ മാത്രമാണു ലഭിച്ചത്. 

ബ്രിജ് ഭൂഷന്റെ വിശ്വസ്തർ തന്നെ ഗുസ്തി ഫെഡറേഷനിൽ തെരഞ്ഞെടുക്കപ്പെട്ടതിനെതിരെയായിരുന്നു താരങ്ങളുെട  പ്രതിഷേധം. സാക്ഷി മാലിക്ക് വിരമിക്കൽ പ്രഖ്യാപിച്ചതും ബജ്രംങ് പൂനിയയും വിരേന്ദർ സിംങും പത്മശ്രീ തിരികെ നൽകിയതും പ്രതിഷേധത്തിന്റെ മൂർച്ച കൂട്ടി. .

ബ്രിജ് ഭൂഷന്റെ തട്ടകമായമായ ഉത്തർപ്രദേശിലെ ഗോണ്ടയിൽ മത്സരങ്ങള നടത്താനുളള തീരുമാനത്തിനെതിരെ സാക്ഷി മാലിക്കും കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു.  മത്സരം നടത്താൻ രാജ്യത്ത് മറ്റെവിടെയും സ്ഥലമില്ലെയെന്നായിരുന്നു സാക്ഷിയുടെ ചോദ്യം. അന്താരാഷ്ട്ര ഗുസ്തി ഫെഡറേഷന്റെ വിലക്ക് നിലവിലുളളപ്പോള്  സസ്പെൻഷൻ നടപടി കൂടുതൽ കുരുക്കാകും.  

click me!